കന്നഡ ചലച്ചിത്ര മേഖലയിലെ പ്രമുഖ നടന്‍മാരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡ്

കന്നഡ ചലച്ചിത്ര മേഖലയിലെ പ്രമുഖരെ കേന്ദ്രീകരിച്ച് വ്യാപക റെയ്ഡ്. സിനിമാതാരങ്ങളുടേയും നിര്‍മ്മാതാക്കളുടേയും വീടുകളിലും ഓഫീസുകളിലുമാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. 200 ഓഫീസര്‍മാര്‍ ചേര്‍ന്ന് ഒരേ സമയത്ത് ഇരുപത്തിയഞ്ചോളം വിവിധ സ്ഥലങ്ങളിലായി പരിശോധന നടത്തി. വന്‍ തോതില്‍ പണവും സ്വര്‍ണവും റെയ്ഡ് നടത്തിയ സ്ഥലങ്ങില്‍ നിന്നും കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍…

പുനീത് രാജ് കുമാര്‍, സുധീപ്, യുവതാരം യാഷ്, മുന്‍ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മരുമകന്‍ ശിവരാജ് കുമാര്‍, കോണ്‍ഗ്രസ് നേതാവ് മുനിരത്‌നയുടെ ബന്ധുവും നടനുമായ റോക്ലെന്‍ വെങ്കിടേഷ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. സിനിമാ നിര്‍മാണ മേഖലയില്‍ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇരുനൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പരിശോധന മണിക്കൂറുകള്‍ നീണ്ടു. എന്നാല്‍ പുതിയതായി നിര്‍മ്മിക്കുന്ന 3 ചിത്രങ്ങളെ സംബന്ധിച്ചാണ് റെയ്ഡ് നടത്തിയതെന്നും നിരപരാധി ആയതിനാല്‍ റെയ്ഡിന് താന്‍ സഹകരിക്കുമെന്നും നടന്‍ സുധീപ് മാധ്യമങ്ങളോട് പറഞ്ഞു.

സിനിമാ മേഖലയിലെ പ്രമുഖര്‍ക്കു പുറമേ കര്‍ണാടകയിലെ പ്രമുഖ ഹോട്ടല്‍ ശൃംഖലകളായ ശരവണ ഭവന്‍, ഹോട്ട് ബ്രഡ്, തുടങ്ങിയ ഇടങ്ങളിലും ചെന്നൈയിലെ പ്രമുഖ റെസ്റ്റോറന്റുകളിലും റെയ്ഡ് റെയ്ഡ് നടന്നിട്ടുണ്ട്. റെയ്ഡ് ചെയ്ത വസ്തുക്കളുടെ മുല്യം ഇപ്പോള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.