കെ ജി എഫ് 2ാം ഭാഗത്തിലെ അജ്ഞാതനായ വില്ലനാര്…?

','

' ); } ?>

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും സൂപ്പര്‍ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമാണ് കെജിഎഫ്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങന്നതിനിടെ ഒരു ഗംഭീര സര്‍പ്രൈസുമായാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ പ്രേക്ഷകര്‍ ഏറ്റവും ഉറ്റുനോക്കിയിരുന്ന കഥാപാത്രമാണ് അഥീരം എന്ന മുഖംമൂടിയണിഞ്ഞ അജ്ഞാതനായ കഥാപാത്രം. എല്ലാവരുടെയും ശ്രദ്ധ നേടിയ ഈ അജ്ഞാതനായ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്താണ് ഈ ഗംഭീര വില്ലന്‍ വേഷത്തിലെത്തുന്നത്. സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ഈ അപ്രതീക്ഷിത സമ്മാനം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരൊരുക്കിയത്. സഞ്ജയ് ദത്തിന്റെ വരവോടെ ബോളിവുഡിലും കെജിഎഫ് 2 വിന്റെ മൂല്യം വര്‍ധിക്കും. പ്രി ബിസിനസ്സില്‍ തന്നെ ചിത്രം റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഇടയുണ്ട്.

യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ‘കെജിഎഫ്’ ആഗോള ബോക്സ്ഓഫീസില്‍ ചുരുങ്ങിയ ദിനങ്ങളില്‍ 100 കോടിയും പിന്നിട്ടിരുന്നു. 2018 ഡിസംബര്‍ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. കര്‍ണാടകയില്‍ ആദ്യദിനം 350 സ്‌ക്രീനുകളില്‍ റിലീസ് ചെയ്തപ്പോള്‍ ബെംഗളൂരുവില്‍ 500 പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു.

കര്‍ണാടകയില്‍ ആദ്യ ദിന കലക്ഷന്‍ 14 കോടി. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. ഹിന്ദിയില്‍ നിന്നും 70 കോടിയും തെലുങ്കില്‍ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്. സിനിമയുടെ ആകെ കലക്ഷന്‍ 225 കോടി.

കന്നഡയില്‍ ഇതുവരെ നിര്‍മിക്കപ്പെട്ടതില്‍ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് ചിത്രം പറയുന്നത്. നായകന്‍ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്ന് കാഴ്ചക്കാര്‍ പറയുന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതല്‍മുടക്കിലാണ് നിര്‍മിച്ചത്.