‘കുടുക്ക് 2025’ റിലീസ് മാറ്റി

കൃഷ്ണ ശങ്കറിനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്യുന്ന ‘കുടുക്ക് 2025’ന്റെ റിലീസ് മാറ്റി. ഓഗസ്റ്റ് 25 ആണ് പുതുക്കിയ തിയതി. ഓഗസ്റ്റ് 19ന് ഈ ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ദുര്‍ഗ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘ഹായ് സുഹൃത്തുക്കളെ.. ഞങ്ങളുടെ ‘കുടുക്ക് 2025’ എന്ന സിനിമയുടെ റിലീസ് തിയതി 2022 ഓഗസ്റ്റ് 25-ലേക്ക് മാറ്റിയതായി നിങ്ങളെ അറിയിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ ഈ കാലതാമസത്തില്‍ നിങ്ങളെ നിരാശരാകാന്‍ ഞങ്ങള്‍ അനുവദിക്കുന്നില്ല. സിദ്ധ് ശ്രീറാമിന്റെയും ഭൂമിയുടെയും വോക്കലുകളോട് കൂടിയ ‘മാരന്‍’ എന്ന തമിഴ് ഗാനം ഞങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കുന്നു.. ഉടന്‍ വരുന്നു’, എന്നാണ് റിലീസ് തിയതി പങ്കുവച്ച് കൊണ്ട് ദുര്‍ഗ കുറിച്ചത്.

കൃഷ്ണ ശങ്കറിന്റെ വ്യത്യസ്ത ഗെറ്റപ്പുകൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് കുടുക്ക്. പതിവ് കഥാപാത്രങ്ങളില്‍ നിന്ന് മാറിയുളള ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും താരത്തിന് ലഭിച്ചത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പാട്ടുകളും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു.

അള്ള് രാമേന്ദ്രന്’ ശേഷം സംവിധായകന്‍ ബിലഹരി ഒരുക്കുന്ന ചിത്രം 2025ലെ കഥയാണ് പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കുടുക്കിലെ ഒരുഗാന രംഗവുമായി ബന്ധപ്പെട്ട് നടി ദുര്‍ഗയ്ക്ക് എതിരെ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളായിരുന്നു ഇതിന് കാരണം. ഇക്കാര്യത്തില്‍ പ്രതികരണവുമായി കൃഷ്ണ ശങ്കറും ദുര്‍ഗയുടെ ഭര്‍ത്താണ് അര്‍ജുന്‍ രവീന്ദ്രനും രംഗത്തെത്തിയിരുന്നു. കേവലം ഒരു ലിപ്ലോക്കിന്റെ പേരില്‍ തന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവര്‍ക്ക് ഒരു ലോഡ് പുച്ഛമാണ് ഉത്തരമായി നല്‍കാനുള്ളതെന്നാണ് അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ വിധം ദുര്‍ഗ്ഗക്ക് പൂര്‍ണ സപ്പോര്‍ട്ട് തന്റെയും കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടര്‍ന്നും ഉണ്ടാകുമെന്നും അര്‍ജുന്‍ കുറിച്ചിരുന്നു.