കെജിഎഫ് 2ന് എതിരേ ഒറിജിനല്‍ റോക്കി ഭായിയുടെ അമ്മ

','

' ); } ?>

200 കോടിയിലധികം കളക്ഷന്‍ നേടിയ കന്നഡയിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് കെജിഎഫ്. കോളാര്‍ സ്വര്‍ണ്ണ ഖനിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ റോക്കി ഭായ് എന്ന നായക കഥാപാത്രമായെത്തിയത് കന്നട സൂപ്പര്‍സ്റ്റാര്‍ യഷ് ആണ്. പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റ രചനയും സംവിധാനവും നിര്‍വഹിച്ചത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും ആരംഭിച്ചിരുന്നു. ഒരു കാലത്ത് കോളാര്‍ സ്വര്‍ണ ഖനിയിലെ റൗഡിയായിരുന്ന റൗഡി തങ്കത്തിന്റെ ജീവിതം ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് റൗഡി തങ്കത്തിന്റെ അമ്മ. മകന്റെ പേര് ചീത്തയാക്കുന്നുവെന്നും ചിത്രീകരണം നിര്‍ത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് തങ്കത്തിന്റെ അമ്മ കോടതിയെ സമീപിച്ചത്. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് സെക്കന്റ് അഡിഷണല്‍ കോടതി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് സമന്‍സ് അയച്ചു. എന്നാല്‍ തങ്കത്തിനെ അപമാനിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രതികരിച്ചു.

കോളാറില്‍ സ്വര്‍ണം കണ്ടെത്തിയ ദിവസം ജനിക്കുകയും പിന്നീട് അമ്മയുടെ മരണത്തെ തുടര്‍ന്ന് മുംബൈയിലേക്ക് നാടുവിട്ട് അധോലോകത്ത് എത്തുകയും ചെയ്യുന്ന റോക്കി ഭായി കോളാര്‍ സ്വര്‍ണ്ണ ഖനിയിലേക്ക് തിരിച്ചെത്തി അധികാരം നേടുന്നതാണ് ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ കാണിച്ചിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് ചിത്രത്തിനെതിരെ നിയമനടപടികള്‍ ഉണ്ടാവുന്നത്. കോളാര്‍ സ്വര്‍ണ്ണ ഖനി കുന്നുകളില്‍ ഷൂട്ടിംഗ് നടത്താന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുന്നു എന്നായിരുന്നു വാദം. തുടര്‍ന്ന് ചിത്രീകരണം സ്റ്റുഡിയോയിലേക്ക് മാറ്റുകയായിരുന്നു.

കെജിഎഫ് രണ്ടാം ഭാഗത്തില്‍ യഷിന്റെ വില്ലനായി ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്താണ് അഭിനയിക്കുന്നത്. സിനിമയില്‍ അധീര എന്ന റോളിലാണ് സഞ്ജയ് ദത്ത് എത്തുന്നത്. ബോളിവുഡ് നടി രവീണ ടണ്ഡനും ഒരു മുഖ്യവേഷത്തില്‍ എത്തുന്നുണ്ട്. ആദ്യ ഭാഗം പോലെ തന്നെ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും കെജിഎഫ് 2 എത്തും.