സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ശനിയാഴ്ച മൂന്ന് മണിക്ക് പ്രഖ്യാപിക്കും. സിനിമകളുടെ സ്‌ക്രീനിങ് അന്തിമ ജൂറി ഏതാണ്ട് പൂര്‍ത്തിയാക്കി. ഏതെങ്കിലും സിനിമകള്‍ കാണാന്‍ അവര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ വെള്ളിയാഴ്ച വീണ്ടും കാണും. പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തും ആയ സുഹാസിനി മണിരത്നം ആണ് അന്തിമ ജൂറിയുടെ അധ്യക്ഷ. പ്രശസ്ത കന്നഡ സംവിധായകന്‍ പി.ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാര്‍.കഴിഞ്ഞ വര്‍ഷത്തെ 80 സിനിമകള്‍ സംസ്ഥാന അവാര്‍ഡിനു മത്സരിക്കുന്നുണ്ട്.

40 സിനിമകള്‍ വീതം 2 പ്രാഥമിക ജൂറികള്‍ കണ്ടു. അതില്‍ മികച്ച 30% സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്കായി അവര്‍ ശുപാര്‍ശ ചെയ്തത്.ശേഷാദ്രിയും ഭദ്രനും അന്തിമ ജൂറിയിലും അംഗങ്ങള്‍ ആണ്. പ്രാഥമിക റൗണ്ടില്‍ തഴയപ്പെട്ട ഏതെങ്കിലും ചിത്രത്തിലെ ആരെങ്കിലും മികച്ച വ്യക്തിഗത പ്രകടനം കാഴ്ച വച്ചിട്ടുണ്ടെങ്കില്‍ ആ ചിത്രങ്ങള്‍ അന്തിമ ജൂറിക്കു മുന്നിലേക്കു വിളിച്ചു വരുത്താമെന്നാണ് വ്യവസ്ഥ.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ പുതുക്കിയ നിയമാവലി അനുസരിച്ചുള്ള ആദ്യ അവാര്‍ഡ് നിര്‍ണയം ആണ് ഇപ്പോള്‍ നടക്കുന്നത്.ശേഷാദ്രിക്കും ഭദ്രനും പുറമേ ഛായാഗ്രാഹകന്‍ സി.കെ.മുരളീധരന്‍,സംഗീത സംവിധായകന്‍ മോഹന്‍ സിത്താര, സൗണ്ട് ഡിസൈനര്‍ എം.ഹരികുമാര്‍, നിരൂപകനും തിരക്കഥാകൃത്തുമായ എന്‍.ശശിധരന്‍ എന്നിവരും അന്തിമ ജൂറിയില്‍ അംഗങ്ങള്‍ ആണ്.ഇവര്‍ക്കു പുറമേ രചനാ വിഭാഗം അവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനു പ്രശസ്ത നിരൂപകന്‍ ഡോ.പി.കെ.രാജശേഖരന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് ആണ് എല്ലാ ജൂറികളുടെയും മെമ്പര്‍ സെക്രട്ടറി.

ബിജു മേനോൻ, ഫഹദ് ഫാസിൽ, ജയസൂര്യ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവർ മികച്ച നടനുള്ള സംസ്ഥാന അവാർഡിനു മത്സരിക്കാൻ രംഗത്തുണ്ട്. നടിക്കുള്ള അവാർഡ് കരസ്ഥമാക്കാൻ ശോഭന, അന്ന ബെൻ, നിമിഷ സജയൻ, പാർവതി തിരുവോത്ത്, സംയുക്ത മേനോൻ തുടങ്ങിയവരും ഉണ്ട്.