പ്രശസ്ത മിമിക്രി കലാകാരനും അഭിനേതാവുമായ കോട്ടയം നസീറിന്റെ പ്രത്യേകതയെന്നത് പെര്‍ഫെക്ഷനായിരുന്നു. താരങ്ങളുടെ അനുകരണത്തില്‍ പെര്‍ഫെക്ഷനിസ്റ്റായ നസീറിന്റെ ചിത്രരചനയിലെ പെര്‍ഫെക്ഷന്‍ കണ്ട് അമ്പരന്നിരുക്കുകയാണ് വര്‍ണ്ണങ്ങളെ പ്രണയിക്കുന്നവര്‍. അദ്ദേഹം സ്വന്തം കൈപ്പട കൊണ്ട് വരച്ച ‘നിറങ്ങളുടെ സ്വപ്‌നങ്ങള്‍’ എന്ന എക്‌സിബിഷനിലൂടെ അദ്ദേഹം തന്റെ ചിത്രങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ ഓരോ കാഴ്ച്ചക്കാരനും അദ്ദേഹത്തോട് ചോദിച്ചതിങ്ങനെയാണ്.. ‘നിങ്ങള്‍ക്ക് വരക്കാനും അറിയാമോ..?’ പുഞ്ചിരി കൊണ്ട് ആ ചോദ്യങ്ങളെ നേരിട്ട അദ്ദേഹം ഇങ്ങനെ പറഞ്ഞു.”ഞാന്‍ മിമിക്രയിലെത്തുന്നതിന് മുന്‍പേ പരിചയപ്പെട്ട ഒരു ലോകമാണിത്’. കൊച്ചിയിലെ പ്രദര്‍ശനത്തിന് പിന്നാലെ കോഴിക്കോട്ടും തിരുവനനന്തപുരത്തും പ്രദര്‍ശനം നടത്താനൊരുങ്ങുകയാണ് നസീര്‍. നസീറിന്റെ ചിത്രലോകവും, മിമിക്രി ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളും അദ്ദേഹം സെല്ലുലോയ്ഡിനോട് പങ്കുവെക്കുകയാണ്….
. എങ്ങനെയാണ് പെയ്ന്റിങ്ങിലേക്കെത്തുന്നത്…?
റിയലിസ്റ്റിക്ക് പെയ്ന്റിങ്ങ് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. പെയ്ന്റിങ്ങിനായുള്ള യുട്യൂബ് ചാനലുകളിലുടെയാണ് ഞാന്‍ പെയ്ന്റിങ്ങിനെക്കുറിച്ച് ഡീറ്റെയ്‌ലായി പഠിക്കുന്നത്. വാട്ടര്‍ കളറിങ്ങിലാണ് ഞാന്‍ ചെറുപ്പത്തില്‍ തുടങ്ങിയത്. നാട്ടില്‍ പ്രൊഫഷണല്‍ വര്‍ക്ക് ചെയ്ത് കൊണ്ടിരുന്ന സമയത്ത് ഇനാമല്‍ പെയ്ന്റിങ്ങൊക്കെ ചെയ്ത ധൈര്യത്തില്‍ ഓയില്‍ പെയ്ന്റിങ്ങ് തുടങ്ങി. ഇപ്പോ വീണ്ടും തുടങ്ങിയപ്പോള്‍ ഓയിലില്‍ തന്നെ തുടര്‍ന്നു. കുറേ ചിത്രങ്ങള്‍ കണ്ട് ഇന്‍സ്പിരേഷന്‍ ഉള്‍ക്കൊണ്ടാണ് ഞാന്‍ വീണ്ടും പെയ്ന്റിങ്ങിലേക്കെത്തുന്നത്.
