
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത യഷ് ചിത്രം ‘ടോക്സിക്: എ ഫെയറി ടെയ്ൽ ഫോർ ഗ്രോൺ അപ്സി’ലെ ‘തബാഹി’ എന്ന പുതിയ വീഡിയോ ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ നടി കിയാര അദ്വാനിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ കടുത്ത വിമർശനവും സൈബർ ആക്രമണവും. ഗാനരംഗത്തിലെ തീവ്രമായ പ്രണയ-ഇന്റിമേറ്റ് രംഗങ്ങളെ ചൊല്ലിയാണ് പ്രധാനമായും വിമർശനം ഉയരുന്നത്. നടിമാരായ കാജൾ അഗർവാൾ, സായ് പല്ലവി എന്നിവർ മുൻപ് ചുംബന, ബിക്കിനി രംഗങ്ങളെക്കുറിച്ച് വ്യക്തമാക്കിയ നിലപാടുകൾ ചൂണ്ടിക്കാട്ടിയും അവരുമായി താരതമ്യം ചെയ്തുമാണ് ഒരു വിഭാഗം ആരാധകർ കിയാരയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിനോട് അടുക്കവെ രണ്ടുദിവസം മുമ്പാണ് ‘തബാഹി’ എന്ന വീഡിയോ സോങ് പുറത്തുവിട്ടത്. ഇതിനുമുമ്പ് പാട്ടിന്റെ ലിറിക്കൽ വീഡിയോ എത്തിയിരുന്നു. വിഖ്യാത പേർഷ്യൻ കവി റൂമിയുടെ പ്രശസ്തമായ വരികളോടെ ആരംഭിക്കുന്ന, നാലുമിനിറ്റിലധികം ദൈർഘ്യമുള്ള ഗാനരംഗത്തിൽ യഷും കിയാരയും തമ്മിലുള്ള മികച്ച കെമിസ്ട്രിയാണ് ദൃശ്യമാകുന്നത്. റെട്രോ ശൈലിയിലുള്ള പശ്ചാത്തലത്തിൽ വിന്റേജ് കാറുകളും മറ്റും ഉൾപ്പെടുത്തിയാണ് ഗാനം ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. റഗ്ഗ്ഡ് ലുക്കിൽ യഷ് എത്തുമ്പോൾ ക്ലാസിക് യൂറോപ്യൻ ശൈലിയിലാണ് കിയാര പ്രത്യക്ഷപ്പെടുന്നത്. നയൻതാര, താര സുതാരിയ എന്നിവരും ഈ ഗാനരംഗത്തിൽ വന്നുപോകുന്നുണ്ട്.
വിശാൽ മിശ്ര സംഗീതം നൽകി ആലപിച്ച ഈ ഗാനത്തിന്റെ ഹിന്ദി വരികൾ തയ്യാറാക്കിയത് രാജ് ശേഖറാണ്. ഹിന്ദി കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലും ലഭ്യമായ ഗാനം നിലവിൽ സാമൂഹികമാധ്യമങ്ങളിൽ ട്രെൻഡിങ് ആണ്. പാട്ടിന്റെ മലയാളം പതിപ്പിലെ വരികൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്.
ബിക്കിനി സീനുകളിൽ അഭിനയിക്കാൻ എനിക്ക് താത്പര്യമില്ല. സ്വകാര്യ ഭാഗങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് ഇഷ്ടമല്ല. ഒരുപരിധിക്കപ്പുറമുള്ള ഇന്റിമേറ്റ് രംഗങ്ങളിൽ എനിക്ക് അഭിനയിക്കാൻ കഴിയില്ല’, എന്നായിരുന്നു ഒരാഴ്ച മുമ്പ് കാജൾ ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
നാഗചൈതന്യക്കൊപ്പം അഭിനയിച്ച ലവ് സ്റ്റോറി എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കവൈയായിരുന്നു സായ് പല്ലവി തൻ്റെ നിലപാട് വ്യക്തമാക്കിയത്. സ്ക്രീനിൽ ഒരിക്കലും ചുംബന രംഗങ്ങൾ ചെയ്യില്ലെന്നാണ് തൻ്റെ നിലപാടെന്ന് നടി പറഞ്ഞു. ‘ഞാൻ ഒരിക്കലും ചുംബന രംഗങ്ങളിൽ അഭിനയിക്കില്ല. അതെൻ്റെ നിലപാടിന് എതിരാണ്. ലവ് സ്റ്റോറിയിലെ ചുംബന രംഗത്തിൽ, നാഗചൈതന്യ ശരിക്കും എന്നെ ചുംബിക്കുന്നില്ല. ക്യാമറാ ആംഗിളിൻ്റെ പ്രത്യേകതകൊണ്ട് അങ്ങനെ തോന്നുന്നതാണ്. എൻ്റെ നിലപാട് ഞാൻ സംവിധായകനെ അറിയിച്ചിരുന്നു. അദ്ദേഹം ഒരിക്കലും എന്നെ നിർബന്ധിച്ചില്ല. ചുംബിക്കുന്നില്ല എന്നതുകൊണ്ട് ആ സീനിന്റെ പ്രാധാന്യം കുറയില്ല’, നടി കൂട്ടിച്ചേർത്തു.