ഓണ്‍ലൈന്‍ റിലീസിന് കയ്യടിച്ച് കുഞ്ഞെല്‍ദോ തിയേറ്ററിലേക്ക്

‘ലോക്ക് ഡൗണ്‍’ സിനിമാ രംഗത്ത് വമ്പന്‍ ആഘാതമേല്‍പ്പിച്ചതോടെ ചില ചിത്രങ്ങളെല്ലാം തന്നെ ഓണ്‍ലൈനായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്. പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍ ഒ ടി ടി പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനായി റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചതോടെ ഇതിനെ കുറിച്ചും രണ്ട് അഭിപ്രായങ്ങള്‍ സിനിമാ മേഖലയിലുണ്ട്. തീയറ്റര്‍ പ്രവര്‍ത്തകര്‍ക്ക് ആ തീരുമാനം വലിയ തിരിച്ചടിയാകുമെന്നത് തന്നെയാണ് പ്രധാന പ്രശ്‌നം. വിജയ് ബാബു നിര്‍മിക്കുന്ന ജയസൂര്യ ചിത്രം സൂഫിയും സുജാതയുമുള്‍പ്പെടെ വിവിധ ഭാഷകളിലായി ഏഴോളം ചിത്രങ്ങള്‍ ഇങ്ങനെ റിലീസ് ചെയ്യുന്നുണ്ട്
എന്നാല്‍ ഇതിനിടയില്‍ വ്യത്യസ്ഥ നിലപാടുമായെത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ ലിറ്റില്‍ ബിഗ് ഫിലിംസ്. കുഞ്ഞിരാമായണം, എബി, കല്‍ക്കി തുടങ്ങിയ ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച ഈ നിര്‍മ്മാണ കമ്പനിയുടെ പുതിയ ചിത്രമായ കുഞ്ഞെല്‍ദോ ഓണ്‍ലൈനായി റിലീസ് ചെയ്യില്ലെന്ന തീരുമാനം എടുത്തിരിക്കുകയാണ്. ‘കുഞ്ഞെല്‍ദൊ ഞങ്ങളുടെ കൂട്ടുകാരന്റെ ചെറുത്ത് നില്‍പ്പിന്റെ കഥയാണ് എല്ലാം നഷ്ടപെട്ടവന്‍ ജീവിതം തിരിച്ച് പിടിച്ച കഥ തിയറ്ററുകളില്‍ നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ കാണുമ്പോള്‍ കിട്ടുന്ന രോമാഞ്ചം ആണ് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്.. കുഞ്ഞെല്‍ദൊ ഒ ടി ടി റിലീസ് ഇല്ല… തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യും’. നിര്‍മാതാക്കള്‍ അറിയിച്ചു.
അതേസമയം ഒ ടി ടി റിലീസിനെ കുഞ്ഞെല്‍ദൊ നിര്‍മ്മാതാക്കള്‍ അനുകൂലിച്ചിട്ടുണ്ട്. തീയേറ്ററുകാര്‍ നിര്‍മ്മാതാക്കള്‍ക്ക് കാശ് പോലും കൃത്യമായി കൊടുക്കാറില്ല. നല്ല സിനിമകള്‍ കാണാന്‍ ആളുകള്‍ എത്ര ദൂരെ വേണമെങ്കിലും പോകും. തിയേറ്ററുകളുടെ മികവ് കൊണ്ടല്ല ജനം സിനിമ കാണാന്‍ എത്തുന്നത്, മറിച്ചു അത് സിനിമയുടെ കണ്ടെന്റിന്റെ മികവ് കൊണ്ടാണെന്നും അവര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.