
പുതിയ തലമുറയിലെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാർ ആരൊക്കെയാണെന്ന് വെളിപ്പെടുത്തി നടി ഖുശ്‌ബു. നിത്യ മേനോൻ, സായി പല്ലവി, തൃഷ കൃഷ്ണൻ, നയൻതാര എന്നിവരാണ് തെന്നിന്ത്യൻ സിനിമയിൽ താൻ ഏറെ ഇഷ്ടപ്പെടുന്ന അഭിനേത്രികളെന്ന് ഖുശ്ബു വ്യക്തമാക്കുന്നു.
നിത്യ മേനോന്റെയും സായി പല്ലവിയുടെയും സ്വാഭാവികമായ അഭിനയമികവ് കണ്ടാസ്വദിക്കാൻ പ്രത്യേക ഭംഗിയാണെന്ന് ഖുശ്ബു പറയുന്നു. അതേസമയം, സൗന്ദര്യത്തിന്റെ കാര്യത്തിൽ തൃഷയോടാണ് തനിക്ക് ഏറേ ആകർഷണം തോന്നാറുള്ളത്. കാലമെത്ര കഴിഞ്ഞാലും തൃഷ എങ്ങനെയാണ് ഈ ഭംഗി നിലനിർത്തുന്നത് എന്ന് അത്ഭുതപ്പെടാറുണ്ട്. സിനിമയിലെത്തുന്നതിനും മുൻപ് മിസ് ചെന്നൈ ആയ കാലം മുതൽക്കേ തൃഷയുമായി വ്യക്തിബന്ധമുണ്ട്. തന്നേക്കാളുപരി തന്റെ മക്കളുമായിട്ടാണ് തൃഷയ്ക്ക് അടുത്ത സൗഹൃദമുള്ളതെന്നും മകളുടെ വിവാഹച്ചടങ്ങുകളിൽ തൃഷ സജീവമായി പങ്കെടുത്ത കാര്യവും ഖുശ്ബു ഓർത്തെടുത്തു.
നയൻതാരയുടെ കഠിനാധ്വാനവും കൃത്യനിഷ്ഠയുമാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നതെന്ന് ഖുശ്ബു ചൂണ്ടിക്കാണിക്കുന്നു. പ്രതിസന്ധികളിൽ വീണുപോയാലും അതിശക്തമായി തിരികെ വരാൻ കഴിയുന്ന സ്ത്രീശക്തിയുടെ പ്രതീകമാണ് നയൻതാര. ഏഴു മണിക്ക് ഷൂട്ടിങ് പറഞ്ഞാൽ 6.45-ന് തന്നെ മേക്കപ്പൊക്കെ പൂർത്തിയാക്കി ലൊക്കേഷനിലെത്തുന്ന നയൻതാരയുടെ അച്ചടക്കം ഇന്നത്തെക്കാലത്ത് ഏറെ അപൂർവ്വമാണ്. ഖുശ്ബുവിന്റെ ഭർത്താവും സംവിധായകനുമായ സുന്ദർ സി ഒരുക്കുന്ന ‘മൂക്കുത്തി അമ്മൻ 2’ എന്ന ചിത്രത്തിലെ നായികയും നയൻതാരയാണ്.
തമിഴകത്തെ നായികാ സങ്കൽപ്പങ്ങളെ ഒന്നാകെ പുനർനിർവ്വചിച്ച ഖുശ്ബു, കുടുംബത്തിനും മക്കൾക്കും പ്രാധാന്യം നൽകിയാണ് ഒരുകാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. തുടർന്ന് നിർമ്മാണ രംഗത്തേക്കും ടെലിവിഷൻ പരമ്പരകളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ച താരം, നിലവിൽ കുടുംബത്തിനാണ് ഒന്നാം പരിഗണന നൽകുന്നത്. സിനിമയിൽ മുൻപത്തെപ്പോലെ സജീവമല്ലെങ്കിലും, തികച്ചും സെലക്ടീവായ നല്ല കഥാപാത്രങ്ങളിലൂടെ ഇപ്പോഴും പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്.