
ഒരു നടിയുടെ പേര് വില കുറഞ്ഞ തമാശകൾ പറയുന്നതിനായുള്ള ഉപാധിയല്ലെന്ന് തുറന്നടിച്ച് നടി ഖുശ്ബു. നടി നയൻതാരയ്ക്കെതിരെ എഐഎഡിഎംകെ എംപി സി വി ഷൺമുഖം നടത്തിയ മോശം പരാമർശത്തിനെതിരെയായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഖുശ്ബു തന്റെ വിമർശനം രേഖപ്പെടുത്തിയത്.
“സ്ത്രീകൾ – പ്രത്യേകിച്ച് സ്ത്രീ അഭിനേതാക്കൾ – നിങ്ങളുടെ സ്വത്തല്ല, നിങ്ങളുടെ സംസാര വിഷയങ്ങളുമല്ല, അല്ലെങ്കിൽ സൗകര്യപ്രദമാകുമ്പോഴെല്ലാം എല്ലാവർക്കും അവരുടെ സംഭാഷണങ്ങളിൽ ഉന്നയിക്കാൻ കഴിയുന്ന ഒരു ഉപഭോഗ വസ്തുവല്ല. ഒരു വനിതാ അഭിനേതാവിന്റെ പേര് വിലകുറഞ്ഞ തമാശകൾക്കോ, നിസ്സാരമായ അപമാനങ്ങൾക്കോ, സ്വന്തം വാദത്തെ ന്യായീകരിക്കാനോ ഉള്ള ഒരു ഉപകരണമല്ല. മറ്റുള്ളവരെ പരിഹസിക്കാനോ അല്ലെങ്കിൽ ഒരു കാര്യം തെളിയിക്കാനോ ഒരു സ്ത്രീയുടെ ഐഡന്റിറ്റി ഉപയോഗിക്കുന്നത് ആ പ്രഭാഷകന്റെ മാനസികാവസ്ഥയെയും വളർന്നുവന്ന രീതിയെയും തുറന്നുകാട്ടുകയേ ഉള്ളൂ.
മതി, ഇവിടെ നിർത്താം. ഈ ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീയിൽ നിന്നാണ് ജനിച്ചത്. ഒരു നടിയെക്കുറിച്ച് വെറുതേ അഭിപ്രായം പറയുന്നതിനു മുൻപ് സ്വയം ഒന്ന് ചോദിക്കുക – ആ ഉദാഹരണം നിങ്ങളുടെ അമ്മയെക്കുറിച്ചോ, സഹോദരിയെക്കുറിച്ചോ, ഭാര്യയെയോ, മകളെയോ, അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കുടുംബത്തിലെ ഒരാളെക്കുറിച്ചോ ആണെങ്കിൽ, നിങ്ങളും ഈ രീതിയിൽ സംസാരിക്കുമോ ?.
ആളുകൾ ഇത്തരം അപമാനകരമായ അഭിപ്രായങ്ങൾ പറയുമ്പോൾ, അവർ പരാമർശിക്കുന്ന സ്ത്രീയെ അപമാനിക്കുകയല്ല ചെയ്യുന്നത്. മറിച്ച്, അവർ അവരുടെ സ്വന്തം മാനസികാവസ്ഥ, മോശം വളർത്തൽ, മാനുഷിക മര്യാദയുടെ അടിസ്ഥാന അഭാവം എന്നിവ തുറന്നുകാട്ടുക മാത്രമാണ് ചെയ്യുന്നത്. ഇത് അനാദരവ് മാത്രമല്ല. ഇത് മനുഷ്യരാശിക്ക് അപമാനമാണ്. ഒപ്പം ഓർക്കുക, ബഹുമാനം ഒരിക്കലും ഒരു വൺ-വേ സ്ട്രീറ്റ് അല്ല.” ഖുശ്ബു കുറിച്ചു.
വില്ലുപുരത്ത് സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു റാലിയിൽ സംസാരിക്കവേയായിരുന്നു എംപിയുടെ വിവാദപരാമർശം. ”സ്വപ്നമെന്താണെന്ന് പറയാനാണ് മുഖ്യമന്ത്രി പറയുന്നത്. നയൻതാരയെ വേണമെന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം എന്റെ സ്വപ്നം സഫലമാക്കുമോ ?. നയൻതാരയെ കല്യാണം കഴിക്കണമെന്ന് ആരെങ്കിലും പറഞ്ഞാൽ ആ സ്വപ്നം യാഥാർഥ്യമാക്കുമോ ?.”എന്നായിരുന്നു ഷൺമുഖത്തിന്റെ വാക്കുകൾ.