ഷൂട്ടിംഗിനിടെ ‘ഐ ലവ് യൂ സാര്‍’ എന്നു പറഞ്ഞത് ജോജുമാത്രം; പ്രസ് മീറ്റില്‍ തഗ് അടിച്ച് കമല്‍ ഹാസൻ

','

' ); } ?>

മണിരത്നവും കമല്‍ ഹാസനും ഒരുമിച്ചെത്തുന്ന ചിത്രം തഗ് ലൈഫ് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ചിത്രത്തിന്റെ ഓള്‍ ഇന്ത്യാ പ്രസ് മീറ്റില്‍ കമല്‍ ഹാസന്‍ പങ്കുവെച്ച രസകരമായ ഒരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

“ഈ സിനിമയില്‍ രണ്ട് നായികമാരുണ്ട്. എന്നാല്‍ ഷൂട്ടിനിടയിലോ സിനിമയിലോ ഒരിക്കല്‍ പോലും അവര്‍ എന്നോട് ഐ ലവ് യൂ എന്ന് പറഞ്ഞിട്ടില്ല. എന്നോട് ഐ ലവ് യൂ എന്ന് പറയുന്ന ഒരേയൊരാള്‍ ജോജു ജോര്‍ജാണ്. എന്നെ എപ്പോള്‍ കണ്ടാലും, അതിപ്പോള്‍ രാത്രിയായാലും പകലായാലും ‘ഐ ലവ് യൂ സാര്‍’ എന്നേ ജോജു ആദ്യം പറയുള്ളൂ. ഗുഡ് മോര്‍ണിങ്ങ് പോലും പറയില്ല,” എന്നായിരുന്നു കമല്‍ ഹാസന്റെ വാക്കുകള്‍.

ഇതിനോട് പ്രതികരിച്ച ജോജു ജോര്‍ജ്, “അദ്ദേഹത്തെ കണ്ടിട്ട് എങ്ങനെയാണ് ഐ ലവ് യൂ എന്ന് പറയാതെ പോകാൻ കഴിയുക?” എന്നും, “ചെറിയ ചെറിയ റോളുകൾ ചെയ്താണ് താൻ സിനിമയിൽ എത്തിയത്. കമല്‍ സാറിനെയും മണിരത്ന സാറിനെയും നേരിൽ കാണാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യമാണ്. അതിനാലാണ് കാണുമ്പോള്‍ ഐ ലവ് യൂ എന്ന് പറഞ്ഞുപോകുന്നത്,” എന്നും പ്രതികരിച്ചു.

ജൂണ്‍ 5ന് റിലീസ് ചെയ്യാന്‍ പോകുന്ന തഗ് ലൈഫ് ചിത്രം 37 വര്‍ഷത്തിനു ശേഷം കമല്‍ ഹാസനും മണിരത്നവും ഒരുമിക്കുന്ന വൻതാരനിരയോടെ ഒരുക്കുന്ന പ്രൊജക്ടാണ്. മലയാളി നടൻ ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സംഗീതം എ.ആര്‍ റഹ്മാനും എഡിറ്റിംഗും ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു. ഛായാഗ്രഹണം രവി കെ. ചന്ദ്രനും ആക്ഷൻ കൊറിയോഗ്രഫി അൻപറിവ് മാസ്റ്റേഴ്സുമാണ് കൈകാര്യം ചെയ്യുന്നത്. രഞ്ജിത്ത് അമ്പാടിയുടെ മേക്കപ്പ്, ശർമ്മിഷ്ഠ റോയ്യിന്റെ പ്രൊഡക്ഷൻ ഡിസൈൻ, ഏകാ ലഖാനി കോസ്റ്റ്യൂം ഡിസൈൻ.