കങ്കണ റണാവത്തിനെ ബഹിഷ്‌കരിക്കാനൊരുങ്ങി മാധ്യമ പ്രവര്‍ത്തകര്‍

ബോളിലുഡ് താരം കങ്കണ റണാവത്തിനെ ബഹിഷ്‌കരിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍. കങ്കണയുടെ പുതിയ ചിത്രമായ ജഡ്‌മെന്റല്‍ ഹെ ക്യായുടെ നിര്‍മ്മാതാവായ ഏകതാ കപൂറിന് അയച്ച കത്തിലൂടെ എന്റര്‍ടെയിന്‍മെന്റ് ഗില്‍ഡ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. കങ്കണയും നിര്‍മ്മാതാവും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കങ്കണയും രാജ്കുമാര്‍ റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ജഡ്‌മെന്റല്‍ ഹെ ക്യാ. ചിത്രത്തിലെ ഗാനം പുറത്തിറക്കുന്ന ചടങ്ങിലുണ്ടായ പ്രശ്‌നങ്ങളാണ് ബഹിഷ്‌കരണത്തിന് കാരണം. ചടങ്ങിനൊടുവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, തന്റെ സിനിമ മണികര്‍ണികയെക്കുറിച്ച് മോശമായി എഴുതിയെന്നാരോപിച്ച് കങ്കണ ഒരു മാധ്യമ പ്രവര്‍ത്തകനെതിരെ തട്ടിക്കയറുകയായിരുന്നു.തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. സംഭവത്തില്‍ കങ്കണ മാപ്പ് പറയില്ലെന്ന് സഹോദരിയും മാനേജറുമായ രംഗോലി ചന്ദേല്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് എന്റര്‍ടെയിന്‍മെന്റ് ഗില്‍ഡിന്റെ നീക്കം.