‘ഇക്ക’- വിജയ് ചിത്രം കത്തിയുടെ റീമേക്കില്‍ അക്ഷയ് കുമാര്‍ നായകന്‍

എ ആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ ഇളയ ദളപതി വിജയ് നായകവേഷത്തിലെത്തിയ ചിത്രമാണ് കത്തി. വിജയ് ഇരട്ട വേഷങ്ങളില്‍ എത്തിയ ചിത്രം വലിയ വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോള്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. തമിഴില്‍ വിജയ് അവതരിപ്പിച്ച കഥാപാത്രങ്ങളെ ഹിന്ദിയില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കും. അക്ഷയ് കുമാറിന്റെ ഉടന്‍ വരാനിരിക്കുന്ന ചിത്രം മിഷന്‍ മംഗള്‍ സംവിധാനം ചെയ്ത ജഗന്‍ ശക്തി തന്നെയാണ് കത്തിയുടെ റീമേക്കും സംവിധാനം ചെയ്യുന്നത്. ‘ഇക്ക’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

നേരത്തേ എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത വിജയ് ചിത്രമായ തുപ്പാക്കി ഹിന്ദിയിലേക്ക് ഹോളിഡേ എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. ആ ചിത്രത്തിലും നായകനായത് അക്ഷയ് കുമാറായിരുന്നു. ജഗന്‍ ശക്തി മുന്‍പ് മുരുഗദോസിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്നു. ഇക്കയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.