‘മിസ് ഇന്ത്യ’യായി കീര്‍ത്തി സുരേഷ്

ദേശീയ പുരസ്‌കാരം നേടിയ മഹാനടിക്കു ശേഷം ‘മിസ് ഇന്ത്യ’യായി തെലുങ്കില്‍ തിരിച്ചെത്തുകയാണ് കീര്‍ത്തി സുരേഷ്. ചിത്രത്തിന്റെ പേര് വ്യക്തമാക്കുന്ന ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഗ്ലാമര്‍ വേഷത്തിലെത്തുന്ന ഈ ചിത്രത്തിനുവേണ്ടിയാണ് കീര്‍ത്തി 15 കിലോ ശരീരഭാരം കുറച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. യൂറോപ്പും ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു. മഹേഷ് എസ് കൊണേരു നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നരേന്ദ്ര നാഥാണ്. ജഗപതി ബാബു, നവീന്‍ ചന്ദ്ര, രാജേന്ദ്ര പ്രസാദ്, നരേഷ്, ഭാനുശ്രീ മെഹ്‌റ, സുമന്ത്, പൂജിത പൊന്നാട തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

അതേസമയം കീര്‍ത്തിയുടെ വേഷത്തെ കുറിച്ചോ ചിത്രത്തിന്റെ റിലീസ് തീയതിയെ കുറിച്ചോ ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ഇതിനു പുറമെ ബോളിവുഡ് അരങ്ങേറ്റത്തിനും ഒരുങ്ങുകയാണ് കീര്‍ത്തി. അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തിയുടെ ബോളിവുഡ് അരങ്ങേറ്റം.