കാത്തിരിപ്പിന് വിരാമം.. കോലാര്‍ ഖനിയുടെ രണ്ടാം കഥയുമായി റോക്കി ഭായ് എത്തുന്നു

ദുല്‍ഖറടക്കമുള്ള കെ ജി എഫ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘കെജിഎഫ് 2’വിന്റെ റിലീസ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 23ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റര്‍ റോക്കി ഭായ് യഷ് തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വിജയ് കിരഗണ്ടൂര്‍ നിര്‍മ്മിക്കുന്നു. ആദ്യ റിലീസ് പോലെ അഞ്ച് ഭാഷകളിലായാണ് കെ ജി എഫിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നത്.

കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് കെ ജി എഫ് പറയുന്നത്. 2018 ഡിസംബറില്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൂപ്പര്‍ഹിറ്റായതിന് പിന്നാലെയാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്. രണ്ടാം ചിത്രത്തില്‍ പ്രേക്ഷകര്‍ ഏറ്റവും കാത്തിരിക്കുന്നത് ഒരു പക്ഷെ ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ അദീര എന്ന കഥാപാത്രത്തെ തന്നെയാണ്. നേരത്തെ ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും നേരത്തെ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ഒപ്പം ശ്രീനിധി ഷെട്ടി, രവീണ ടണ്ടണ്‍ തുടങ്ങിയ വന്‍ താരനിരയും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചിത്രത്തിലൂടെ രവീണ ടണ്ടന്‍ വീണ്ടും തെലുങ്ക് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. രാമിക സെന്‍ എന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് രവീണ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. ഹൈദരാബാദിലെ വലിയ സെറ്റുകളില്‍ നിന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.