‘ദേശദ്രോഹികളെ നിങ്ങളെ വാങ്ങാന്‍ ലക്ഷങ്ങളൊന്നും വേണ്ട, അറുപതു രൂപ മതി’; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും കങ്കണ

ബോളിവുഡ് നടി കങ്കണ റണാവത്ത് മാധ്യമ പ്രവര്‍ത്തകനോട് പൊതുവേദിയില്‍ മോശമായി പെരുമാറിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതിന് പിന്നാലെ കങ്കണ മാപ്പ് പറഞ്ഞില്ലെങ്കില്‍ നടിയെ ബഹിഷ്‌കരിക്കുമെന്ന് പറഞ്ഞ് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ദ എന്റര്‍ടൈന്‍മെന്റ് ജേണലിസ്റ്റ് ഗില്‍ഡ് രംഗത്ത് വരികയും ചെയ്തിരുന്നു. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്. വീഡിയോയിലൂടെയാണ് തന്നെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരെ താരം ആക്ഷേപിച്ചത്.

കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി ചന്ദേല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കങ്കണ തുറന്നടിച്ചത്. തന്നെ കൂട്ടം ചേര്‍ന്ന് ആക്രമിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മാപ്പ് പറയില്ലെന്നും താരം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും താരം പറഞ്ഞു. ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകരെ വാങ്ങാന്‍ ലക്ഷങ്ങളൊന്നും ചെലവാക്കേണ്ടെന്നും അറുപത് രൂപ മതിയാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയില്‍ അല്ല ബോളിവുഡിലെ മികച്ച നടിയായും ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന നടിയായും താന്‍ മാറിയതെന്നും കങ്കണ വ്യക്തമാക്കി. എന്നാല്‍ തന്റെ കൂടെ നില്‍ക്കുന്ന മാധ്യമപ്രവര്‍ത്തകരോട് നന്ദി പറയാനും കങ്കണ മറന്നില്ല.

കങ്കണയുടെ വാക്കുകള്‍:

‘എല്ലായിടത്തും നല്ല ആളുകളും ചീത്ത ആളുകളും ഉണ്ട്. മാധ്യമങ്ങള്‍ പലപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, പ്രചോദിപ്പിച്ചിട്ടുണ്ട്. ഒരു നല്ല സുഹൃത്തുക്കളെയും മാര്‍ഗദര്‍ശികളെയും ഞാന്‍ മാധ്യമങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്റെ വിജയത്തില്‍ അവര്‍ക്ക് വലിയ പങ്കുണ്ട് അതില്‍ എനിക്ക് അവരോട് കടപ്പാടുമുണ്ട്. പക്ഷെ അതില്‍ ഒരു വിഭാഗം ചിതലിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യത്തെയും, മാഹാത്മ്യത്തെയും ഐക്യത്തെയും ആക്രമിക്കുകയും അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അവര്‍ അവരുടെ വഞ്ചനാത്മകമായ കാഴ്ചപ്പാടുകള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുന്നു. സാധാരണ പത്രപ്രവര്‍ത്തകര്‍ക്കുണ്ടാകേണ്ട ഉചിതമായ വാദങ്ങളോ അഭിപ്രായങ്ങളോ ഇത്തരം ആളുകള്‍ക്ക് ഇല്ല. അവര്‍ ആകെ ചെയ്യുന്നത് അസംബന്ധങ്ങള്‍ വിളിച്ചു പറയുകയും ആളുകളെ വ്യക്തിപരമായി ആക്രമിക്കുകയുമാണ്. സൗജന്യ ഭക്ഷണത്തിനായാണ് അവര്‍ വാര്‍ത്ത സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് .

ഒരു മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ അവരുടെ നിലനില്‍പ്പ് നിര്‍ണയിക്കാനുള്ള യാതൊരു വിധ പ്രവര്‍ത്തനങ്ങളും ഇവരുടെ ഭാഗത്തു നിന്നും ഇല്ല. എന്നെ ഒരു കലാകാരി എന്ന് ഞാന്‍ വിളിക്കണമെങ്കില്‍ എന്റെ ഭാഗത്തു എന്തെങ്കിലും അധ്വാനം വേണം. നിങ്ങള്‍ എഴുതിയ ഒരു ആര്‍ട്ടിക്കിള്‍ എന്നെ കാണിക്കൂ ..നിങ്ങള്‍ക്ക് എങ്ങനെ നിങ്ങളെ ഒരു മാധ്യമപ്രവര്‍ത്തകനെന്നു വിളിക്കാനാകും. അയാളുടെ ചോദ്യത്തിന് മറുപടി പറയാന്‍ ഞാന്‍ വിസമ്മതിച്ചു കാരണം രാജ്യദ്രോഹികളോട് എനിക്ക് കടുത്ത അസഹിഷ്ണുതയാണുള്ളത്. ഈ മൂന്നാല് ആളുകള്‍ ചേര്‍ന്ന് എനിക്കെതിരെ ഒരു സംഘടന രൂപപ്പെടുത്തിയിരിക്കുകയാണ്. എനിക്ക് തോന്നുന്നു അത് ഇന്നലെ രൂപം കൊണ്ടതാണ്. അതിന് ഒരു അംഗീകാരവും ഇല്ല.

എന്നെ ബഹിഷ്‌കരിക്കുമെന്നും എന്റെ കരിയര്‍ തകര്‍ക്കുമെന്നൊക്കെയാണ് ഇവര്‍ പറയുന്നത്. വഞ്ചകരായ നിങ്ങളെ വിലയ്ക്ക് വാങ്ങാന്‍ ലക്ഷങ്ങളൊന്നും വേണ്ട. വെറും അമ്പതോ അറുപതോ രൂപ മതി. നിങ്ങള്‍ എന്നെ തകര്‍ത്ത് കളയുമോ? നിങ്ങളെ പോലെയുളള കപട മാധ്യമപ്രവര്‍ത്തകരുടേയോ സിനിമാ മാഫിയയുടേയോ ഉദ്ദേശം പോലെയാണ് കാര്യം നടക്കുന്നതെങ്കില്‍ രാജ്യത്തെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായി ഞാന്‍ മാറില്ലായിരുന്നു. ദയവ് ചെയ്ത് എന്നെ ബഹിഷ്‌കരിച്ചാലും. ഞാന്‍ കാരണം നിങ്ങളുടെ വീട്ടില്‍ ഭക്ഷണം ഇല്ലാതിരിക്കണ്ട,’ കങ്കണ പരിഹസിച്ചു.

കങ്കണയും രാജ്കുമാര്‍ റാവുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജഡ്ജ്‌മെന്റല്‍ ഹെ ക്യായുടെ പ്രചരണ പരിപാടിക്കിടെയാണ് പ്രശ്‌നങ്ങള്‍ നടക്കുന്നത്. ശബ്‌നം ആസ്മി പാകിസ്ഥാനില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനമുന്നയിച്ച കങ്കണ എന്തുകൊണ്ടാണ് മണികര്‍ണിക പാകിസ്ഥാനില്‍ റിലീസ് ചെയ്തതെന്ന ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് നേരെയായിരുന്നു നടി അധിക്ഷേപവും ആരോപണവും ഉന്നയിച്ചത്. ഇതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരുടെ സംഘടന കങ്കണയോട് മാപ്പ് ആവശ്യപ്പെട്ടത്.