തീവണ്ടിയില്‍ പിറന്ന ‘മുക്കുറ്റി തിരുതാളി’

ഓടുന്ന വണ്ടിയുടെ ചടുല താളത്തിനൊത്ത് കാവാലം നാരായണ പണിക്കര്‍ വരികള്‍ മൂളിക്കൊടുത്ത പാട്ടാണ് മുക്കുറ്റി തിരുതാളി എന്ന പാട്ടെന്ന് സംഗീത നിരൂപകന്‍ രവി മേനോന്‍. കാവാലത്തിന്റെ ഓര്‍മ്മദിനത്തിലെഴുതിയ കുറിപ്പിലാണ് ഗാനം തീവണ്ടിയില്‍ വെച്ചുതന്നെ ഒപ്പമിരുന്ന് എം ജി രാധാകൃഷ്ണന്‍ ഏറ്റുപാടി ചിട്ടപ്പെടുത്തിയതാണെന്ന് അദ്ദേഹം ഓര്‍മ്മിച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പ് താഴെ…

കാവാലത്തിന്റെ ഓർമ്മദിനം
——————
തീവണ്ടിയിൽ പിറന്ന മുക്കുറ്റി തിരുതാളി
—————-
വിളിച്ചാൽ വിളിപ്പുറത്താണ് കാവാലത്തിന് താളങ്ങൾ. ഏതു താളവും അനായാസം വഴങ്ങും അദ്ദേഹത്തിന്; കുതിച്ചുപായുന്ന വണ്ടിയുടെ താളം വരെ.

ചെന്നൈയിലേക്കുള്ള ഒരു തീവണ്ടിയാത്രയിൽ പിറന്നുവീണതാണ് പ്രശസ്തമായ “മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചുകെട്ടിത്താ” ഉൾപ്പെടെ ആരവത്തിലെ എല്ലാ പാട്ടുകളും. ഓടുന്ന വണ്ടിയുടെ ചടുല താളത്തിനൊത്ത് കാവാലം വരികൾ മൂളിക്കൊടുക്കുന്നു; ഒപ്പമിരുന്ന് എം ജി രാധാകൃഷ്ണൻ അവ ഏറ്റുപാടി ചിട്ടപ്പെടുത്തുന്നു. അകമ്പടിക്ക്‌, സഹയാത്രികനായ നെടുമുടി വേണുവിന്റെ മേളപ്പെരുക്കം. ഇരിക്കുന്ന സീറ്റും വണ്ടിയുടെ ജനാലയോടു ചേർന്നുള്ള കൊച്ചു മേശയും താളവാദ്യങ്ങൾ.

മറ്റൊരിക്കൽ, `ഘനം’ എന്ന കടുപ്പമുള്ള വാക്കു വെച്ച് പാട്ടു തുടങ്ങിയാൽ അത് ലളിതഗാനമാകുന്നതെങ്ങിനെ എന്ന് രാധാകൃഷ്ണന് സംശയം. റെയിൽവേ ടൈംടേബിൾ എടുത്തു മുന്നിൽ വെച്ചു കൊടുത്താൽ പോലും മനോഹരമായി ഈണമിട്ടു നമ്മെ അമ്പരപ്പിക്കാൻ അറിയുന്ന രാധാകൃഷ്ണന് ഏതു `ഘന’പദത്തേയും ഇളംതൂവലാക്കി മാറ്റാൻ കഴിയുമെന്ന് കാവാലം. താളബോധത്തിന്റെ ആശാനായ കവിയും കവിതയുടെ കാമുകനായ സംഗീത സംവിധായകനും തമ്മിലുള്ള ആ ആശയസംവാദത്തിനൊടുവിൽ പിറന്നതാണ് നമ്മുടെ ഭാഷയിൽ കേട്ട ഏറ്റവും മികച്ച ലളിതഗാനങ്ങളിൽ ഒന്ന്: “ഘനശ്യാമസന്ധ്യാ ഹൃദയം നിറയേ മഴവില്ലിൻ മാണിക്യവീണ.. ”

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ശ്വാസം മുട്ടിക്കുന്ന തിരക്കിലൂടെയുള്ള ഒരു സായാഹ്നസവാരിക്കിടയിൽ അപ്രതീക്ഷിതമായി ആ ഗാനം ജനിച്ച കഥ രസകരമായി വിവരിച്ചു തന്നിട്ടുണ്ട് കാവാലവും രാധാകൃഷ്ണനും. “ഇണക്കവും പിണക്കവും പരിഭവങ്ങളും നിറഞ്ഞ സംഗീത യാത്രയായിരുന്നു ഞങ്ങളുടേത്. പക്ഷേ കലഹം കഴിഞ്ഞു പാട്ടുണ്ടാക്കാൻ ഇരിക്കുമ്പോൾ മറ്റെല്ലാം മറക്കും ഞങ്ങൾ. ചുറ്റും നടക്കുന്നതൊന്നും കേൾക്കില്ല പിന്നെ. സർവം സംഗീതമയം.” — കാവാലത്തിന്റെ വാക്കുകൾ.

— രവിമേനോൻ (പാട്ടുവഴിയോരത്ത്)