“അര്‍ഹരായവരുടെ എണ്ണം കൂടുതലാണ്, എന്റെ സഹോദരന് അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം”; കമൽഹാസൻ

','

' ); } ?>

പരമോന്നത ബഹുമതി ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ അഭിനന്ദിച്ച് കമല്‍ ഹാസന്‍. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ഈ പുരസ്‌കാരം കമല്‍ ഹാസനും, മമ്മൂട്ടിക്കും നൽകേണ്ടതായിരുന്നെന്ന അഭിപ്രായങ്ങളെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു കമൽഹാസന്റെ അഭിനന്ദനം. താന്‍ സഹോദര തുല്യനായി കാണുന്ന മോഹന്‍ലാലിന് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. തമിഴ് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“മോഹന്‍ലാലിന് ഈ അവാര്‍ഡ് ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്, അഭിമാനമുണ്ട്. എത്രയോ പേര്‍ കാത്തിരിക്കുന്ന അവാര്‍ഡാണ്. എനിക്ക് കിട്ടിയില്ല അവന് കിട്ടിയില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അര്‍ഹരായവരുടെ എണ്ണം അത്രയും കൂടുതലാണ്. അക്കൂട്ടത്തില്‍ എന്റെ സഹോദരന് അവാര്‍ഡ് ലഭിച്ചതില്‍ ഏറെ സന്തോഷം”. കമല്‍ ഹാസന്‍ പറഞ്ഞു.

2023ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ആണ് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹേബ് പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. 2004ലാണ് അടൂര്‍ ഗോപാലകൃഷ്ണന് ഈ പുരസ്‌കാരം ലഭിക്കുന്നത്. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം മോഹന്‍ലാലിന് സമ്മാനിക്കും.

ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണ് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം.