
താൻ പറയുന്ന കാര്യങ്ങളിൽ നിന്ന് ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമ രീതിക്കെതിരെ കടുത്ത വിമർശനവുമായി നടി നിഖില വിമൽ. വിശദമായി സംസാരിക്കുന്ന കാര്യങ്ങളിൽ നിന്ന് ഒറ്റ വാക്ക് മാത്രം വേർതിരിച്ചെടുത്ത് തെറ്റായ രീതിയിൽ വാർത്തയാക്കുകയാണെന്നും, വ്യൂസിനും വൈറൽ കണ്ടന്റിനും വേണ്ടി മാത്രം നടത്തുന്ന ഇത്തരം ഇടപെടലുകൾ വ്യക്തികളെ ബാധിക്കുന്നത് മാധ്യമങ്ങൾ ശ്രദ്ധിക്കാറില്ലെന്നും 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിഖില തുറന്നടിച്ചു.
വിഷയങ്ങളിൽ താൻ നൽകുന്ന വിശദീകരണങ്ങൾ പൂർണ്ണമായി നൽകാൻ പലപ്പോഴും മാധ്യമങ്ങൾ തയ്യാറാകുന്നില്ല. എഡിറ്റ് ചെയ്ത് മാറ്റിയ വാർത്തകളിൽ പിന്നീട് വിശദീകരണം നൽകാൻ ശ്രമിച്ചാൽ അതിൽ നിന്നും വീണ്ടും ഒരു ചെറിയ ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ രീതി. സത്യാവസ്ഥ അന്വേഷിക്കാൻ ആരും മുതിരുന്നില്ലെന്നും ഇതിൽ ടെൻഷനടിച്ച് കാര്യമില്ലെന്ന അവസ്ഥയാണുള്ളതെന്നും നിഖില ചൂണ്ടിക്കാട്ടി.
പൊതുസ്ഥലങ്ങളിൽ വെച്ച് മൊബൈൽ ക്യാമറകൾ പെട്ടെന്ന് മുഖത്തേക്ക് നീട്ടിയുള്ള ചോദ്യം ചെയ്യലുകൾ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരിക്കാതെ മാറിപ്പോയാൽ തങ്ങളെ ‘അഹങ്കാരികൾ’ എന്ന് മുദ്രകുത്തും. എന്നാൽ എന്തെങ്കിലും മറുപടി നൽകിയാൽ അത് പുതിയ വിവാദങ്ങൾക്ക് വഴിതുറക്കുകയും ചെയ്യും.
വാർത്താ സമ്മേളനങ്ങളിൽ വെച്ച് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കാത്തവർ, വഴിയരികിൽ വെച്ച് പെട്ടെന്ന് ക്യാമറയുമായി വരുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണെന്നും നിഖില ആരോപിക്കുന്നു. പ്രസ് മീറ്റുകളിലെ ചോദ്യങ്ങൾക്ക് വലിയ റീച്ച് കിട്ടില്ലെന്നും, വഴിയരികിൽ വെച്ച് ആളെ തടഞ്ഞുനിർത്തി ചോദിക്കുമ്പോൾ കൂടുതൽ റീച്ച് ലഭിക്കുമെന്നുമുള്ള ബോധ്യമാണ് ഇത്തരം മാധ്യമ രീതികൾക്ക് പിന്നിലെന്നും നടി വ്യക്തമാക്കി.
നിഖിലയുടെ വാക്കുകൾ;
”ടെന്‍ഷനടിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അവര്‍ക്ക് അത് കണ്ടന്റായി തോന്നിക്കഴിഞ്ഞാല്‍ പിന്നെ അത് അങ്ങനെ പോയി. അതിന്റെ സത്യാവസ്ഥയൊന്നും ആരും അന്വേഷിക്കില്ല. ഒന്ന്, ഞാന്‍ വളരെ വിശദമായി കാര്യങ്ങള്‍ പറയുന്ന ആളാണ്. അതില്‍ ഒരു വാക്ക് മാത്രമെടുത്ത് അത് എന്റെ പ്രസ്താവനയായി ഇടുന്നതിനോട് എനിക്ക് താല്പര്യമില്ല. അതിന് മുമ്പും ശേഷവും ഞാന്‍ പറഞ്ഞത് ഉണ്ടാകില്ല.
അതിന് ശേഷം ഞാനതില്‍ വിശദീകരണം നല്കാന് പോയാല്‍ വീണ്ടും ഇതെല്ലാം വിശദീകരിക്കണം. അതിനുകത്തു നിന്നും ഒരു ഭാഗം മാത്രമേ വരൂ. അവരെ സംബന്ധിച്ച് അതൊരു വാര്‍ത്ത മാത്രമാണ്. അത് മറ്റുള്ളവര്‍ എങ്ങനെയെടുക്കുമെന്നത് അവരെ സംബന്ധിച്ച് ഒരു വിഷയമല്ല. ഇത് ഇട്ടാല്‍ ഇന്ന് വൈറലാണ് എന്ന് മാത്രമാകും ചിന്ത. എന്റെ കാര്യത്തില്‍ അത് കുറച്ചധികം സംഭവിക്കാറുണ്ട്.
ഇന്റര്‍വ്യു ആണെങ്കില്‍ നമുക്ക് പറയാം അത് എഡിറ്റ് ചെയ്ത് കളയണമെന്ന്. ചോദിക്കരുത് എന്നും പറയാം. മൊബൈലൊക്കെ പെട്ടെന്ന് മുഖത്തേക്ക് കൊണ്ടു വന്നാല്‍ ഒന്നും ചെയ്യാനാകില്ല. മിണ്ടാതെ പോയാല്‍ അവര്‍ പറയുക അഹങ്കാരമാണെന്നാകും. മിണ്ടിയാലും അതിനൊരു കാരണമുണ്ടാകും. അത് അനാവശ്യമായി എനിക്ക് തോന്നാറുണ്ട്.
നമ്മളൊരു പ്രസ് മീറ്റിലിരിക്കുമ്പോഴും ഇവരൊക്കെ അവിടെ തന്നെയുണ്ടാകും. പക്ഷെ അപ്പോഴൊന്നും അവരത് ചോദിക്കില്ല. അതിന് വലിയ റീച്ചുണ്ടാകില്ല. പക്ഷെ നമ്മള് അതുവഴി പോകുമ്പോള്‍ വന്ന് ചോദിക്കുന്നതിന് കുറച്ചു കൂടി റീച്ചുണ്ടാകുമെന്ന് അറിയുന്നതു കൊണ്ട് വന്ന് ചോദിക്കുന്നതാണ്.”