“ഒരു തമാശ കാര്യമായി മാറിയതാണ് കാട്ടാളൻ”; ആന്റണി വർഗീസ്

','

' ); } ?>

ഒരു തമാശ കാര്യമായി മാറിയതാണ് കാട്ടാളൻ ചിത്രമെന്ന് തുറന്നു പറഞ്ഞ് നടൻ ആന്റണി വർഗീസ്. ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ഇടയ്ക്ക് ഷെരീഫ് പറയുമായിരുന്നെങ്കിലും തമാശയാണെന്നാണ് കരുതിയത്. ഒടുവിൽ ആ തമാശ കാര്യമാവുകയും കാട്ടാളനിൽ എത്തുകയായിരുന്നുവെന്നും ആന്റണി വർ​ഗീസ് പറഞ്ഞു. കാട്ടാളൻ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു ക്രിക്കറ്റ് ടൂർണമെന്റുമായി ബന്ധപ്പെട്ടാണ് നിർമാതാവ് ഷെരീഫ് മുഹമ്മദുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ഇടയ്ക്ക് ഷെരീഫ് പറയുമായിരുന്നെങ്കിലും തമാശയാണെന്നാണ് കരുതിയത്. ഒടുവിൽ ആ തമാശ കാര്യമാവുകയും കാട്ടാളനിൽ എത്തുകയും ചെയ്തു. ഇങ്ങനെയൊരു ചിത്രം തന്നതിന് ഷെരീഫ് മുഹമ്മദിനോട് നന്ദിയുണ്ട്. സിനിമയും സൗഹൃദങ്ങളും ഒരുമിച്ചുവരുമ്പോൾ അതിലൊരു മാജിക്കുണ്ട്. അത്തരത്തിലൊരു മാജിക്കാണ് കാട്ടളനിൽ നടക്കുന്നത്”. ആന്റണി വർഗീസ് പറഞ്ഞു.

“സന്തോഷത്തിന്റെ ഒരു ഉണ്ടംപൊരിയിലാണ് നിൽക്കുന്നത്. ഒന്നിനും പരിഭവമില്ലാത്ത വ്യക്തിയാണ് സംവിധായകൻ പോൾ. നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നയാളാണ് അദ്ദേഹം. കാട്ടാളൻ ഒരു മികച്ച സിനിമയാകട്ടെ. ബ്ലോക്ക് ബസ്റ്റർ വിജയം ഉണ്ടാവട്ടെ. മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന സിനിമയായി കാട്ടാളൻ മാറട്ടെ. കൂട്ടുകാരുടെകൂടെ ഇങ്ങനെയൊരു സിനിമ ചെയ്യാനുള്ള ഭാ​ഗ്യം കിട്ടി. അത് വലിയ ഉത്തരവാദിത്തം കൂടിയാണ്. അത് ഏറ്റവും ഭം​ഗിയാക്കാൻ എന്റെ ഭാ​ഗത്തുനിന്ന് പരമാവധി ശ്രമിക്കും. ബാക്കിയെല്ലാം ദൈവത്തിന്റെയും പ്രേക്ഷകരുടേയും കയ്യിലാണ്.” ആന്റണി വർഗീസ് കൂട്ടിച്ചേർത്തു.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രം നവാ​ഗതനായ പോൾ ജോർജാണ് സംവിധാനം ചെയ്യുന്നത്. രജിഷ വിജയനാണ് നായിക.ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ ആന്‍റണി വർഗ്ഗീസ് എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയിൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബാക്ഡി ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. സുനിൽ, കബീർ ദുഹാൻ സിങ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, കിൽ താരം പാർത്ഥ് തിവാരി എന്നിവരും താരനിരയിലുണ്ട്.