കോലാര്‍ സ്വര്‍ണഖനിയുടെ പോരാട്ടകഥപറഞ്ഞ് കെജിഎഫ്

ഹിറ്റ്‌മേക്കര്‍ പ്രശാന്ത് നീല്‍ സംവിധാനംചെയ്യുന്ന കെജിഎഫ് എന്ന ചിത്രത്തില്‍ യുവതാരം നവീന്‍കുമാര്‍ ഗൗഡ പ്രധാനവേഷത്തില്‍ എത്തുന്നു. കന്നടയില്‍ ഇന്നോളം നിര്‍മിച്ചതില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് കെജിഎഫ്. മലയാളം, തമിഴ്, തെലുങ്ക്‌
, ഹിന്ദി ഭാഷകളില്‍ മാത്രമല്ല ചൈനീസ്, ജാപ്പനീസ് ഭാഷകളിലും ഇറക്കാനാണ് നിര്‍മാതാക്കളുടെ നീക്കം. 80 കോടിയിലേറെയാണ്നിര്‍മാണച്ചെലവ്.

നടനും നിര്‍മാതാവുമായ വിശാല്‍ ആണ് ചിത്രത്തിന്റെ തമിഴ് വിതരണാവകാശം വാങ്ങിയത്. ബോളിവുഡ് താരം ഫറാന്‍ അക്തറാണ് സിനിമ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. കോലാര്‍ സ്വര്‍ണഖനിയില്‍ അറുപതുകളും എഴുപതുകളും പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഖനിത്തൊഴിലാളികളുടെ അടിമത്തജീവിതവും ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടിയുള്ള പോരാട്ടവുമാണ് സിനിമയുടെ പ്രമേയം. റോക്കി എന്ന കഥാപാത്രത്തിന്റെ ദാരുണമായ ബാല്യകാലജീവിതവും അധോലോകനേതാവായുള്ള വളര്‍ച്ചയുമാണ് സിനിമ പറയുന്നത്.

കെജിഎഫിന് രണ്ടാംഭാഗം കൂടി ഉണ്ടാകുമെന്നാണ് സൂചന. നാടകങ്ങളിലൂടെ സിനിമയിലെത്തിയ നവീന്‍കുമാര്‍ കന്നട ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു. വന്‍ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ സ്വന്തമാക്കിയ നവീന്‍കുമാര്‍ കന്നടയിലെ ജനപ്രിയതാരമാണ്. ശ്രീനിധി ഷെട്ടിയാണ് നായിക. രമ്യ കൃഷ്ണനും പ്രധാനവേഷത്തിലുണ്ട്. പ്രശാന്ത് നീല്‍ ഒരുക്കിയ ആദ്യചിത്രം ഉഗ്രം കന്നടയില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ഹോളിവുഡ് സിനിമാനിര്‍മാണത്തിന് സമാനമായ സന്നാഹമൊരുക്കിയാണ് രണ്ടാംചിത്രമായ കെജിഎഫ് പ്രശാന്ത് നീല്‍ ഒരുക്കുന്നത്. ഡിസംബര്‍ 21ന് സിനിമ റിലീസ് ചെയ്യും.