സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയേല്‍ പുരസ്‌കാരത്തിന്റെയും സമര്‍പ്പണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് ആറിന് ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാവും നടത്തുക. അവാര്‍ഡ് ജേതാക്കള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമായിരിക്കും പ്രവേശനം. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കും.മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി സംവിധായകന്‍ ഹരിഹരനെ ചടങ്ങില്‍ ആദരിക്കും.

ഒക്ടോബര്‍ 13നായിരുന്നു 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്കായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം. ജല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടി.