കുറുപ്പ് ലൊക്കേഷനില്‍ വിന്റേജ് ബൈക്കും വിന്റേജ് ലുക്കുമായി ദുല്‍ഖര്‍..!

ഏറ്റവുമൊടുവില്‍ സോയ ഫാക്ടറിലൂടെ തന്റെ ആദ്യ ബോളിവുഡ് ചിത്രവുമായെത്തിയ ദുല്‍ഖര്‍ ഇപ്പോള്‍ കുപ്രസിദ്ധ ക്രിമിനല്‍ സുകുമാരാക്കുറുപ്പിന്റെ ജീവിത കഥ പറയുന്ന കുറുപ്പിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ താരം പല ഗെറ്റപ്പുകളിലാണ് സെറ്റില്‍പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത് സെറ്റില്‍ താരം ഒരു എസ് ഡി മോട്ടോര്‍ സൈക്കിളുമായി പക്കാ വിന്റേജ് ലുക്കില്‍ നില്‍ക്കുന്ന ചിത്രമാണ്. മുടി നീട്ടി ബെല്‍ബോട്ടം പാന്റും ധരിച്ച് കൊമ്പന്‍ മീശയുമായി ബൈക്കിലിരിക്കുന്ന താരത്തിന്റെ ചിത്രം ആരാധകര്‍ക്കിടയിലും സിനിമാപ്രേമികള്‍ക്കിടയിലും ബൈക്ക് പ്രേമികള്‍ക്കിടയിലും ഒരു പോലെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ദുല്‍ക്കറിന്റെ തന്നെ സിനിമയിലേക്കുള്ള എന്‍ട്രി നല്‍കിയ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലൂടെ ഇന്ദ്രജിത്തും ദുല്‍ഖറും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കാനൊരുങ്ങുകയാണ്. ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. നടി മായ മേനോന്‍ ദുല്‍ഖറിന്റെ അമ്മയായി വേഷമിടുന്നു.

സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ ഇതിനു മുന്‍പും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ എന്‍എച്ച് 47 ആയിരുന്നു അതില്‍ ശ്രദ്ധേയം. ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ടിജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്.