ഈ സഖാവിനെ ഇഷ്ടമാകും

നവാഗത സംവിധായകനായ ഭരത് കമ്മ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച വിജയ് ദേവരക്കൊണ്ട ചിത്രം ഡിയര്‍ കോമ്രേഡ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ പേര് പോലെ തന്നെ പ്രിയപ്പെട്ടവരുടെ സഖാവാണ് ഡിയര്‍ കോമ്രേഡ്. ട്രെയ്‌ലറില്‍ നിന്നും പ്രേക്ഷകര്‍ രാഷ്ട്രീയമാണ് പ്രതീക്ഷിച്ചതെങ്കില്‍ നിങ്ങളുടെ കണക്ക്കൂട്ടലുകളെ തെറ്റിക്കുന്നുണ്ട് ചിത്രം. രാഷ്ട്രീയമല്ല സിനിമയുടെ പ്രമേയം എന്നത് തന്നെയാണ് ആദ്യത്തെ പ്രത്യേകത. കായിക മേഖലയിലെ ചൂഷണങ്ങളെ വരച്ച് കാട്ടാനുള്ള ശ്രമമാണ് ചിത്രം.

ചിത്രത്തിന്റെ ആദ്യ പകുതിയില്‍ കലാലയമാണ് കടന്നുവരുന്നത്. രശ്മിക അവതരിപ്പിച്ച നായികാ കഥാപാത്രവും വിജയ് ദേവര്‍ക്കൊണ്ടയും തമ്മിലുള്ള പ്രണയവുമെല്ലാം കടന്നുവരുന്നു. പല സിനിമകളിലും പരീക്ഷിച്ച് പയറ്റിയ മാനറിസങ്ങളും നമ്പറുകളുമൊക്കെയാണെങ്കിലും പ്രേക്ഷകര്‍ക്ക് മുഷിപ്പ് അനുഭവപ്പെടില്ല.

ഇന്‍സ്പിരേഷന്‍ മൂവി എന്ന നിലയില്‍ ചിത്രം രണ്ടാം പകുതിയിലാണ് ട്രാക്കിലേക്ക് കടക്കുന്നത്. ക്രിക്കറ്റ് താരമായിരുന്ന നായികയെ ഇടവേളയ്ക്ക് ശേഷം ജീവിതത്തിലേക്കും കായിക മേഖലയിലേക്കും കൊണ്ടുവരുമ്പോള്‍ ചിത്രം പ്രചോദനമായി അനുഭവപ്പെടുന്നുണ്ട്. പെണ്‍കുട്ടികള്‍ കായികമേഖലയില്‍ അനുഭവിക്കുന്ന ചൂഷണങ്ങളേയും ചിത്രത്തിലൂടെ പ്രതിപാദിക്കാനായി.

വിജയ് ദേവര്‍ക്കൊണ്ട, രശ്മിക എന്നിവരുടെ പ്രകടനം നന്നായിരുന്നെങ്കിലും മലയാളം ഡബ്ബിംഗ് വിജയുടെ കഥാപാത്രത്തിന് യോജിച്ചതായി തോന്നിയില്ല. മലാളി സാന്നിധ്യമായ ശ്രുതിരാമചന്ദ്രന്‍ ചിത്രത്തില്‍ നല്ല പ്രകടനം കാഴ്ച്ച വെച്ചു. നായികയുടെ ബന്ധുവായാണ് ശ്രുതി ചിത്രത്തിലെത്തിയത്. നവാഗത സംവിധായകനെന്ന രീതിയില്‍ ഭരത് കമ്മയ്ക്ക് ചിത്രം നല്ല അനുഭവമാക്കി മാറ്റാന്‍ കഴിഞ്ഞു. സുജിത് സാരംഗിന്റെ ക്യാമറ, ശ്രീജിത്തിന്റെ എഡിറ്റിംഗ് എന്നിവ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംഗീതവും, പശ്ചാതല സംഗീതവും മികവ് പുലര്‍ത്തി. ജസ്റ്റിന്‍ പ്രഭാകരാണ് സംഗീതം നിര്‍വ്വഹിച്ചത്. സിദ്ദ് ശ്രീരാമിന്റെ മലയാള ഗാനം ചിത്രത്തിന് അനുയോജ്യമായി. യൂ ട്യൂബില്‍ ഹിറ്റായ കാന്റീന്‍ ഗാനം മലയാളം വേര്‍ഷനില്‍ കാണാനായില്ല.

രണ്ട് മണീക്കൂര്‍ 49 മിനുറ്റുള്ള ചിത്രം ദൈര്‍ഘ്യം കൊണ്ട് തന്നെ ഇടയ്ക്ക് വലിയുന്നുണ്ട്. കണ്ടിരിക്കാവുന്ന കൊമേഴ്‌സ്യല്‍ പാക്കേജാണ് ഡിയര്‍ കോമ്രേഡ്. വിജയ് ദേവര്‍ക്കൊണ്ട എന്ന സഖാവിന്റെ ഊര്‍ജ്ജസ്വലത ഒന്നുതന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.