മനസ്സ് കക്കും കള്ളന്‍ ഡിസൂസ

മലയാള സിനിമയില്‍ ഒട്ടേറെ കള്ളന്‍മാരുടെ കഥ പറഞ്ഞ സിനിമകളുണ്ടായിട്ടുണ്ടെങ്കിലും പ്രേക്ഷകനെ സംതൃപ്തിപ്പെടുത്തുന്നുണ്ട് കള്ളന്‍ ഡിസൂസ. കള്ളന്‍മാരുടെ നന്‍മ കഥകളാണ് പലപ്പോഴും സിനിമയായിട്ടുള്ളതെങ്കില്‍ അതേ പാതയില്‍ തന്നെയാണ് കള്ളന്‍ ഡിസൂസയും. പക്ഷേ പറയുന്ന പ്രമേയത്തില്‍ സദാചാരക്കാരുടെ സമ്മതത്തിനോ കയ്യടിക്കോ കാത്തുനില്‍ക്കാതെ കള്ളന്‍ ഡിസൂസ അണിയിച്ചൊരുക്കിയ ജിത്തു കെ ജയന്റെ ധൈര്യത്തിന് അഭിനന്ദിക്കാം. ചിത്രത്തിന്റെ ആദ്യ പകുതിയിലെ ഇന്റര്‍വെല്‍ പഞ്ച് ഗംഭീരമായിരുന്നു. കഥാപാത്രങ്ങളുടെ ഡീറ്റെയിലിംഗ് തന്നെയാണ് സവിശേഷതയായി തോന്നിയത്. ഏച്ചുകെട്ടലുകളോ അതിഭാവുകത്വമോ ഇല്ലാതെ കഥ പറഞ്ഞതും കള്ളന്‍ ഡിസൂസയെ വ്്യത്യസ്തമാക്കുന്നു. ചിത്രത്തിലെ പശ്ചാതല സംഗീതം വൈകാരിക രംഗങ്ങളെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കാന്‍ സഹായിച്ചു. കൈലാസ് മേനോന്‍ ആണ് പശ്ചാതലസംഗീതം നിര്‍വ്വഹിച്ചത്. കിത്താബാ എന്ന ലിയോ ടോമിന്റെ സംഗീതത്തിലൊരുങ്ങിയ ഗാനവും, ‘തനിച്ചാകുമീ’ എന്നു തുടങ്ങുന്ന ബി.കെ.ഹരിനാരായണന്‍ വരികള്‍ കുറിച്ച് പ്രശാന്ത് കര്‍മ സംഗീതം നിര്‍വ്വഹിച്ച ഗാനവും ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു.

സജീര്‍ ബാബയുടെ രചനയില്‍ നവാഗതനായ ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത ചിത്രം തുടക്കക്കാരുടെ യാതൊരുതരത്തിലുള്ള പാകപിഴകളുമില്ലാതെയാണ് ഒരുക്കിയിട്ടുള്ളത്. വാണിജ്യസിനിമയിലുടനീളം മുഴുനീള കഥാപാത്രമായെത്തിയ സുരഭിലക്ഷ്മി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. സൗബിന്‍, ദിലീഷ് പോത്തന്‍, രമേശ് വര്‍മ്മ, തുടങ്ങിയവരെല്ലാം റോളുകള്‍ ഭംഗിയാക്കി. ഹരീഷ് കണാരന്‍, വിജയ രാഘവന്‍, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂര്‍, ഡോ.റോയ് ഡേവിഡ്, പ്രേം കുമാര്‍, രമേശ് വര്‍മ്മ, വിനോദ് കോവൂര്‍, കൃഷ്ണ കുമാര്‍, അപര്‍ണ നായര്‍ എന്നിവരെല്ലാം നന്നായിരുന്നു. അരുണ്‍ ചാലിലിന്റെ ഛായാഗ്രഹണവും,റിസാല്‍ ജൈനിയുടെ ചിത്രസംയോജനം എന്നിവയെല്ലാം ചിത്രത്തിന് കൂടുതല്‍ മിഴിവേകി.