സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും

','

' ); } ?>

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെയും ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന്റെയും സമര്‍പ്പണം ഇന്ന് വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി എത്തി ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിക്കും. സാംസ്‌കാരിക മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷത വഹിക്കും.

മികച്ച നടിക്കുള്ള പുരസ്‌കാരം യുവതാരം നിമിഷ സജയന്‍, മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യ, സൗബിന്‍ സാഹിര്‍ എന്നിവരുമാണ് നേടിയത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ഷെരീഫ് ഈസ സംവിധായകനായ ‘കാന്തന്‍- ദ ലവര്‍ ഓഫ് കളര്‍’ ആണ്. മികച്ച സംവിധായകനായി ശ്യാമപ്രസാദും മികച്ച നവാഗത സംവിധായകനായി സക്കരിയ മുഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. അവാര്‍ഡ് ജേതാക്കള്‍ ഇന്ന് പുരസ്‌കാരങ്ങള്‍ ഏറ്റ് വാങ്ങും. ജെ.സി.ഡാനിയേല്‍ പുരസ്‌കാരം മുതിര്‍ന്ന നടി ഷീലയ്ക്കാണ് സമ്മാനിക്കുന്നത്.

മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ.ശശീന്ദ്രന്‍, അഡ്വ. വി.എസ്.സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, എംപിമാര്‍, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ച് മുതിര്‍ന്ന ചലച്ചിത്ര പ്രതിഭകളെ ചടങ്ങില്‍ ആദരിക്കും. ആദ്യകാല നിര്‍മാതാവ് ആര്‍.എസ്.പ്രഭു, നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ടി.ആര്‍.ഓമന, നടിയും ഗായികയുമായ സി.എസ്.രാധാദേവി, പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം, നടന്‍ ജി.കെ. പിള്ള, നീലക്കുയിലില്‍ ബാലതാരമായി വേഷമിട്ട വിപിന്‍മോഹന്‍, നടന്‍ ജഗതി ശ്രീകുമാര്‍, ക്യാമറാമാന്‍ ടി.എന്‍.കൃഷ്ണന്‍കുട്ടി നായര്‍, നടിയും പിന്നണിഗായികയുമായ ലതാ രാജു, നിശ്ചല ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍, നടി ശ്രീലത നമ്പൂതിരി, സംഘടന സംവിധായകന്‍ ത്യാഗരാജന്‍, സംവിധായകരായ കെ.രഘുനാഥ്, സ്റ്റാന്‍ലി ജോസ് എന്നിവരെയാണ് ചടങ്ങില്‍ ആദരിക്കുന്നത്. 2019 ലെ അവാര്‍ഡ് ഗോള്‍ഡന്‍ ജൂബിലി അവാര്‍ഡായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

അവാര്‍ഡ് വിതരണച്ചടങ്ങിനു ശേഷം കഴിഞ്ഞ ദശകത്തിലെ സംസ്ഥാന അവാര്‍ഡ് നേടിയ ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീത സംവിധായകന്‍ ബിജിബാല്‍ നയിക്കുന്ന നവവസന്തം എന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. വിജയ് യേശുദാസ്, സുദീപ് കുമാര്‍, ജി.ശ്രീരാം, രാജലക്ഷ്മി, സിതാര കൃഷ്ണ കുമാര്‍, വൈക്കം വിജയലക്ഷ്മി, മധുശ്രീ നാരായണന്‍, ഹരിശങ്കര്‍, സംഗീത ശ്രീകാന്ത്, സൗമ്യ രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.