ചികിത്സാ സഹായമഭ്യര്‍ത്ഥിച്ച് വ്യാജ പ്രചാരണം; പരാതിയുമായി കീരിക്കാടന്‍ ജോസ്

കീരീക്കാടന്‍ ജോസ് എന്ന് അറിയപ്പെടുന്ന മോഹന്‍ രാജ് ചികിത്സാ ചിലവിനായി സാമ്പത്തിക സഹായം തേടുന്നുവെന്ന വാര്‍ത്തക്കെതിരെ കുടുംബം. വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയ കുടുംബം പരാതി നല്‍കുമെന്നും അറിയിച്ചു. കാലിലെ വെരിക്കോസ് രോഗത്തിന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ദൃശ്യം തെറ്റായി പ്രചരിപ്പിക്കുകയാണെന്ന് മോഹന്‍രാജിന്റെ സഹോദരന്‍ പ്രേംലാല്‍ പറഞ്ഞു. കീരിക്കാടന്‍ ജോസ് എന്നറിയപ്പെടുന്ന മോഹന്‍രാജ് ഇപ്പോഴും ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. അദ്ദേഹത്തിനെ ആരും തിരിഞ്ഞ് നോക്കുന്നില്ലെന്നും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും കഴിയുന്നവര്‍ സഹായിക്കണം എന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇതിനെതിരെയാണ് കുടുംബം രംഗത്തെത്തിയത്.

കിരീടം, ചെങ്കോല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടനാണ് മോഹന്‍രാജ് എന്ന കീരീക്കാടന്‍ ജോസ്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം ആയിരുന്നു രണ്ടാമത്തെ ചിത്രം. സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലാണ് പില്‍ക്കാലത്ത് മോഹന്‍രാജ് അറിയപ്പെട്ടത്.