”ഞാന്‍ ഇനി ക്യാമറയുടെ പിറകിലേക്ക്….” ബറോസിലെ പ്രധാന താരങ്ങളെ പ്രഖ്യാപിച്ച് മോഹന്‍ ലാല്‍…

41 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷം മെഗാസ്റ്റാര്‍ മോഹന്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലെ താരങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ടു. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് താരങ്ങളെക്കുറിച്ച് മോഹന്‍ ലാല്‍ പ്രഖ്യാപിച്ചത്. സ്പാനിഷ് താരങ്ങളായ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നിവരാണ് സിനിമയില്‍ അണിനിരക്കുന്നത്. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക. സെക്‌സ് ആന്‍ഡ് ലൂസിയ, ഓള്‍ റോഡ്സ് ലീഡ്സ് ടു ഹെവന്‍, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ.

”41 വര്‍ഷത്തോളമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു. ഇതുവരെ 314 ചിത്രങ്ങളും ചെയ്തു. ജീവിതത്തിലാദ്യമായി ഞാന്‍ ക്യാമറയുടെ പിറകിലേക്ക് മാറി ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. ബറോസ് എന്ന് പേരുള്ള എന്റെ ചിത്രം ഒരു കുട്ടികളുടെ ചിത്രമാണ്. നിങ്ങളെ ക്ഷണിക്കാന്‍ സമയമായിരിക്കുന്നു. സ്പാനിഷ് സിനിമയിലെ പ്രശസ്തരായ അഭിനേതാക്കളായ വേഗയ്ക്കും റാഫേലിനെയും സീസര്‍ എന്ന സുഹൃത്തിനേയും ഞാന്‍ ഗോവയില്‍ വെച്ച് എന്റെ ചിത്രത്തില്‍ പങ്കുചേരാനായി ക്ഷണിക്കുകയാണ്. ”

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. ‘ബറോസ്-ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ എന്ന പേരില്‍ ജിജോ ഇംഗ്ലീഷില്‍ എഴുതിയ കഥയാണ് സിനിമയാവുന്നത്.

ലോകത്തില്‍ താന്‍ സഞ്ചരിച്ച വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടു വന്ന രത്നങ്ങളും നിധികളും വാസ്‌കോഡഗാമ സൂക്ഷിച്ചിരുന്നു. ആ നിധികള്‍ക്കൊരു കാവല്‍ക്കാരനുണ്ടായിരുന്നു. അതാണ് ബറോസ്. അയാളുടെ കഥയാണ് ചിത്രം പറയുന്നത്. പോര്‍ച്ചുഗീസ്, ഇന്ത്യ, സ്‌പെയ്ന്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ സമുദ്ര സഞ്ചാര കാലമാണ് ചിത്രത്തിന്റെ പശ്ചാത്തലം. മോഹന്‍ലാല്‍ തന്നെയാണ് ബറോസിന്റെ വേഷത്തിലുമെത്തുന്നത്. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.