യൂറിന്‍ തെറാപ്പി എനിക്ക് ഒരുപാട് ഗുണം ചെയ്തു; കൊല്ലം തുളസി

യൂറിന്‍ തെറാപ്പി തനിക്ക് ഒരുപാട് ഗുണം ചെയ്തുവെന്ന് നടന്‍ കൊല്ലം തുളസി. ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു കൊല്ലം തുളസി.മൂത്രപാനം ചെയ്താലുളള ഗുണങ്ങളെ പറ്റിയും, തന്റെ അനുഭവങ്ങളും കൊല്ലം തുളസി പങ്കുവെച്ചു.

തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും കൊല്ലം തുളസി പറഞ്ഞു.എനിക്ക് കാന്‍സറുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. മുട്ടുവേദനയുണ്ട്. എഴുന്നേറ്റ് നടക്കാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള പ്രശ്നങ്ങളുണ്ട്. എന്നാല്‍ മൂത്രം കുടിക്കാന്‍ ആരംഭിച്ചതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചു. അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പിയെക്കുറിച്ചും ശാസ്ത്രീയമായി പഠിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് ഞാന്‍ അത് ചെയ്യാന്‍ ആരംഭിച്ചത്. രാവിലെ എഴുന്നേറ്റാല്‍ 200 മില്ലിയോളം മൂത്രം കുടിക്കും. കൂടാതെ ഞാന്‍ മൂത്രം ശേഖരിച്ച് വയ്ക്കാറുമുണ്ട്. ശേഖരിച്ച് രണ്ട് മാസങ്ങള്‍ കഴിഞ്ഞ മൂത്രത്തില്‍ എന്റെ കാലുകള്‍ അതില്‍ ഇറക്കിവയ്ക്കാറുണ്ട്. എന്റെ കാലുവേദന മാറി. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. ശബ്ദം പോയപ്പോള്‍ ഒരുപാട് തവണ സ്‌കാന്‍ ചെയ്തുവെങ്കിലും രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മൂത്രം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടി അതുമാത്രമല്ല പുരാണങ്ങളിലൊക്കെ ഇതിനെ കുറിച്ച് പരാമര്‍ശമുണ്ടെന്നും കൊല്ലം തുളസി പറഞ്ഞു.

മലയാളചലച്ചിത്ര-ടെലിവിഷന്‍ മേഖലകളിലെ ഒരു അഭിനേതാവാണ് കെ.കെ. തുളസീധരന്‍ നായര്‍ എന്ന കൊല്ലം തുളസി. പല ചിത്രങ്ങളിലെയും ഇദ്ദേഹത്തിന്റെ വില്ലന്‍ കഥാപാത്രങ്ങള്‍ ശ്രദ്ധേയങ്ങളായിട്ടുണ്ട്. അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്‌കാരം ഒരു പരാജിതന്റെ മോഹങ്ങള്‍ എന്ന പേരില്‍ ‘മനോരമ മ്യൂസിക്‌സ്’ പുറത്തിറക്കിയിട്ടുണ്ട്.