“സിനിമയ്ക്ക് ഇത് കഷ്ടകാലം, ഇങ്ങനെയൊക്കെ ചെയ്യുന്നത് സിനിമയെ കൊല്ലുന്നതിനു തുല്യമാണ്”; കുറിപ്പുമായി കാർത്തിക് സുബ്ബരാജ്

','

' ); } ?>

ജനനായകനും, പരാശക്തിക്കും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്ത നടപടിയിൽ സെൻസർ ബോർഡിനെതിരെയും സിനിമയെ രാഷ്ട്രീയവത്കരിക്കുന്നതിനെതിരെയും രൂക്ഷവിമർശനവുമായി സംവിധായകൻ കാർത്തിക് സുബ്ബരാജ്. പരസ്‌പരമുള്ള ആരാധകപ്പോരും രാഷ്ട്രീയവും സിനിമ മേഖലയെ തകർക്കുകയാണെന്നും, ചെറിയ ബജറ്റ് സിനിമകൾക്ക് തിയറ്ററുകൾ നൽകാതിരിക്കുന്നത് അക്ഷരാർത്ഥത്തിൽ സിനിമയെ കൊല്ലുന്നതിന് തുല്യമാണെന്നും കാർത്തിക് സുബ്ബരാജ് കുറിച്ചു. കൂടാതെ ഉത്സവ സീസണുകളിലെ വലിയ സിനിമകളുടെ റിലീസ് മാറ്റിവയ്ക്കുന്നത് ഇൻഡസ്ട്രിയെത്തന്നെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“സിനിമയ്ക്ക് ഇത് കഷ്ടകാലം!! ഇൻഡി, ലോ-ബജറ്റ് സിനിമകളോട് തിയറ്ററുകൾ കൂടുതൽ പിന്തുണ കാണിക്കേണ്ടതുണ്ട്. കാരണം, വലിയ സാറ്റലൈറ്റ്, ഒടിടി പ്ലാറ്റ്ഫോമുകൾക്കൊന്നും ഇത്തരം സിനിമകൾ വാങ്ങാൻ വലിയ താല്പര്യമില്ല. അതിനാൽ, ചെറിയ ബജറ്റിലുള്ള സിനിമകളുടെ വരുമാനത്തിനുള്ള ഏക ആശ്രയം തിയറ്ററുകൾ മാത്രമാണ്. ചെറിയ ബജറ്റ് സിനിമകൾക്ക് തിയറ്ററുകൾ നൽകാതിരിക്കുന്നത് അക്ഷരാർത്ഥത്തിൽ സിനിമയെ കൊല്ലുന്നതിന് തുല്യമാണ്! വലിയ ബജറ്റ് സിനിമകളുടെ കാര്യമെടുത്താൽ, ഇന്ത്യൻ, ഓവർസീസ് സെൻസറുകൾക്കുള്ള കർശനമായ സമയപരിധി നിയമങ്ങൾ പാലിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇത് പോസ്‌റ്റ്-പ്രൊഡക്ഷൻ സമയത്ത് ഫിലിംമേക്കേഴ്‌സിൻ്റെ ക്രിയേറ്റീവ് സ്പേസിൽ വലിയ സമ്മർദ്ദം ചെലുത്തുന്നു, പ്രത്യേകിച്ചും റിലീസ് തീയതി മുൻകൂട്ടി പ്രഖ്യാപിച്ച ഒരു ബിഗ് ബജറ്റ് സിനിമയുടെ കാര്യത്തിൽ ഇന്ത്യൻ, ഓവർസീസ് സെൻസറുകളുടെ നിലവിലെ സമയക്രമം അനുസരിച്ച്, ഒരു സിനിമയുടെ എല്ലാ ജോലികളും പൂർത്തിയാക്കാൻ ഏറ്റവും അനുയോജ്യമായ സമയം റിലീസിന് 3 മാസം മുൻപാണ്. എന്നാൽ പല കാരണങ്ങൾകൊണ്ടും ഇത് തികച്ചും അസാധ്യമാണ്.” കാർത്തിക് സുബ്ബരാജ് കുറിച്ചു.

“ഈ വിഷയങ്ങൾ കാര്യക്ഷമമാക്കുകയും ഫിലിം മേക്കേഴ്‌സിന് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാക്കുകയും വേണം. സെൻസർ ബോർഡ്, നിർമ്മാതാക്കൾ, താരങ്ങൾ എന്നിവരുടെയെല്ലാം ഭാഗത്തുനിന്ന് ഇതിനൊരു മാറ്റം വരണം. അല്ലെങ്കിൽ, ഉത്സവ സീസണുകളിലെ വലിയ സിനിമകളുടെ റിലീസ് മാറ്റിവയ്ക്കുന്നത് ഇൻഡസ്ട്രിയെത്തന്നെ തകർക്കും !!സിനിമാ മേഖലയിലുള്ള നമ്മളെല്ലാവരും ആരാധകപ്പോരുകൾ, രാഷ്ട്രീയ താല്‌പര്യങ്ങൾ, വ്യക്‌തിപരമായ അജണ്ടകൾ, വിദ്വേഷ പ്രചാരണങ്ങൾ എന്നിവയെല്ലാം മാറ്റിവെച്ച്, ഈ കലയെ രക്ഷിക്കാൻ, സിനിമയെ രക്ഷിക്കാൻ ശുഭകരമായ എന്തെങ്കിലും ചെയ്യാനായി ദയവായി ഒന്നിക്കണം.” കാർത്തിക് സുബ്ബരാജ് കൂട്ടിച്ചേർത്തു.

വിജയ് ചിത്രം ജനനായകനും ശിവകാർത്തികേയൻ ചിത്രം പരാശക്തിക്കും സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ റിലീസ് തീയതി നീട്ടിയിരിക്കുകയാണ്. ‘ജനനായകന്റെ’ റിലീസ് മാറ്റിവെച്ചതായി കെവിഎൻ പ്രൊഡക്ഷൻസാണ് ഔദ്യോഗികമായി അറിയിച്ചത്. ചിത്രത്തിന് സെൻസർബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് തീരുമാനം. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി.സെൻസർബോർഡിൻ്റെ നടപടിക്കെതിരേ കെവിഎൻ പ്രൊഡക്ഷൻസ് മദ്രാസ് ഹൈക്കോടതിയെ സമാപിച്ചിരുന്നു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. വാദം കേട്ട കോടതി വിധി പറയാൻ മാറ്റിവെച്ചിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് റിലീസ് മാറ്റിക്കൊണ്ടുള്ള നിർമാതാക്കളുടെ നടപടി.

റിലീസിനു രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് പരാശക്തിക്ക് തിരിച്ചടി കിട്ടുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സിബിഎഫ്‌സി 23 തിരുത്തലുകൾ ആവശ്യപ്പെട്ടിരുന്നു, ഇതിനെത്തുടർന്ന് റിവൈസിങ് കമ്മറ്റി ജനുവരി 7 ചിത്രം വീണ്ടും പരിശോധിക്കുകയുണ്ടായി. സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകുകയാണെങ്കിൽ പരാശക്തിയുടെ റിലീസും മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. സർട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തതു കാരണം പല തിയറ്ററുകളിലും ഓൺലൈൻ ബുക്കിങ് പോലും തുടങ്ങാൻ സാധിച്ചിട്ടില്ല.