
‘കെ.ജി.എഫ് 2’ എന്ന വൻ വിജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ യഷ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്സ്’ സമ്മിശ്ര പ്രതികരണങ്ങളും കടുത്ത ട്രോളുകളും നേരിടുന്ന പശ്ചാത്തലത്തിൽ, ചിത്രത്തിനും യഷിനും പരസ്യ പിന്തുണയുമായി കന്നഡ സൂപ്പർതാരം കിച്ച സുദീപ്. ഒരു വലിയ വിജയത്തിന് ശേഷം പതിവു കൊമേഴ്സ്യൽ ഫോർമുലകളിൽ തന്നെ സുരക്ഷിതമായി തുടരാതെ, വേറിട്ടൊരു വഴി തിരഞ്ഞെടുക്കാൻ ധൈര്യം കാണിച്ച യഷിന്റെ പരീക്ഷണ മനസ്സിനെ സുദീപ് അഭിനന്ദിച്ചു. തന്റെ ഔദ്യോഗിക ‘എക്സ്’ (X) അക്കൗണ്ടിലൂടെയായിരുന്നു സുദീപിന്റെ പ്രതികരണം.
മാമൂൽ ശൈലികളിൽ നിന്ന് മാറി നടക്കാൻ അസാമാന്യ ധൈര്യവും ഉറച്ച ബോധ്യവും ആവശ്യമാണെന്ന് അദ്ദേഹം കുറിച്ചു. സിനിമ കാണുന്ന പ്രേക്ഷകരിൽ വലിയ സംവാദങ്ങൾക്കും ചിന്തകൾക്കും വഴിതുറക്കുന്ന നിരവധി ഘടകങ്ങൾ ‘ടോക്സിക്’ എന്ന ചിത്രത്തിലുണ്ടെന്നും അത്തരമൊരു അസാധാരണ ശ്രമം നടത്തിയ അണിയറപ്രവർത്തകർ അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും സുദീപ് കൂട്ടിച്ചേർത്തു.
പോർച്ചുഗീസ് കൊളോണിയൽ കാലഘട്ടത്തിലെ ഗോവയുടെ പശ്ചാത്തലത്തിൽ ഒരു ഗ്യാങ്സ്റ്ററുടെ വളർച്ചയും തളർച്ചയും ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് ‘ടോക്സിക്’. ബോക്സ് ഓഫീസിൽ ചിത്രം മികച്ച രീതിയിൽ കളക്ഷൻ നേടുന്നുണ്ടെങ്കിലും, യഷിന്റെ മുൻ ചിത്രങ്ങളിലെ മാസ് ആക്ഷൻ ശൈലി പ്രതീക്ഷിച്ചെത്തിയ ഒരുവിഭാഗം പ്രേക്ഷകരിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ മാസ് ചിത്രങ്ങളുടെ ചട്ടക്കൂടുകൾ തകർക്കുന്ന പരീക്ഷണ ചിത്രമെന്ന നിലയിലാണ് സിനിമയെ ആരാധകരും സിനിമാപ്രേമികളും കാണുന്നത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് യഷ് എത്തുന്നത്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുഗ്മിണി വസന്ത് തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കെവിഎൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട്ട് കെ. നാരായണയും യഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.