ശരിക്കും പ്രേമത്തിലായിരുന്നോ കമലും വിധുവും?

ഉലകനായകന്‍ കമല്‍ഹാസന് പിറന്നാളാശംസ നേര്‍ന്ന് സംഗീത നിരൂപകന്‍ രവി മേനോന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. “കാത്തിരുന്ന നിമിഷം” (1978) എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി എഴുതി എം കെ അര്‍ജുനന്‍ ഈണമിട്ട് യേശുദാസ് പാടിയ ”ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ…” എന്ന ഗാനത്തെ കുറിച്ചാണ് കുറിപ്പ്. (മണ്‍വിളക്കുകള്‍ പൂത്ത കാലം) എന്ന രവിമേനോന്റെ പുസ്തകത്തില്‍ നിന്നാണ് അദ്ദേഹം ഈ സംഭവം കമല്‍ഹാസന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസയോടൊപ്പം പങ്കുവെച്ചത്. കുറിപ്പ് താഴെ വായിക്കാം.

കമൽ ഹാസന് ജന്മദിനാശംസകൾ (നവം 7)———————ശരിക്കും പ്രേമത്തിലായിരുന്നോകമലും വിധുവും?——————

പെണ്ണ് ഫോർട്ടുകൊച്ചിക്കാരി; പയ്യൻ ആലുവക്കാരൻ. ഇരുവരും ആദ്യം കണ്ടതും അനുരാഗബദ്ധരായതും ബോൾഗാട്ടി പാലസ് പരിസരത്തു വെച്ച്. അതിനു നിമിത്തമായതാകട്ടെ “ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ…” എന്ന സിനിമാപ്പാട്ടും. “കാത്തിരുന്ന നിമിഷം” (1978) എന്ന ചിത്രത്തിൽ ശ്രീകുമാരൻ തമ്പി എഴുതി എം കെ അർജുനൻ ഈണമിട്ട് യേശുദാസ് പാടിയ ഗാനം.എട്ടു വർഷം പഴക്കമുള്ള കഥ. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങളിൽ ഒന്നായി ചെമ്പകത്തൈകൾ തിരഞ്ഞെടുത്തുകൊണ്ട്‌ ഒരുചലച്ചിത്രവാരികയിൽ എഴുതിയ ലേഖനം വായിച്ച് വിളിക്കുകയായിരുന്നു വിദേശത്ത് ലിഫ്റ്റ്‌ ഓപ്പറേറ്റർ ആയി ജോലിചെയ്യുന്ന ജോൺസൺ. “ ആ പാട്ട് പുറത്തിറങ്ങിയിട്ട് മുപ്പതു കൊല്ലമായി എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി . കാലം എത്ര പെട്ടെന്ന് കടന്നുപോകുന്നു.” — ജോൺസൺ പറഞ്ഞു. “പക്ഷെ എനിക്കും എന്റെ ഭാര്യക്കും ഒരു പരിഭവമുണ്ട്. ചെമ്പകത്തൈകളുടെ ചിത്രീകരണത്തെ കുറിച്ചു മാത്രം നിങ്ങൾ എന്തുകൊണ്ട് ഒന്നും എഴുതിയില്ല? അതിലും റൊമാന്റിക് ആയി ചിത്രീകരിക്കപ്പെട്ട മറ്റൊരു മലയാളം പാട്ടുണ്ടോ? കമൽഹാസനും വിധുബാലയും എത്ര വികാരോഷ്മളമായാണ് അഭിനയിച്ചിരിക്കുന്നത്. യഥാർത്ഥ ജീവിതത്തിലും കാമുകീകാമുകന്മാർ ആണെന്ന് തോന്നും അവരുടെ അഭിനയം കാണുമ്പോൾ…” നിമിഷനേരത്തെ മൗനത്തിനു ശേഷം ജോൺസൺ തുടർന്നു: “ ആ ഗാനചിത്രീകരണമാണ് എന്നെയും ആൻസിയെയും (പേര് ഓർമ്മയിൽ നിന്ന്) ഒന്നിപ്പിച്ചത് എന്നറിയുമോ? അന്ന് ആ ഷൂട്ടിംഗ് കാണാൻ പോയിരുന്നില്ലെങ്കിൽ ജീവിതത്തിൽ ഒരിക്കലും പരസ്പരം കാണുക പോലുമില്ലായിരുന്നു ഞങ്ങൾ…”വിചിത്രമായി തോന്നിയേക്കാവുന്ന ആ പ്രണയകഥ ഇങ്ങനെ. കമൽഹാസന്റെ കടുത്ത ആരാധകരാണ് ജോൺസണും ആൻസിയും. ഏറണാകുളത്തിന്റെ രണ്ടു വ്യത്യസ്ത കോണുകളിൽ നിന്ന് “കാത്തിരുന്ന നിമിഷ”ത്തിന്റെ ഷൂട്ടിംഗ് കാണാൻ അവർ ഒരേ ദിവസം ബോൾഗാട്ടിയിൽ ചെന്നതിനു പിന്നിൽ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ: പ്രിയതാരത്തെ ഒരു നോക്കു കാണുക. പറ്റുമെങ്കിൽ ഒരു ഓട്ടോഗ്രാഫ് വാങ്ങുക. ചെന്നപ്പോൾ ഉത്സവത്തിനുള്ള ആൾക്കൂട്ടം ഉണ്ടവിടെ . പക്ഷേ വെറുംകയ്യോടെ മടങ്ങാനാകുമോ? ഷൂട്ടിംഗിന്റെ ഇടവേളയിൽ ഇടിച്ചുകയറി കമലിനെ കണ്ടു കൈപിടിച്ചു കുലുക്കി കൃതാർത്ഥനായി ജോൺസൺ; ഓട്ടോഗ്രാഫും വാങ്ങി. എനിക്കും ഒരു ഓട്ടോഗ്രാഫ് സംഘടിപ്പിച്ചു തരുമോ എന്ന അപേക്ഷയുമായി പിന്നാലെ വന്ന പെൺകുട്ടിയെ അപ്പോഴാണ്‌ ശ്രദ്ധിച്ചത്. “ആദ്യനോട്ടത്തിൽ അനുരാഗം എന്നൊക്കെ പറയില്ലേ. അതാണ്‌ ഞങ്ങൾക്കിടയിൽ സംഭവിച്ചതെന്ന് തോന്നുന്നു. അന്നത്തെ ആ ഗാനചിത്രീകരണവും ഞങ്ങളെ സ്വാധീനിച്ചിരിക്കാം. അത്ര കണ്ട് സ്വാഭാവികമായിരുന്നു കമലിന്റെയും വിധുബാലയുടെയും അഭിനയം.” ഉറ്റ സുഹൃത്തുക്കളായി അന്നു വൈകുന്നേരം പിരിഞ്ഞ ജോൺസണും ആൻസിയും രണ്ടു മാസത്തിനകം വീട്ടുകാരുടെ അനുഗ്രഹാശിസ്സുകളോടെ വിവാഹിതരായി എന്നത് കഥയുടെ ശുഭാന്ത്യം. അഭിരുചികളും ചിന്താഗതികളും ഏതാണ്ട് ഒരേ ജനുസ്സിൽ പെട്ടതായിരുന്നതിനാൽ അപശ്രുതികൾ കുറവായിരുന്നു ദാമ്പത്യത്തിൽ എന്ന് സാക്ഷ്യപ്പെടുത്തുന്നു ജോൺസൺ. കൗതുകമുള്ള ആ കഥ വിവരിച്ചുകേട്ടപ്പോൾ കമൽഹാസൻ സ്വതസിദ്ധമായ ശൈലിയിൽ ഉറക്കെ ചിരിച്ചു. “വലിയ സന്തോഷമുണ്ട്. ഇതുപോലൊരു സംഭവം ആദ്യം കേൾക്കുകയാണ്. സിനിമക്ക് നല്ല രീതിയിലും ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെന്നു മനസ്സിലായില്ലേ? മാത്രമല്ല, എനിക്കേറ്റവും പ്രിയപ്പെട്ട മലയാളം പാട്ടുകളിൽ ഒന്നാണ് ചെമ്പകത്തൈകൾ. ഞാൻ അഭിനയിച്ചതു കൊണ്ടല്ല. ആ വരികളും സംഗീതവും യേശുദാസിന്റെ ആലാപനവും ചേർന്ന് സൃഷ്ടിക്കുന്ന മാന്ത്രികാന്തരീക്ഷമുണ്ടല്ലോ. അതിനു പകരം വെക്കാവുന്ന അനുഭവങ്ങൾ അധികമില്ല മലയാളത്തിൽ. ആ പാട്ടിന്റെ വരികൾ ഇന്നും