‘കൊത്ത്’ ആദ്യഘട്ടം പൂര്‍ത്തിയായി

രഞ്ജിത് നിര്‍മ്മിക്കുന്ന ‘കൊത്ത്’ സിബി മലയില്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഒന്നാംഘട്ട ചിത്രീകരണം കോഴിക്കോട് പൂര്‍ത്തിയായി. കൃത്യമായ കോവിഡ് നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു ഷൂട്ടിങ്ങിന്റെ ആദ്യം മുതല്‍ അവസാനം വരെ നീങ്ങിയത്. ചിത്രീകരണത്തില്‍ പങ്കെടുത്ത മുഴുവന്‍ താരങ്ങള്‍ക്കും ടെക്‌നീഷ്യന്‍ മാര്‍ക്കും കൊവിഡ് നെഗറ്റീവ് ആണെന്നുള്ള ഫലത്തോടെ ആദ്യഘട്ടം അവസാനിച്ചുവെന്ന് രഞ്ജിത് തന്നെയാണ് അറിയിച്ചത്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ചിത്രമായ സമ്മര്‍ ഇന്‍ ബെത്‌ലഹേമിനു ശേഷം സംവിധായകരായ സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലിയാണ് ഈ ചിത്രത്തില്‍ മുഖ്യവേഷത്തില്‍ എത്തുന്നത്. റോഷന്‍ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുല്‍, നിഖില വിമല്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറാണ്. നാടക രംഗത്ത് സജീവമാണ് ഹേമന്ദ് കുമാര്‍. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധേയനായ സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ്.