സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

 കേരള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍  പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

മികച്ച നടിയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അശ്വതി ശ്രീകാന്ത് നേടി. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന സീരിയലിലെ അഭിനയത്തിനാണ് അവാര്‍ഡ്. ‘കഥയറിയാതെ’ എന്ന പരമ്പരയിലൂടെ ശിവജി ഗുരുവായൂര്‍ മികച്ച നടനുള്ള അവാര്‍ഡും സ്വന്തമാക്കി.മികച്ച രണ്ടാമത്തെ നടിയായി ശാലു കുര്യന്‍ (അക്ഷരത്തെറ്റ്) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടിയത് ‘ചക്കപ്പഴം’ സീരിയലിലെ റാഫിയാണ്.

മഴവില്‍ മനോരമയിലെ ‘മറിമായ’മാണ് മികച്ച ഹാസ്യ പരിപാടി. മറിമായത്തിലെ അഭിനയത്തിന് സലിം ഹസന്‍ ഹാസ്യ നടനുള്ള പ്രത്യേക പരാമര്‍ശം നേടി. മികച്ച ബാലതാരമായി ഗൗരി മീനാക്ഷി (ഒരിതള്‍- ദൂരദര്‍ശന്‍) തിരഞ്ഞെടുക്കപ്പെട്ടു.

സൗമ്യം, ശ്രീത്വം, ഭാവദ്വയം (ദൂരദര്‍ശന്‍) എന്ന പരിപാടിയുടെ അവതാരക രാജശ്രീ വാര്യര്‍ മികച്ച അവതരണത്തിനുള്ള പുരസ്‌കാരം നേടി. മികച്ച അവതാരകനായി ഏഷ്യാനെറ്റ് ന്യൂസിലെ ബാബു രാമചന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. വല്ലാത്തൊരു കഥയുടെ അവതരണത്തിനാണ് ബാബു രാമചന്ദ്രന്‍ പുരസ്‌കാരം നേടിയത്.

മികച്ച അവതാരകന്‍/ഇന്റര്‍വ്യൂവര്‍ പുസ്‌കാരം ട്വന്റിഫോര്‍ ന്യൂസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ ആര്‍ ഗോപീകൃഷ്ണനും വാര്‍ത്താ അവതാരകയ്ക്കുള്ള അവാര്‍ഡ് രേണുജ എന്‍ ജി (ന്യൂസ് 18)യും മികച്ച കമന്റേറ്റര്‍ അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിലെ സി അനൂപും നേടി. പാട്ടുകള്‍ക്ക് കൂടൊരുക്കിയ ആള്‍ എന്ന പരിപാടിയ്ക്കാണ് അവാര്‍ഡ്.

നന്ദകുമാര്‍ തോട്ടത്തലിന്റെ ദി സീ ഓഫ് എക്റ്റസിക്കാണ് മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നേടിയത്. മികച്ച ന്യൂസ് ക്യാമറാമാനുള്ള പുരസ്‌കാരം മനോരമ ന്യൂസിലെ ജെയ്ജി മാത്യു നേടി.

കഥാ സീരിയൽ വിഭാഗത്തിലും കുട്ടികളുടെ സീരിയലിനും ഇത്തവണ അവാർഡില്ല.കലാമൂല്യവും സാങ്കേതിക മികവുമില്ലാത്തതിനാല്‍ ഇത്തവണയും മികച്ച സീരിയലിനു പുരസ്‌കാരം നല്‍കേണ്ടതില്ല എന്നായിരുന്നു അവാര്‍ഡ് ജൂറിയുടെ തീരുമാനം.

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ

  • മികച്ച നടി- അശ്വതി ശ്രീകാന്ത് (ചക്കപ്പഴം)
  • മികച്ച നടൻ – ശിവജി ഗുരുവായൂർ ( കഥയറിയാതെ)
  • മികച്ച രണ്ടാമത്തെ നടി- ശാലു കുര്യൻ (അക്ഷരത്തെറ്റ്)
  • മികച്ച രണ്ടാമത്തെ നടൻ- റാഫി (ചക്കപ്പഴം)
  • മികച്ച ഹാസ്യപരിപാടി- മറിമായം
  • മികച്ച ബാലതാരം- ഗൗരി മീനാക്ഷി (ഒരിതൾ)
  • മികച്ച ടെലിഫിലിം- കള്ളൻ മറുത
  • മികച്ച കഥാകൃത്ത്- അർജുൻ കെ (കള്ളൻ മറുത)
  • മികച്ച ബാലതാരം- ഗൗരി മീനാക്ഷി
  • മികച്ച ഛായാഗ്രാഹകൻ- ശരൺ ശശിധരൻ (കള്ളൻ മറുത)
  • മികച്ച ടിവി ഷോ- റെഡ് കാർപെറ്റ് (അമൃത)
  • മികച്ച ഹാസ്യാഭിനേതാവ്- രശ്മി ആർ (കോമഡി മാസ്റ്റേഴ്സ്)
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)- അമ്പൂട്ടി (അക്ഷരത്തെറ്റ്, സൂര്യകാന്തി)
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ)- മീര
  • മികച്ച അവതരണം- രാജശ്രീ വാര്യർ ( സൗമ്യം, ശ്രീത്വം, ഭാവദ്വയം), ബാബു രാമചന്ദ്രൻ (വല്ലാത്തൊരു കഥ)
  • മികച്ച അവതാരകൻ/ഇന്റർവ്യൂവർ- കെ ആർ ഗോപീകൃഷ്ണൻ
  • മികച്ച വാർത്താ അവതാരക- രേണുജ എൻ ജി (ന്യൂസ് 18)
  • മികച്ച കമന്റേറ്റർ- സി അനൂപ് (പാട്ടുകൾക്ക് കൂടൊരുക്കിയ ആൾ)
  • മികച്ച ഡോക്യുമെന്ററി- നന്ദകുമാർ തോട്ടത്തലിന്റെ ദി സീ ഓഫ് എക്റ്റസി
  • മികച്ച ന്യൂസ് ക്യാമറാമാൻ- ജെയ്ജി മാത്യു
  • മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്- മുഹമ്മദ് അസ്‌ലം (മീഡിയ വൺ)
  • മികച്ച ടിവി ഷോ (കറന്റ് അഫയേഴ്സ്)- സ്പെഷൽ കറസ്‌പോണ്ടന്റ് (അപർണ്ണ കുറുപ്പ്), ന്യൂസ് 18 കേരളം
  • മികച്ച കുട്ടികളുടെ പരിപാടി- ഫസ്റ്റ്ബെൽ, കലാമണ്ഡലം ഹൈദരാലിയെ കുറിച്ച് ബി എസ് രതീഷ് തയ്യാറാക്കിയ പരിപാടി