. ചിത്രങ്ങള്‍ക്കുള്ളിലെ ചിത്രങ്ങളെ കുറിച്ച്
. കുറേ ചിത്രങ്ങള്‍ ചെയ്ത് കഴിഞ്ഞപ്പോഴാണ് ഇങ്ങനെയുള്ള ചിത്രങ്ങള്‍ പോരാ. എന്റേതായിട്ടുള്ള ഒരു ചിത്രം വേണമെന്ന് തോന്നുന്നത്. ഞാന്‍ വരക്കാനായി ഡൗണ്‍ലോഡ് ചെയ്ത ഒരു കടുവയുടെ ചിത്രം ഫോണില്‍ കാണുമ്പോള്‍ അതില്‍ ഒരുപാട് രൂപങ്ങള്‍ കണ്ടു. ആ ഒരു ഇന്‍സ്പിറേഷന്‍ എന്റെ മറ്റു ചില ചിത്രങ്ങളിലും കാണാം. പൂച്ച എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു ജീവിയാണ്. എന്റെ കയ്യൊപ്പുള്ള കുറച്ച് ചിത്രങ്ങള്‍ കൂടി വരയ്ക്കണമെന്നുണ്ട്. സിനിമയുടെ ഷൂട്ടിങ്ങ് ഇടവേളകളിലൊക്കെ ഞാന്‍ വരക്കാറുണ്ട്. കഥ പറയുമ്പോള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയില്‍ വെച്ച് ഞാന്‍ നാല് ചിത്രങ്ങള്‍ വരച്ചിരുന്നു. വാട്ടര്‍ കളറിലാണ് വരച്ചത്. അവയെല്ലാം പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൂച്ചയുടെ കുടുംബത്തിലെ ജീവികളെ തന്നെയാണ് അതിലും വരച്ചിട്ടുള്ളത്. ഒരിലക്ക് പുറകില്‍ മറഞ്ഞ് നിന്ന് നോക്കുന്ന ഒരു കടുവ, അതുപോലെ ഒരു ചീറ്റപ്പുലി മുകളിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രം, അവയൊക്കെയാണ് ചിത്രങ്ങള്‍. ഇപ്പോള്‍ നിരവധി സ്ഥലങ്ങളില്‍ നിന്ന് എനിക്ക് ഓഫറുകള്‍ വരുന്നുണ്ട്. അവിടെയൊക്കെ ഈ എക്‌സിബിഷന്‍ നടത്തണമെന്ന ആഗ്രഹം എനിക്കുണ്ട്. ഞാന്‍ ഒരു സാധാരണ നടനായതുകൊണ്ട് എനിക്ക് വരക്കാന്‍ ഒരുപാട് സമയവും കിട്ടാറുണ്ട്. ഇനി കോഴിക്കോടും തിരുവനന്തപുരത്തും പ്രദര്‍ശനം നടത്താന്‍ പോവുന്നു. മൃഗങ്ങള്‍ തന്നെയാകും പ്രധാന ആകര്‍ഷണം.
.2018ലെ വിശേഷങ്ങള്‍ …?
. ഞാന്‍ ആദ്യമായി ഒരു പെയ്ന്റിങ്ങ് എക്‌സിബിഷന്‍ നടത്തി. 55-ാളം ചിത്രങ്ങള്‍ അന്ന് പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചു. ഓയില്‍ പെയ്ന്റില്‍ തീര്‍ത്ത വലിയ ചിത്രങ്ങളായിരുന്നു എല്ലാം. കുറേ പേര്‍ പെട്ടെന്നുള്ള ഇങ്ങനെയുള്ള ഒരു തീരുമാനത്തില്‍ എന്നോട് ആശ്ചര്യം പ്രകടിപ്പിച്ചു. സാധാരണ എന്നെ ജനങ്ങള്‍ പുറത്ത് നിന്നൊക്കെ കാണുമ്പോള്‍ എന്റെ മിമിക്രിയെയാണ് അഭിനന്ദിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഇൗ കഴിഞ്ഞ ദിവസം ഞാന്‍ ബഹറിനില്‍ ഒരു ഷോയ്ക്ക് പോയി മടങ്ങി വരുമ്പോള്‍ നിരവധി പേര്‍ എന്റെ പെയ്ന്റിങ്ങിനെ അഭിനന്ദിച്ചു.”നിങ്ങള്‍ ഇമ്മാതിരി ഒരു സാധനം ആണെന്നറിഞ്ഞില്ല, ‘(ചിരിക്കുന്നു) പെയ്ന്റിങ്ങുകളെല്ലാം കലക്കി’ എന്നൊക്കൊയാണ് പറഞ്ഞത്. ഒരുപാട് സന്തോഷം തോന്നി.