കാണാപ്പാഠമാണെനിക്ക്..” ചെമ്പകത്തൈകളുടെ ചരണം ഓർമ്മയിൽ നിന്ന് വീണ്ടെടുത്ത് പതുക്കെ മൂളുന്നു കമൽ: “അത്തറിൻ സുഗന്ധവും പൂശിയെൻ മലർചെണ്ടീ മുറ്റത്ത് വിടർന്നില്ലല്ലോ, വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി ഒപ്പന പാടിയില്ലല്ലോ…”https://www.youtube.com/watch?v=WvZ4tFZYM9Eഓർമ്മവന്നത് അർജുനൻ മാസ്റ്റർ പറഞ്ഞുകേട്ട ഒരനുഭവമാണ്. ചെന്നൈയിൽ ഒരു സിനിമാ സംഘടനയുടെ വാർഷികം നടക്കുന്നു. മലയാളത്തിലെ തലമുതിർന്ന സംഗീത സംവിധായകരെ ആദരിക്കലാണ് പ്രധാന ചടങ്ങ്. മുഖ്യാതിഥി കമൽഹാസൻ. ഏറ്റവും അവസാനമായിരുന്നു അർജുനൻ മാസ്റ്ററുടെ ഊഴം. അവതാരകയുടെ ക്ഷണത്തിന് പിന്നാലെ മാസ്റ്റർ സഹായിയുടെ കൈ പിടിച്ച് വേച്ചു വേച്ചു വേദിയിലേക്ക് നടക്കവേ, കമൽ മൈക്ക് കയ്യിലെടുത്തു പാടുന്നു: ചെമ്പകത്തൈകൾ പൂത്ത മാനത്ത് പോന്നമ്പിളി…. “അത്ഭുതവും സന്തോഷവും ഒരുമിച്ചു വന്ന നിമിഷമായിരുന്നു അത്.”– അർജുനൻ മാസ്റ്റർ പിന്നീട് പറഞ്ഞു. “വിവിധ ഭാഷകളിലായി ആയിരക്കണക്കിന് പാട്ടുകൾ സിനിമയിൽ പാടി അഭിനയിച്ചിട്ടുണ്ടാകും അദ്ദേഹം. എന്നിട്ടും, ഇത്ര കാലം കഴിഞ്ഞിട്ടും ഒരു മലയാളം പാട്ടിന്റെ വരികളും ഈണവും ഓർത്തിരിക്കുക എന്നത് അതിശയകരമല്ലേ?” ശ്രീകുമാരൻ തമ്പിയുടെ ഓർമ്മയിലും ഉണ്ട് സമാനമായ ഒരനുഭവം. ഹൈദരാബാദിൽ റേഡിയോ മിർച്ചിയുടെ അവാർഡ് നിശയിൽ പങ്കെടുക്കാൻ പോകവേ, വിമാനത്താവളത്തിൽ വെച്ച് യാദൃഛികമായി കമൽഹാസനെ കണ്ടുമുട്ടിയതാണ് ജൂറി തലവൻ കൂടിയായ തമ്പി. “ഓർമ്മയുണ്ടോ എന്നെ?”– വെറുതെ ചോദിച്ചു. മറുപടിയായി ചിരിച്ചുകൊണ്ട് “ചെമ്പകത്തൈകൾ പൂത്ത” എന്ന പാട്ട് മൂളി കമൽ. പതിറ്റാണ്ടുകൾക്ക് മുൻപ് താൻ സംവിധാനം ചെയ്ത തിരുവോണം എന്ന സിനിമയിൽ പ്രേംനസീറിനൊപ്പം അഭിനയിക്കാൻ വന്ന ആ പഴയ ഇരുപതുവയസ്സുകാരന്റെ കുസൃതി നിറഞ്ഞ മുഖമാണ് പെട്ടെന്ന് ഓർമ്മ വന്നതെന്ന് തമ്പി. “സന്തോഷം തോന്നി. പിന്നിട്ട വഴികൾ മറക്കാത്തവരെ സിനിമാലോകത്ത് കണ്ടുമുട്ടുക ദുഷ്കരമാണല്ലോ..” ബോൾഗാട്ടിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കപ്പെട്ട പ്രണയഗാനങ്ങൾ വേറെയുമുണ്ട് മലയാളത്തിൽ. മിക്കതും ഒരേ അച്ചിൽ വാർത്ത രംഗങ്ങൾ. `ചെമ്പകത്തൈക’ളെ അവയിൽ നിന്നെല്ലാം വേറിട്ടു നിർത്തുന്നത് അഭിനേതാക്കളുടെ അസാധാരണമായ ഇൻവോൾവ്മെന്റ് തന്നെയാവണം. ഷൂട്ട്‌ ചെയ്യുന്നതിനിടെ താൻ `കട്ട്‌’ പറയാൻ മറന്നുപോയ രംഗങ്ങളിൽ ഒന്നായിരുന്നു അതെന്ന് ഒരു കൂടിക്കാഴ്ചയിൽ ഛായാഗ്രാഹകൻ വിപിൻദാസ് പറഞ്ഞത് ഓർമ്മവരുന്നു. നേർത്ത അലകളിളകുന്ന കായൽപ്പരപ്പിൽ വന്നുവീണ് പൊൻനാണയങ്ങളായി ചിതറുന്ന സൂര്യ രശ്മികളെ എത്ര കാൽപനികമായാണ് വിപിൻദാസിന്റെ ക്യാമറ ഒപ്പിയെടുത്ത് കാമുകീ കാമുകന്മാരുടെ ഹൃദയവികാരങ്ങളുമായി കൂട്ടിയിണക്കുന്നത് എന്നറിയാൻ യുട്യൂബിൽ ആ രംഗമൊന്നു കണ്ടുനോക്കുകയേ വേണ്ടൂ. ബ്ലാക്ക് ആൻഡ്‌ വൈറ്റിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രകൃതിയെ ഇത്ര പ്രണയസുരഭിലമാക്കാൻ കഴിഞ്ഞിട്ടുള്ള ഛായാഗ്രാഹകർ അധികമുണ്ടാവില്ല മലയാളത്തിൽ. കമലിന്റെയും വിധുബാലയുടെയും അനുരാഗലോലമായ ഭാവങ്ങളും ചലനങ്ങളും കൂടി ചേരുമ്പോൾ അതൊരു അവിസ്മരണീയ രംഗമായി മാറുന്നു.ശരിക്കും പ്രേമത്തിലായിരുന്നോ ഇരുവരും? — ചോദിച്ചുപോയതാണ്. “എന്താ സംശയം? ആയിരുന്നു. നൂറു ശതമാനം.”– ചിരിച്ചുകൊണ്ടു തന്നെ കമലിന്റെ മറുപടി. “പരസ്പരം അല്ലെന്നു മാത്രം. പടത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ മുരളിയുമായി പ്രണയത്തിലാണ് ആ സമയത്ത് വിധുബാല. എന്റെ കാര്യമാണെങ്കിൽ, വിവാഹം തൊട്ടടുത്ത് എത്തിനിൽക്കുന്നു. ഒരു ഏപ്രിൽ 24 നാണ് ചെമ്പകത്തൈകൾ ഷൂട്ട്‌ ചെയ്തത് എന്നാണ് ഓർമ്മ. വാണിയുമായുള്ള എന്റെ വിവാഹം മെയ്‌ അഞ്ചിനാണ്. കഷ്ടിച്ച് പത്തു ദിവസം മാത്രം അകലെ. സ്വാഭാവികമായും അതിന്റെ ഒരു എക്സൈറ്റ്മെന്റ് എന്റെ ചലനങ്ങളിൽ ഉണ്ടായിരുന്നിരിക്കാം. 24 വയസ്സല്ലേ ഉള്ളൂ അന്ന്.” തെന്നിന്ത്യയിലെ അറിയപ്പെടുന്ന ഭരതനാട്യം നർത്തകിയാണ് അക്കാലത്ത് വാണി ഗണപതി. കമൽ ആകട്ടെ സിനിമയിൽ ഉയരങ്ങൾ കീഴടക്കിത്തുടങ്ങിയിരുന്ന കൗമാര നായകനും. ഇരുവരെയും ഒന്നിപ്പിച്ചത് നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം തന്നെ. പത്തു വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വാണിയുമായി പിരിഞ്ഞ ശേഷമാണ് കമലിന്റെ ജീവിതത്തിലേക്ക് സരികയും ഗൗതമിയുമൊക്കെ കടന്നുചെല്ലുന്നത്. “ഒരിക്കലും വിവാഹം കഴിക്കരുതായിരുന്നു. ഒരു കാലത്തും ഞാൻ വിവാഹത്തിൽ വിശ്വസിച്ചിട്ടില്ല.” നാല് വർഷം മുൻപ് വിശ്വരൂപം എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള മീറ്റ്‌ ദി പ്രസ്‌ പരിപാടിയിൽ കമൽ പറഞ്ഞു. സിനിമയിൽ നിന്ന് വിടവാങ്ങിയ ശേഷം അപൂർവമായേ കമലിനെ നേരിൽ കണ്ടിട്ടുള്ളൂ വിധുബാല. ഇന്നും വല്ലപ്പോഴുമൊക്കെ പഴയ `ചെമ്പകത്തൈകൾ’ ടെലിവിഷനിൽ കാണുമ്പോൾ പ്രണയ സുഗന്ധമുള്ള ഓർമ്മകൾ മനസ്സിനെ വന്നു മൂടാറുണ്ടെന്ന് വിധുബാല പറയുന്നു. “ആ ഗാനരംഗത്തിൽ അഭിനയിച്ച ദിവസം ഇന്നലെയെന്ന പോലെ ഓർമ്മയുണ്ട്. മറക്കാൻ പറ്റില്ലല്ലോ. അന്ന് വൈകുന്നേരമാണ് മുരളിയേട്ടൻ എന്നോട് ആദ്യമായി വിവാഹാഭ്യർത്ഥന നടത്തിയത്. ഔപചാരികമായ പ്രൊപ്പോസൽ ഒന്നും ആയിരുന്നില്ല. ഒരുമിച്ചു ജീവിക്കുക എന്ന ആശയം പങ്കുവെച്ചു എന്നു മാത്രം; കുറച്ചു നാൾ പഴക്കമുള്ള ഒരു പ്രണയത്തിന്റെ ക്ലൈമാക്സ് ആയിരുന്നു അത്.” തലേന്ന് എന്തോ ചെറിയ കാര്യം പറഞ്ഞു കലഹിച്ചതാണ് കാമുകീ കാമുകർ . എല്ലാ പ്രണയത്തിലും എന്ന പോലെ കലഹം ഒടുവിൽ വിവാഹത്തിൽ കലാശിച്ചു എന്നത് ഇന്നോർക്കുമ്പോൾ ചിരിക്കാൻ വകയുള്ള കാര്യം. “തീർച്ചയായും ഒരു തരം പ്രണയ ലഹരിയിൽ തന്നെയായിരുന്നു ആ ഗാനരംഗത്ത് അഭിനയിക്കുമ്പോൾ ഞാൻ. കമലും അങ്ങനെ തന്നെ ആയിരുന്നിരിക്കാം.” ആ ഷൂട്ടിംഗിനിടയ്ക്കാണ് വാണിയെ കല്യാണം കഴിക്കാൻ പോകുന്ന കാര്യം തികച്ചും അപ്രതീക്ഷിതമായി കമൽ പങ്കുവെച്ചതും. ലൊക്കേഷനിൽ ആഘോഷങ്ങൾക്ക് തിരികൊളുത്തിയ പ്രഖ്യാപനം. കമലുമായി വിധുബാല ഒന്നിച്ചഭിനയിച്ച ആദ്യചിത്രമായിരുന്നില്ല കാത്തിരുന്ന നിമിഷം. ആദ്യം ഒരുമിച്ചത് എം മസ്താൻ സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന സിനിമയിലാണ്. കമലിന്റെ അമ്മയുടെ വേഷമായിരുന്നു ആ പടത്തിൽ വിധുബാലക്ക്. അതുകഴിഞ്ഞ് കാത്തിരുന്ന നിമിഷം, ഓർമ്മകൾ മരിക്കുമോ എന്നീ ചിത്രങ്ങൾ. രണ്ടിലും കമലിന്റെ കാമുകിയാണ് വിധുബാല. ഏതു വിഷയത്തെ കുറിച്ചും സരസമായി സംസാരിക്കാൻ കഴിയുന്ന നല്ലൊരു കൂട്ടുകാരിയായിരുന്നു വിധു എന്നോർക്കുന്നു കമൽ. മുരളിയുമായും അടുത്ത സൗഹൃദമുണ്ട് കമലിന്. “വിധുബാലയുടെയും മുരളിയുടേയും പ്രണയത്തെ കുറിച്ച് നേരത്തേ തന്നെ അറിയാം. എന്റെ കണ്മുന്നിലൂടെ പൂവണിഞ്ഞ പ്രണയമാണത്. അവരോട് മാത്രമല്ല, ആ ലോക്കേഷനിലെ എല്ലാവരോടും ഹൃദയബന്ധം ഉണ്ടായിരുന്നു എനിക്ക് — സോമൻ, സുകുമാരൻ, ജയൻ, സുരാസു, വിജയൻ, വിപിൻ‌ദാസ്, സംവിധായകൻ ബേബിയേട്ടൻ, നിർമാതാവും സംഗീത സംവിധായകനുമായ രഘുകുമാർ …. എല്ലാവരും വേറിട്ട വ്യക്തിത്വങ്ങൾ. അവരാരും ഇന്ന് ഒപ്പമില്ലല്ലൊ എന്നോർക്കുമ്പോൾ വല്ലാത്ത നഷ്ടബോധം.”– കമൽ. — രവിമേനോൻ (മൺവിളക്കുകൾ പൂത്ത കാലം)