
ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകൾ കാരണം ഓണാഘോഷങ്ങൾ മാറ്റിവെക്കേണ്ടി വന്നതിന്റെ വിഷമം പങ്കുവെച്ച് നടി കല്യാണി പ്രിയദർശൻ. രൺവീർ സിങ് നായകനാകുന്ന ‘പ്രളയ്’ എന്ന സിനിമയുടെ മുംബൈയിലെ ലൊക്കേഷനിലായതിനാലാണ് താരത്തിന് കുടുംബത്തോടൊപ്പമുള്ള ഓണസദ്യയും ആഘോഷങ്ങളും നഷ്ടമായത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്.
മുംബൈയിലെ ഷൂട്ടിങ് തിരക്കുകൾ കാരണം ഇത്തവണത്തെ ഓണക്കാലത്ത് കസവ് സാരി ധരിച്ച ചിത്രങ്ങളോ സദ്യയുടെ വിശേഷങ്ങളോ പങ്കുവെക്കാനില്ലെന്ന് നടി കുറിച്ചു. പകരം കഴിഞ്ഞ ഏതാനും മാസങ്ങളിലെ ഓർമച്ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം എല്ലാവർക്കും സന്തോഷകരമായ ഓണാശംസകളും നേർന്നു. തന്റെ പിറന്നാൾ ആഘോഷം, ഫോട്ടോഷൂട്ടുകൾ, ‘പ്രളയ്’ സിനിമയുടെ തിരക്കഥ എന്നിവയുടെ ചിത്രങ്ങളാണ് കല്യാണി പങ്കുവെച്ചിട്ടുള്ളത്.
ജയ് മേത്ത ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ‘പ്രളയ്’ ഒരു സോംബി ആക്ഷൻ ത്രില്ലറാണ്. ജയ് മേത്തയും വിശാൽ കപൂറും ചേർന്ന് തിരക്കഥയൊരുക്കിയ ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ കഥയോ കഥാപാത്രങ്ങളെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.
സംവിധായകൻ പ്രിയദർശന്റെയും നട ലിസിയുടെയും മകളായ കല്യാണി തെലുങ്ക് ചിത്രമായ ‘ഹലോ’യിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം, ഒടുവിൽ തിയേറ്ററിലെത്തിയ ‘ഓടും കുതിര ചാടും കുതിര’യിലും ശ്രദ്ധേയ വേഷം ചെയ്തു. മലയാളത്തിലെ സർവകാല ഹിറ്റുകളിലൊന്നായ ‘ലോക: ചാപ്റ്റർ വൺ-ചന്ദ്ര’യിലെ വാംപയർ വേഷത്തിന് ശേഷം വലിയ പ്രശംസയാണ് നടിയെ തേടിയെത്തിയത്. ‘ജീനി’, ‘മാർഷൽ’ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളും കല്യാണിയുടേതായി പുറത്തിറങ്ങാനുണ്ട്.