പിന്നെ ഞാന്‍ കഥയെഴുതി സംവിധാനം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിം കൂടി പുറത്തിറങ്ങുന്നുണ്ട്. അതിന്റെ ആകാംക്ഷയിലാണ്. ‘കുട്ടിച്ചന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ബി ആന്‍ഡ് ജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനീഷ് എന്നയാളാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്. ജാഫര്‍ ഇടുക്കി, മായ പാര്‍വ്വതി, മറിയ, മായ എന്ന കോമഡി ഷോ താരം എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിലെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അച്ചുവാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിക്കുന്നത്. ക്യാമറ കനകരാജനും നിര്‍വ്വഹിക്കുന്നു. ഒരു സിനിമയുടെ ബഡ്ജറ്റില്‍ തന്നെയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രം ഞാന്‍ മമ്മൂക്കക്കും ലാലേട്ടനും അയച്ചുകൊടുത്തിരുന്നു. ലാലേട്ടന്‍ ചിത്രത്തിന് എനിക്ക് നല്ലൊരു അഭിപ്രായം തന്നു. കൂടാതെ ചിത്രത്തിന് വേണ്ടി ഒരവസാന ടൈറ്റില്‍ നരേഷന്‍ പറയാനായി ഞാന്‍ ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ അദ്ദേഹം അത് പറഞ്ഞ് തരുകയും ചെയ്തു. അത് പോലെ മമ്മൂക്ക ചിത്രം കണ്ടതിന് ശേഷം ഈ കുട്ടിച്ചന്‍ ഞാനാണെന്ന് നീ ആരോടും പറയരുതേ എന്ന് എന്നോട് പറഞ്ഞു.
. മണി ചേട്ടനെ ഏറ്റവും മിസ്സ് ചെയ്യുന്ന ഓര്‍മ്മകള്‍…?
. കൊച്ചിന്‍ കലാഭവനിലൊക്കെ ഞാന്‍ ആദ്യമായി അവസരം ചോദിച്ച് ചെല്ലുമ്പോള്‍ മണിയൊക്കെ അന്നത്തെ വലിയ താരങ്ങളാണ്. അദ്ദേഹത്തിന്റെ സ്‌റ്റേജ് ഷോസൊക്കെ ഞാന്‍ ഏറെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. സമ പ്രായക്കാരും കൂട്ടുകാരുമൊക്കയാണ് ഞങ്ങള്‍. പക്ഷെ സ്റ്റേജിലെത്തിക്കഴിഞ്ഞാല്‍ വ്യത്യസ്ത മനസ്സുകളിലേക്ക് അദ്ദേഹം കയറി ചെല്ലുന്നു. പിന്നെ ഒരു അരമണിക്കൂര്‍ നേരത്തേക്ക് എല്ലാവരും അദ്ദേഹത്തിന്റെ കൈപ്പിടിയിലായിരിക്കും. വളരെ കുറച്ച് കലാകാരന്മാരിലെ ആ ഒരു മാജിക് ഞാന്‍ കണ്ടിട്ടുള്ളു. പലപ്പോഴും ഞാന്‍ മണിയോട് ഞാന്‍ വേദിയില്‍ ആദ്യം കയറട്ടെ എന്ന് ചോദിക്കുമായിരുന്നു. കാരണം എനിക്ക് എന്റെ കഴിവില്‍ അങ്ങനെയൊരു സംശയമുണ്ടായിരുന്നു. പക്ഷെ എപ്പോഴും എനിക്ക് മണി ഒരു അംഗീകാരം തന്നിരുന്നു. ഞാന്‍ വളരെ പെര്‍ഫെക്ഷനോടെ എല്ലാവരെയും അനുകരിക്കുമെന്ന് അദ്ദേഹം തന്റെ പരിപാടികളുടെ ഇടയിലും അഭിമുഖങ്ങളിലുമൊക്കെ പറയാറുണ്ടായിരുന്നു. പരസ്പരം ബഹുമാനിക്കുന്ന രണ്ട് കലാകാരന്മാരായിരുന്നു ഞങ്ങള്‍. ” മണി ഇപ്പോഴും മരിച്ചു എന്ന വിശ്വസിക്കാത്ത് ഒരാളാണ് ഞാന്‍. അദ്ദേഹത്തിന്റെ നന്മ ലോകമുള്ളിടത്തോളം കാലം നിലനില്‍ക്കും ”
.മിമിക്രിയില്‍ താങ്കള്‍ ഉണ്ടാക്കിയെടുത്ത ശൈലി മാറ്റാന്‍ ആര്‍ക്കെങ്കിലും സാധിച്ചതായി തോന്നുന്നുണ്ടോ…?
. ഞാന്‍ മിമിക്രിയില്‍ വരുമ്പോള്‍ ജയറാമേട്ടന്‍, മരിച്ചുപോയ അബിക്കാ എന്നിവരെയൊക്കെ കണ്ടാണ് എനിക്ക് മിമിക്രി ചെയ്യാനുള്ള ഒരു കൊതി തോന്നിത്തുടങ്ങിയത്. അദ്ദേഹത്തെയൊക്കെ കാണാന്‍ സ്‌റ്റേജില്‍ മമ്മൂട്ടിയെപ്പോലെ ഒരാളെത്തുന്നതുപോലെയാണ് അന്ന് ജനങ്ങള്‍ തടിച്ചുകൂടിയിരുന്നത്. അവരുടെ ടീമിനൊപ്പമാണ് ഞാന്‍ വന്നത്. ” അന്നത്തെ ഒരു ഗുണമെന്തെന്നു വെച്ചാല്‍ ദിലീപ്, അബിക്കാ, ജയറാമേട്ടന്‍, ജോര്‍ജേട്ടന്‍, നാദിര്‍ഷ, ഞാന്‍ തുടങ്ങി അഞ്ചോ ആറോ പേര്‍ ചേര്‍ന്നാണ് ഒരു ജുബ്ബയുടെ പുറത്ത് ഒരു ഗിമ്മിക്കുമില്ലാതെ രണ്ടര മണിക്കൂറോളം പ്രേക്ഷകരെ തമാശകള്‍ മാത്രം പറഞ്ഞ് പ്രോക്ഷകരെ ചിരിപ്പിക്കുന്നത് ”. അതില്‍ അനുകരണമുണ്ട്, മനോഹരമായ സ്‌കിറ്റുകളുണ്ട്, ശബ്ദ വിന്യാസങ്ങള്‍കൊണ്ടുള്ള ഒരുപാട് പരിപാടികള്‍ കാണിക്കുന്നുണ്ട്. അതായത് ഒരു ഫീമെയ്ല്‍ കഥാപാത്രത്തിന് ഒരു ഷാളിടും, ഗുണ്ടയാണെങ്കില്‍ മുണ്ടക്കെ ഒന്ന് മടക്കിക്കുത്തി തലയില്‍ ഒരു കെട്ടും കെട്ടി..വളരെ ചെറിയ വേഷ വിധാനങ്ങളുമായിരുന്നു പരിപാടികളില്‍.. അന്ന് ചിരിയിലായിരുന്നു പ്രാധാന്യം. പിന്നീട് ഞാന്‍ വന്നപ്പോള്‍ സിനിമാതാരങ്ങളെയും രാഷ്ട്രീയക്കാരെയും അനുകരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടായിരിക്കാം എനിക്ക് ജനങ്ങള്‍ അതിനൊരു നല്ല മാര്‍ക്ക് തന്നു. എനിക്ക് മുന്നേ വരുന്നവരില്‍ നിന്നും കുറച്ചെടുത്ത് എന്റെ സ്വന്തമായ ചേരുവകളും കൂട്ടിച്ചേര്‍ത്താണ് ഞാന്‍ അതില്‍ കുറേ വ്യത്യാസങ്ങള്‍ വരുത്തി. പിന്നീട് വന്ന ഒരുപാട് പേര്‍ അത് ഫോളോ അപ്പ് ചെയ്തവരുണ്ട്. അങ്ങനെയാണ് എപ്പോഴും നമ്മളോരുരുത്തരില്‍ നിന്നും കണ്ടു പഠിക്കുകയാണ്. ഞാന്‍ ഇടക്ക് എന്റെ പഴയ സുഹൃത്തുക്കളോടൊക്കെ പറയും ഇന്നത്തെ കാലത്തൊക്കെ ജനിച്ചാല്‍ മതിയായിരുന്നു എന്ന്. വളരെ കഴിവുള്ള കലാകാരന്മാരാണ് ഇപ്പോള്‍ കടന്നുവരുന്നത്. ചിലരുടെ ഡബ്ബിങ്ങൊക്കെ കാണുമ്പോള്‍ നമ്മുക്ക് അത്ഭുതം തോന്നിപ്പോവുകയാണ്. എന്നാല്‍ ഇപ്പോഴത്തെ തലമുറയിലെ എല്ലാവരും അവരവരുടെ കഴിവുകളില്‍ വിശ്വസിച്ചുകൊണ്ട് തന്നെ ഒരു ഓള്‍റൗണ്ട് പെര്‍ഫോമറായിക്കൂടെ മാറാന്‍ സാധിക്കുന്നില്ല എന്ന ഒരു ആശങ്ക എനിക്കുണ്ട്. അഭിനയിച്ച് ഫലിപ്പിക്കാന്‍ കൂടി അവര്‍ക്ക് സാധിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
.ഇമിറ്റേഷനും മിമിക്രിയും സിനിമയില്‍ എപ്പോഴെങ്കിലും ഒരു ആക്ടിങ്ങിന് തിരിച്ചടിയായിട്ടുണ്ടോ….?
. മിമിക്രിയില്‍ നിന്ന് വരുന്ന എല്ലാവര്‍ക്കും സംഭവിക്കുന്ന ഒരു കാര്യമാണത്. ഒരുപാട് കഥാപാത്രങ്ങളുടെയും അവരുടെ മാനറിസങ്ങളെയും ഉള്ളിലിട്ട് നടക്കുന്ന അവര്‍ക്ക് പെട്ടന്നൊരു കഥാപാത്രത്തെ കിട്ടുമ്പോള്‍ ഒരു കണ്‍ഫ്യൂഷനായിരിക്കും. പണ്ടുപല താരങ്ങളും ചെയ്തിട്ടുള്ളതൊക്കെ അപ്പോള്‍ നമ്മുടെ മെമ്മറിയില്‍ ഓടിപ്പോകും. മിമിക്രിയായതുകൊണ്ട് ചിലപ്പോള്‍ ആ പല ഭാവങ്ങളും മുഖത്തേക്ക് വരും. അപ്പോള്‍ മനസ്സില്‍ പോലും ചിന്തിക്കാത്ത സാഹചര്യങ്ങളില്‍ പോലും ആ വേഷങ്ങളൊക്കെ അറിയാതെ വന്ന് പോവും. ആദ്യമൊക്കെ ഇത് കേട്ട വിഷമമായി.ഞാന്‍ ഒരിക്കല്‍ ദിലീപേട്ടനോട് ഇക്കാര്യം പറഞ്ഞു. അപ്പോള്‍ തനിക്കുണ്ടായ ഇതേ അനുഭവങ്ങള്‍ അദ്ദേഹം എന്നോട് പങ്കുവെക്കുകയും പിന്നീട് കാലക്രമേണ സ്വന്തമായ ഒരു മാനറിസം പുറത്തേക്ക് വരുന്നതിനെക്കുറിച്ച് എനിക്ക് പറഞ്ഞ് തരുകയും ചെയ്തു. അതുപോലെ ഇപ്പോള്‍ ഒരു ഡയലോഗ് എന്റെ രീതിയില്‍ പറയാനുള്ള ഒരു ധാരണയുണ്ട്.
