എഫ്‌സിസിഐ പുരസ്‌കാരം- ഈ.മ.യൗ മികച്ച ഇന്ത്യന്‍ സിനിമ

2018ലെ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള ഇന്ത്യന്‍ ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ (എഫ്‌സിസിഐ) പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈമയൗവിന്. രാജ്യത്തെ പ്രധാനപ്പെട്ട 23 നിരൂപകരുടെ വോട്ടിങ്ങിലൂടെയാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ഇന്ത്യന്‍ ചിത്രമായി ‘ഈമയൗ’ തെരഞ്ഞെടുത്തത്. നേരത്തേ ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയില്‍ ലിജോ ജോസ് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ചെമ്പന്‍ വിനോദ് മികച്ച നടനുള്ള പുരസ്‌കാരവും നേടിയിരുന്നു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളോട് മത്സരിച്ചാണ് ഈമയൗ പുരസ്‌കാരം സ്വന്തമാക്കിയത്. രാഹി അനില്‍ ബാര്‍വെയുടെ ‘തുംബാദ്’, റിമാ ദാസിന്റെ ‘ബുള്‍ബുള്‍ കാന്‍ സിങ്ങ്’, ആദിത്യ വിക്രം സെന്‍ഗുപ്തയുടെ ‘ജോനകി’ എന്നിവയെ അവസാന റൗണ്ടില്‍ പരാജയപ്പെടുത്തിയാണ്‌ ഈമയൗ മുന്നേറിയത്. ‘ഭയാനകം’, , ‘സുഡാനി ഫ്രം നൈജീരിയ’, ‘വട ചെന്നൈ’ തുടങ്ങിയ ചിത്രങ്ങള്‍ ആദ്യ റൗണ്ടിലെത്തിയിരുന്നു.

പിഎഫ് മാത്യൂസിന്റെ ചാവുനിലം എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെയാണ് ഈ.മ.യൗ എന്ന തിരക്കഥ രചിച്ചത്. ചെമ്പന്‍ വിനോദ്, വിനായകന്‍, കൈനകിരി തങ്കരാജ് പോളി വില്‍സണ്‍, ദിലീഷ് പോത്തന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.