അടിയോരുടെ കഥയുമായി ‘ കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ ‘ കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലേക്ക്

വയനാട്ടിലെ അടിയ വിഭാഗം ആദിവാസികളുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമയായ കാന്തന്‍ 24ാമത് കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. നിറത്തിന്റെയും വൃത്തിയുടെയും വ്യത്യാസത്തില്‍ മനുഷ്യരെ അകറ്റി നിര്‍ത്തുകയും ഒന്നിച്ച് യാത്ര ചെയ്യാനോ സംസാരിക്കാനോ, സഹവസിക്കാനോ അവകാശം നിഷേധിക്കപ്പെടുകയും ചെയ്യുന്ന ഒരു പറ്റം മനുഷ്യരുടെ കഥയാണ് സിനിമ പറയുന്നത്.

‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’ എന്ന എന്ന ടാഗ്‌ലൈനോട് കൂടിയെത്തുന്ന ചിത്രം ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ മത്സരയിനത്തിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സാമൂഹ്യ പ്രവര്‍ത്തകയും ദളിത്-ആദിവാസി സംരക്ഷണത്തിന് ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ദയാബായി മുത്തശ്ശിയായി വേഷമിട്ട ഈ ചിത്രത്തില്‍ വയനാട്ടിലെ അടിയാന്‍ വിഭാഗത്തില്‍പ്പെട്ടവരും അഭിനയിക്കുന്നുണ്ട്. അടിയാന്‍ വിഭാഗത്തിന്റെ സ്വന്തം ഭാഷ തന്നെയാണ് ചിത്രത്തിലും ഉപയോഗിക്കുന്നത്. ഷെറീഫ് ഈസയാണ് ചിത്രത്തിന്റെ സംവിധാനവും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്.

ജീവിതം വഴിമുട്ടിയപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടിവരുന്ന കര്‍ഷകരായ അടിയവിഭാഗത്തിലെ ദമ്പതികളുടെ ഏകമകനായ കാന്തന്റെ വല്യമ്മയും സംരക്ഷകയുമായിട്ടാണ് ഇത്തിയമ്മയായി ദയാബായി സിനിമയിലെത്തുന്നത്. 2011ല്‍ ആദിമധ്യാന്തം എന്ന സിനിമയിലെ അഭിനയത്തിനു സംസ്ഥാന സര്‍ക്കാര്‍ ജൂറി പരാമര്‍ശത്തിനര്‍ഹനായ പ്രജിത് എന്ന ബാലനടനാണ് കാന്തനായി അഭിനയിക്കുന്നത്. മറ്റ് ഇരുപതോളം കഥാപാത്രങ്ങള്‍ തിരുനെല്ലിയിലും പരിസരങ്ങളിലുമുള്ള ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ലിപികളില്ലാത്ത അടിയഭാഷയിലുള്ള ചിത്രത്തിന് സഹായം നല്‍കിവരുന്നത് ഗദ്ദിക കലാകാരന്‍ പി.കെ കാളന്റെ സഹോദരനായ കരിയനാണ്.

പ്രമോദ് കൂവേരിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പ്രിയന്‍ ക്യാമറയും പ്രശോഭ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം സച്ചിന്‍ ബാലുവും സൗണ്ട് റെക്കോര്‍ഡിസ്റ്റ് ഷിജു ബാലഗോപാലനും സൗണ്ട് ഡിസൈനര്‍ എം.ഷൈജു എന്നിവര്‍ നിര്‍വഹിക്കുന്നു.