.എന്തൊക്കെയാണ് പുതിയ സിനിമ വിശേഷങ്ങള്‍…?
. പൂവള്ളിയും കുഞ്ഞാടും എന്നൊരു ചിത്രമാണ് പുതിയതായി ചെയ്തിരിക്കുന്നത്. മൂവാറ്റുപുഴക്കാരനായ ഫറൂക്ക് എന്ന പുതുമുഖ സംവിധായാകനാണ് ചിത്രത്തിന്റെ ഡയറക്ടര്‍. ഞാനും ഷമ്മി തിലകന്‍ ചേട്ടനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. രണ്ടു കൂട്ടുകാരുടെ കഥയാണിത്. മണിയന്‍ എന്ന ഒരു വയസ്സനായ കാളവണ്ടിക്കാരനെക്കായാണ് ഞാന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ടുപുതുമുഖങ്ങളാണ് ചിത്രത്തില്‍ നായികനായകന്മാരായെത്തുന്നത്. ഒരു കോമഡി ചിത്രം എന്നതിലുപരി ഒരു നല്ല കഥയും ചിത്രത്തിലുണ്ട്. പിന്നെ മീസാന്‍ എന്നൊരു ചിത്രം കൂടിയുണ്ട്. അതിലും ഒരു സീരിയസ്സായിട്ടുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത്.
.കുടുംബത്തെക്കുറിച്ച്..?
എനിക്കാദ്യം പറയേണ്ടത് എന്റെ ഫാദറിനെക്കുറിച്ചാണ്. എന്റുപ്പ ഒരു ദന്ത ഡോക്ടറായിരുന്നു. അദ്ദേഹം മരിച്ചിട്ട് ഏതാണ്ട് പത്ത് കൊല്ലത്തോളമായി. ഞാന്‍ ഇന്ന് ഈ ക്യാമറക്കു മുന്‍പിലിരിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം അദ്ദേഹമാണ്. എന്റെ മിമിക്രിയെയും പെയ്ന്റിങ്ങിനെയുമൊക്കെ ഇഷ്ടപ്പെടുകയും ഞാനിങ്ങനെ ഒരു കലാകാരനാവണം എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. എന്റെ ഉമ്മച്ചി എന്റെ കൂടെയാണ്. വൈഫ് ഹസീന, ഹൗസ് വൈഫാണ്, രണ്ട് മക്കളുണ്ട്. മൂത്ത ആള്‍ മുഹമ്മദ് നിഹാല്‍, ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞിരിക്കുകയാണ്. വിദേശത്ത് പഠിക്കാനായി പോകാനിരിക്കുകയാണ്. രണ്ടാമത്തെയാള്‍ ഒന്‍പതാം ക്ലാസ്സിലാണ്. മുഹമ്മദ് നൗഫല്‍ എന്നാണ് പേര്. പിന്നെ എന്റെ ബ്രദറും സിസ്റ്ററുമൊക്കെ അടുത്ത് തന്നെയാണ് താമസിക്കുന്നത്. ഞാനിപ്പോഴും കറുകച്ചാല്‍ തന്നെയാണ് താമസിക്കുന്നത്. എനിക്ക് വളരെ പ്രിയപ്പെട്ട സ്ഥലമാണ്.