കോട്ടയത്ത് ആംബുലന്‍സിന് വഴികാട്ടി താരമായ പൊലീസ് ഓഫീസര്‍ ഇനി സിനിമയിലേക്ക്…

സമൂഹമാധ്യമങ്ങളില്‍ വൈറലായ വ്യക്തികളെയും സംഭവങ്ങളെയും ആസ്പദമാക്കി നിര്‍മ്മാദാവ് നൗഷാദ് ആലത്തൂര്‍ ഒരുക്കുന്ന ചിത്രത്തില്‍, കോട്ടയത്ത് ആംബുലന്‍സിന് വഴികാട്ടി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാറും ഇനി പ്രധാന വേഷത്തിലെത്തുകയാണ്. കോട്ടയം ടൗണിലെ ട്രാഫിക് ബ്ലോക്കിലേക്കാണ് സൈറനിട്ട് എത്തിയ ആംബുലന്‍സിനെയാണ് തന്റെ പരിശ്രമം കൊണ്ട് ഡ്യൂട്ടിലുണ്ടായിരുന്ന ഹൈവേ പൊലീസ് രഞ്ജിത്ത് കുമാര്‍ ഓടിയെത്തി വഴിയൊരുക്കിയത്. ആന്‍ബുലന്‍സിന്റെ ക്യാമറയില്‍ പതിഞ്ഞ ഈ രംഗങ്ങളുടെ വിഡിയോ ഡ്രൈവര്‍ തന്നെ പുറത്ത് വിട്ടതോടെ നിരവധി പേര്‍ രഞ്ജിത്തിന് അഭിനന്ദനങ്ങളുമായെത്തിയിരുന്നു. ഇത് കണ്ടപ്പോള്‍ തന്നെ യഥാര്‍ഥ ജീവിതത്തിലെ ഈ നായകന് തന്റെ സിനിമയില്‍ അവസരം കൊടുക്കണമെന്ന് നൗഷാദ് ആലത്തൂര്‍ എന്ന നിര്‍മ്മാതാവ് തീരുമാനിക്കുകയായിരുന്നു.

ആടുപുലിയാട്ടം , തോപ്പില്‍ ജോപ്പന്‍ , കുട്ടനാടന്‍ മാര്‍പ്പാപ്പ , ഉട്ട്യോപ്പയിലെ രാജാവ് തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് നൗഷാദ് ആലത്തൂര്‍. എട്ട് നവാഗത സംവിധായകര്‍ ചേര്‍ന്നു സംവിധാനം ചെയ്യുന്ന നൗഷാദിന്റെ ചിത്രത്തിലെ മിക്ക അഭിനേതാക്കളും ജീവിതത്തിലെ പ്രതിസന്ധികളോട് പോരാടിയവരാണ്. ജീവിക്കാനായി മീന്‍ വില്‍ക്കേണ്ടി വന്ന വിദ്യാര്‍ത്ഥിനി ഹനാനെ, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കുന്നതിന് തലേന്ന് അപകടത്തില്‍ കാലൊടിഞ്ഞ സൗഭാഗ്യ എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, രണ്ടു കൈകളുമില്ലാത്ത, ഒരു സ്വകാര്യ ചാനലില്‍ കാലുകള്‍കൊണ്ട് ചിത്രം വരച്ചു ഗാനം ആലപിച്ചു വൈറല്‍ ആയി മാറിയ പ്രണവ്, പട്ടുറുമാല്‍ പരിപാടിയിലൂടെ ശ്രദ്ധേയയായ ഹസ്‌ന , കമല്‍ഹാസന്‍ നേരിട്ട് അഭിനന്ദിച്ച ഉണ്ണി ആര്‍ എന്ന യുവഗായകന്‍ എന്നിവരും നൗഷാദിന്റെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഒപ്പം തന്റെ മകന്റെ ചികിത്സക്ക് വഴിയില്ലാതെ ബുദ്ധിമുട്ടിയ സീരിയല്‍ സിനിമാ താരം സേതുലക്ഷ്മി ചേച്ചിക്കും ചിത്രത്തില്‍ ഒരു വേഷവും ധനസഹായവും അദ്ദേഹം നല്‍കി.

സംവിധായകരെയും തിരകഥാകൃത്തിനേയും തിരഞ്ഞെടുത്തതും സമൂഹമാധ്യമത്തിലെ ജനകീയ വോട്ടെടുപ്പിലൂടെയാണ്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍ക്കായുള്ള ഓഡീഷന്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.