
ബീഫ് കഴിക്കുമെന്ന പ്രദീപ് രംഗനാഥന്റെ പ്രസ്താവനയിൽ പ്രദീപിന്റെ സിനിമകളൊന്നും കാണരുതെന്നാഹ്വാനം ചെയ്ത് കന്നഡ സോഷ്യൽ മീഡിയ പേജ്. രണ്ടു മാസം മുൻപ് ഡ്യൂഡിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയപ്പോൾ പ്രദീപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സനാതന്‍ കന്നഡ എന്ന പേജ് എക്സില്‍ പങ്കുവെച്ചിരിക്കുന്നത്. ‘കോളനികള്‍’ എന്ന് അര്‍ത്ഥം വരുന്ന ഹിന്ദി വാക്കായ ‘ചപ്രി’ എന്നാണ് പ്രദീപിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയത് ആരായാലും അവരുടെ സിനിമകള്‍ ബഹിഷ്കരിക്കണമെന്നും അവരെ പ്രോത്സാഹിപ്പിക്കരുതെന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന് താഴെ പ്രദീപിനെ വിമര്‍ശിക്കുന്ന കമന്റുകളാണ് അധികവും വരുന്നത്. പ്രദീപിന്റെ നിറത്തെയും രൂപത്തെയും പരിഹസിക്കുന്ന കമന്റുകളും ഉണ്ട്. ധര്‍മദ്രോഹിയായ പ്രദീപിന്റെ അടുത്ത ചിത്രം എല്‍.ഐ.കെ ബഹിഷ്കരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നാൽ ഇത്തരത്തിൽ നടനെ ആക്രമിക്കുന്നതിന് വിമർശനവും ആരാധകർ രേഖപ്പടുത്തുന്നുണ്ട്. എന്ത് കഴിക്കണമെന്ന് ഒരാൾ തീരുമാനിക്കുന്നതും പറയുന്നതും അയാളുടെ ഇഷ്ടമാണെന്നും അതിൽ അഭിപ്രായം പറയാൻ ആർക്കും അവകാശമില്ലെന്നും പറഞ്ഞു കൊണ്ട് ഒരുപക്ഷം നടന് പിന്തുണ നൽകുന്നുണ്ട്.
ലവ് ടുഡേ, ഡ്രാഗൺ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. നടന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം ഡ്യൂഡ് ആണ്. വിമർശനങ്ങൾ ഏറെ ലഭിച്ചിരുന്നുവെങ്കിലും മികച്ച കളക്ഷൻ ആയിരുന്നു ചിത്രം തിയേറ്ററിൽ നിന്ന് നേടിയിരുന്നത്. സിനിമയിൽ നായികയായി എത്തിയിരുന്നത് മമിത ബൈജുവായിരുന്നു. ഡ്യൂഡിലൂടെ തുടരെ പ്രദീപിന്റെ മൂന്നാമത്തെ ചിത്രമാണ് 100 കോടി കളക്ഷൻ നേടുന്നത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം.