‘കണ്ണും ചിമ്മി’ മോഹന്‍ കുമാര്‍ ഫാന്‍സി ഗാനമെത്തി

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ‘മോഹന്‍ കുമാര്‍ ഫാന്‍സി’ലെ ഗാനം പുറത്തിറങ്ങി. ‘കണ്ണും ചിമ്മി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍ പാടിയിരിക്കുന്ന ഗാനത്തിനായി വരികള്‍ രചിച്ചത് സംവിധായകന്‍ ജിസ് ജോയ് തന്നെയാണ്. പ്രിന്‍സ് ജോര്‍ജ് സംഗീതം ഒരുക്കുന്നു. ഗാനത്തിലെ ഹിന്ദി ഭാഗം ആലപിച്ചിരിക്കുന്നതും പ്രിന്‍സ് തന്നെ.

സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് മോഹന്‍ കുമാര്‍ ഫാന്‍സ്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ചിത്രത്തില്‍ സിദ്ദിഖും കേന്ദ്ര കഥാപാത്രമാണ്. സിദ്ദിഖിലൂടെയാണ് മോഹന്‍ കുമാര്‍ ഫാന്‍സിന്റെ കഥ പോകുന്നത്. കാലങ്ങളായി സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിന്ധികളെ കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം അനാര്‍ക്കലിയാണ്. ശ്രീനിവാസന്‍, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേംപ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആസിഫ് അലിയും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ചിത്രം നിര്‍മിക്കുന്നു.