
പൊതുവേദിയിൽ വാൾ സമ്മാനമായി നൽകിയ ആരാധകനോട് ദേഷ്യപ്പെട്ട് നടൻ കമൽഹാസൻ. ചെന്നൈയിൽ നടന്ന പാർട്ടി മീറ്റിങ്ങിനിടെയാണ് സംഭവം. നിരവധി ആളുകൾ കമലിനൊപ്പം ഫോട്ടോ എടുക്കാനായി വേദിയിലേക്ക് എത്തിയിരുന്നു. ഇതിനിടെയാണ് രണ്ട് മൂന്ന് പേർ വാളുമായി എത്തിയത്. വാളുമായി എത്തിയ ആളുകളോട് കമൽ ദേഷ്യപ്പെടുന്നുണ്ട്. തൊട്ടുപിന്നാലെ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
നാല് ആരാധകർ ചേർന്ന് കമൽ ഹാസന് വാൾ നൽകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആദ്യം ശാന്തമായി ഫോട്ടോയ്ക്ക് പോസ് ചെയ്തെങ്കിലും ആരാധകർ വാൾ പുറത്തെടുക്കാൻ ശ്രമിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം രോഷം പ്രകടിപ്പിക്കുന്നതുകാണാം. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. കമൽ ഹാസനെ കൊല്ലാൻ നോക്കുവാണോ എന്ന് ആരാധകർ തമാശ രൂപേണ കമന്റ് ചെയ്യുന്നുണ്ട്.
അതേസമയം കമൽ ഹാസന്റെ മണിരത്‌നം ചിത്രം തഗ് ലൈഫ് ബോക്‌സ് തിയേറ്ററിൽ കൂപ്പുകുത്തുന്ന കാഴ്ചയായിരുന്നു കണ്ടത്. ഒരുപാട് പ്രതീക്ഷകളുമായെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസിൽ യാതൊരു ചലനവും സൃഷ്ടിക്കാൻ സാധിച്ചില്ല.
കമൽ ഹാസനൊപ്പം സിമ്പുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെൽവൻ, അലി ഫസൽ, ജിഷു സെൻഗുപ്ത, സാന്യ മൽഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. എ.ആർ റഹ്‌മാനായിരുന്നു സംഗീതമൊരുക്കിയത്.