കെ.കെ ശൈലജ ടീച്ചറെ മന്ത്രിയാക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനക്കുമ്പോള്‍ ചലച്ചിത്ര രംഗത്തുള്ളവരും ചര്‍ച്ചയില്‍ സജീവമാകുന്നു.
തെറ്റായി പോയ തീരുമാനം, കാലം മറുപടി പറയുമെന്നാണ് സംവിധായകന്‍ ബോബന്‍ സാമുവല്‍ പ്രതികരിച്ചത്. ബോബന്‍ സാമുവലിനെ കൂടാതെ റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ളവരും പ്രതിഷേധവുമായി സജീവമായി. പെണ്ണിനെന്താ കുഴപ്പം എന്നാണ് റിമ ചോദിച്ചത്. ഗംഭീര റെക്കോര്‍ഡ് വിജയവും 5 വര്‍ഷത്തെ ലോകോത്തര സേവനവും നിങ്ങള്‍ക്ക് സിപിഐ (എം) ല്‍ ഇടം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍, എന്ത് ചെയ്യാനാകും?. റിമ കുറിച്ചു. കെ കെ ശൈലജ ടീച്ചര്‍ ഈ ജനവിധി നിങ്ങള്‍ക്കായി തന്നതാണ്. നിങ്ങളുടെ കഠിനാധ്വാനത്താല്‍ ഈ പാര്‍ട്ടിയുടെ മനുഷ്യമുഖമായതിനാല്‍ തന്ന വിധി.എന്നാണ് റിമ എഴുതിയത്.
അതേസമയം പാര്‍ട്ടിയാണ് തന്നെ മന്ത്രിയാക്കിയതെന്നും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സംതൃപ്തിയുണ്ടെന്നും കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കിയതില്‍ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുണ്ടല്ലോ എന്ന ചോദ്യത്തിന്, ഏത് പ്രശ്‌നമായാലും ഇങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാവുമല്ലോ. അതുകൊണ്ട് അത്തരത്തില്‍ ഒരു അഭിപ്രായപ്രകടനം ഉണ്ടാവേണ്ട കാര്യമില്ലെന്നാണ് കരുതുന്നത് എന്നായിരുന്നു ശൈലജയുടെ പ്രതികരണം. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍. പാര്‍ട്ടി തീരുമാനിച്ചിട്ടാണ് താന്‍ മന്ത്രിയായത്. കഴിയാവുന്നത്ര ഉത്തരവാദിത്തം നിര്‍വഹിച്ചിട്ടുണ്ട്. വളരെ നല്ല പുതിയ ടീം ആണ് വരുന്നത്. അവര്‍ക്ക് വളരെ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത് ശൈലജ പ്രതികരിച്ചു.
താന്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറുന്നത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ഇതൊരു സംവിധാനമാണ്, വ്യക്തിയല്ല. ഒരു സംവിധാനമാണ് ഇതെല്ലാം നിര്‍വഹിക്കുന്നത്. ആ സംവിധാനത്തിന്റെ തലപ്പത്ത് താന്‍ ആയിരുന്നപ്പോള്‍ അത് കൈകാര്യം ചെയ്തു. ഞാന്‍ മാത്രമല്ലല്ലോ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വലിയൊരു ടീം അല്ലേ അത് കൈകാര്യം ചെയ്തിരുന്നതെന്നും ശൈലജ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നന്ദി പറഞ്ഞ ശൈലജ, ഇനി വരുന്ന മന്ത്രിസഭയ്ക്കും അതേ പിന്തുണ നല്‍കണമെന്നും അഭ്യര്‍ഥിച്ചു.