കങ്കണ ആദ്യം പേരുകള്‍ പറയട്ടെ….ഊര്‍മിള സോഫ്റ്റ് പോണ്‍സ്റ്റാര്‍: വാക്‌പോര്

ബോളിവുഡ് നടിമാരായ കങ്കണ റണാവത്തും ഊര്‍മിള മതോന്ദ്കറും തമ്മില്‍ വാക്‌പോര്. ബോളിവുഡിലെ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തി കങ്കണ മൊത്തം സിനിമാവ്യവസായമേഖലയെ സഹായിക്കണമെന്ന് ഊര്‍മിള പറഞ്ഞതായിരുന്നു അവര്‍ തമ്മിലുള്ള പോരിനുള്ള തുടക്കം. ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തെ കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആ പേരുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുകയാണെന്നും ഊര്‍മിള കൂട്ടിച്ചേര്‍ത്തു. ഇതിന് രൂക്ഷമായ മറുപടിയുമായാണ് കങ്കണ എത്തിയത്.

”ഊര്‍മിള ഒരു സോഫ്ട് പോണ്‍സ്റ്റാര്‍. അല്ലാതെ അവര്‍ അറിയപ്പെടുന്നത് അഭിനയത്തിന്റെ പേരിലല്ല. അവര്‍ക്ക് പോലും ടിക്കറ്റ് കിട്ടുന്നുവെങ്കില്‍ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ” എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. ഇതിനെതിരേ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. സ്വര ഭാസ്‌കര്‍, അനുഭവ് സിന്‍ഹ തുടങ്ങിയവര്‍ ഊര്‍മിളയെ പിന്തുണച്ച് രംഗത്ത് വന്നു.

ബോളിവുഡിനെതിരെ കങ്കണ ഉയര്‍ത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇന്ത്യാ ടുഡെ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഊര്‍മിള ആദ്യം പ്രതികരിച്ചത്. ഇന്ത്യയില്‍ ഏറ്റവുമധികം മയക്കുമരുന്ന് വ്യാപാരം നടക്കുന്നത് കങ്കണയുടെ നാടായ ഹിമാചല്‍പ്രദേശിലാണെന്നും മയക്കുമരുന്നിനെതിരായ പോരാട്ടം അവിടെ നിന്നാരംഭിക്കണമെന്നും ഊര്‍മിള കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.