സിനിമ റെഗുലേറ്ററി അതോറിറ്റി രൂപീകരണം : സര്‍ക്കാര്‍ നീക്കത്തിന് പിന്തുണയുമായി മാക്ട

ചലച്ചിത്ര മേഖലയില്‍ സമഗ്രമാറ്റത്തിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാന്‍പോകുന്ന പുതിയചട്ടങ്ങള്‍ മാക്ട ഫെഡറേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി സ്വാഗതം ചെയ്തു. മലയാള സിനിമാ വ്യവസായത്തിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് വളരെ കാലം മുതലുള്ള മാക്ട ഫെഡറേഷന്‍ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതും സിനിമ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് മാക്ട ഫെഡറേഷന്‍ എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നുവെന്നും ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

സിനിമാ ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്കിങ് സേവനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനോടൊപ്പം തിയറ്ററുകള്‍ പൂര്‍ണമായും ഇ ടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ നികുതി വെട്ടിക്കല്‍ തടയാന്‍ കഴിയുമെന്നും സിനിമാ മേഖലയിലുള്ള തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യാന്‍ സിനിമ റഗുലേറ്ററി അഥോറിറ്റി രൂപീകരിക്കുന്നതോടുകൂടി പരാതിക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിനും സഹായിക്കുമെന്നുമാണ് യോഗം വിലയിരുത്തിയത്.

പുതിയ സിനിമകള്‍ നിര്‍മിക്കുമ്പോള്‍ നിര്‍മാണ കമ്പനിയുടെ പേരും ടൈറ്റിലും രജിസ്ട്രേഷന്‍ ചെയ്യുന്നതിനു സര്‍ക്കാര്‍ തലത്തില്‍ കുറഞ്ഞ നിരക്കില്‍ രജിസ്ട്രേഷന്‍ വേണമെന്ന് മാക്ട ഫെഡറേഷന്റെ ദീര്‍ഘകാലത്തെ ആവശ്യം സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ ഈ മേഖലയില്‍ നിലനിന്നിരുന്ന ചൂഷണം ഒഴിവാകുന്നതായും യോഗം വിലയിരുത്തി. പ്രസിഡന്റ് കെ.പി. രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര, വൈസ് പ്രസിഡന്റ് അജ്മല്‍ ശ്രീകണ്ഠാപുരം, കെ.ജി. വിജയകുമാര്‍, അനില്‍ കുമ്പഴ, സുകുമാരപിള്ള, റോയ് എടവനക്കാട് എന്നിവര്‍ പ്രസംഗിച്ചു.