‘ഞാന്‍ ആരെ വിവാഹം ചെയ്യണം എന്നത് എന്റെ മാത്രം തീരുമാനമാണ്’ -വിമര്‍ശനങ്ങള്‍ക്കെതിരെ ആദില്‍

കഴിഞ്ഞ ദിവസമാണ് നടനും അവതാരകനുമായ ആദില്‍ ഇബ്രാഹിം വിവാഹിതനായത്. തൃശൂര്‍ സ്വദേശിയായ നമിതയാണ് ആദിലിന്റെ വധു. എന്നാല്‍ അന്യമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് ആദിലിന് നേരെ വിമര്‍ശനവുമായി സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. മുസ്ലിമായ ആദില്‍ അന്യമതത്തില്‍ നിന്നുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് ഷോക്കായിപോയെന്നും ആദിലിനെ അണ്‍ഫോളോ ചെയ്യുകയാണെന്നുമുള്ള ഒരു കമന്റിന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസിലൂടെ തന്നെ ആദില്‍ മറുപടി നല്‍കി. കമന്റിന്റെ സ്‌ക്രീന്‍ഷോട്ടും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ ആരെ വിവാഹം ചെയ്യണം എന്നത് തന്റെ മാത്രം തീരുമാനമാണെന്നും ആളുകളെ മനുഷ്യരായി മാത്രമേ താന്‍ കാണാറുള്ളൂ എന്നും ആദില്‍ കുറിച്ചു

ആദിലിന്റെ പോസ്റ്റ്

എന്നെയും തന്റെ വീട്ടുകാരെയും ഭാര്യയെക്കുറിച്ചും വളരെ നെഗറ്റീവായ കമന്റുകള്‍ കാണാനിടയായി. ആദ്യം ഇത്തരം മോശം വ്യക്തികളോട് പ്രതികരിക്കേണ്ടെന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ ആരെ വിവാഹം ചെയ്യണം എന്നത് എന്റെ മാത്രം തീരുമാനമാണ്. ക്ഷമിക്കണം ഞാന്‍ ആളുകളെ മനുഷ്യരായി മാത്രമേ കാണാറുള്ളു. അതുകൊണ്ടുതന്നെ രണ്ടു മനുഷ്യര്‍ തമ്മിലുള്ള വിവാഹമാണിത്. ഞാന്‍ ഒരു മുസ്ലീം ആയതുകൊണ്ട് ആരെങ്കിലും എന്നെ ഇഷ്ടപ്പെടണമെന്നോ ഫോളോ ചെയ്യണമെന്നോ എനിക്കില്ല.

അതുകൊണ്ട് ഞാന്‍ എന്താണോ അതിനെ സ്‌നേഹിക്കുന്ന ഒരു യഥാര്‍ഥ മനുഷ്യന്‍ ആണെങ്കില്‍ മാത്രം തുടര്‍ന്നും എന്നെ ഫോളോ ചെയ്താല്‍ മതി. അല്ലെങ്കില്‍ ഇവരെപ്പോലെ നിങ്ങള്‍ക്കും അണ്‍ഫോളോ ചെയ്യാം. എന്റെ വിശ്വാസം എന്താണെന്ന് തീരുമാനിക്കാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും അവകാശമില്ല എന്ന് ആദില്‍ കുറിച്ചു.