വിട്ടു’കള’യരുതാത്ത കാഴ്ച്ചയുടെ രാഷ്ട്രീയം

അഡ്വഞ്ചര്‍ ഒാഫ് ഓമനക്കുട്ടന്‍, ഇബ്‌ലിസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി.എസ് സംവിധാനം ചെയ്ത ചിത്രമാണ് കള. നേരത്തെ ടെയ്‌ലറുകള്‍ ഇറങ്ങിയ ഘട്ടം മുതല്‍, ടൊവിനോയ്ക്ക് ചിത്രീകരണത്തിനിടെ പരുക്ക് പറ്റിയ സംഭവമുള്‍പ്പെടെ വാര്‍ത്തകളിലിടം നേടിയ കള പ്രേക്ഷകരെ ഒരിയ്ക്കലും നിരാശരാക്കില്ല. ദുരൂഹതകളേയും ആകാംക്ഷകളേയും ക്യാമറയിലും പശ്ചാതല സംഗീതത്തിലും ആവിഷ്‌കരിച്ച കളയുടെ ആദ്യ പകുതി പുത്തന്‍ കാഴ്ച്ചാനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഒരു കഥാപാത്രത്തിന്റേയും ഡീറ്റെയ്‌ലിംഗിലേക്കോ പൂര്‍വ്വകാലത്തിലേക്കോ ഒന്നും പോകാതെ വെറും കാഴ്ച്ചകളിലൂടെ മാത്രം കഥാപരിസരം സൃഷ്ടിച്ചെടുത്ത ബ്രില്ല്യന്‍സ് ചിത്രത്തിന്റെ രണ്ടാംപകുതിയോടെ ലക്ഷ്യത്തിലേക്ക് തിരിയുകയാണ്. കൂടുതല്‍ സംഭാഷണങ്ങളുടേയോ വിശദീകരണങ്ങളുടേയോ ആവശ്യമില്ല, ഓരോ ഫ്രെയ്മും രാഷ്ട്രീയം പറയുന്നുണ്ടെങ്കില്‍ അത് ധാരാളമെന്ന് ചിത്രം മുന്നോട്ട് പോകുമ്പോള്‍ വ്യക്തമാകും.

കേവലം രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം എന്നതിനുമപ്പുറം ശക്തമായ രാഷ്ട്രീയത്തിന് തീപിടിക്കുന്ന രണ്ടാം പകുതി അല്ലെങ്കില്‍ ചിത്രത്തിന്റെ പകുതിയിലധികം സമയവും സംഘര്‍ഷഭരിതമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. മണ്ണും സ്വത്തും വെട്ടിപിടിച്ച് നിധി കാക്കുന്ന പോലെ ജീവിക്കുന്ന മനുഷ്യരോട് അതിനുമപ്പുറത്തെ വൈകാരിക ബന്ധങ്ങളും വികാരങ്ങളുമുള്ള സഹജീവികളാണ് ഞങ്ങളെന്നുള്ള ഒരു കൂട്ടം മനുഷ്യരുടെ വിളിച്ചുപറയലും ഓര്‍മ്മപ്പെടുത്തലുമാണ് ചിത്രം. ചിത്രത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നവര്‍ക്ക് അങ്ങിനെയും അതല്ല സാങ്കേതിക നിലവാരവും, ആസ്വാദനപരമായ കാഴ്ച്ചപ്പാടും വെച്ചു പുലര്‍ത്തുന്നവരെ അത്തരത്തിലും സംതൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും അവതരണത്തിലുമെല്ലാം സൂക്ഷ്മത പുലര്‍ത്തിയത് ചിത്രത്തെ മനോഹരമാക്കി. സുമേഷ് മൂര്‍ എന്ന നടന്‍ പ്രകടനത്തില്‍ പലപ്പോഴും ടൊവിനോയ്ക്ക് ഒരുപടി മുന്നില്‍ നില്‍ക്കുന്ന കാഴ്ച്ചയാണ് കാണാനായത്. ലാല്‍, ദിവ്യപിള്ള തുടങ്ങീ മറ്റുതാരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

യദു പുഷ്പാകരന്‍, രോഹിത് വി.എസ് എന്നിവരാണ് കളയ്ക്ക് തിരക്കഥയൊരുക്കിയത്. അഖില്‍ ജോര്‍ജ്ജിന്റെ ഛായാഗ്രഹണവും, ചമന്‍ ചാക്കോയുടെ ചിത്രസംയോജനവും ചിത്രത്തെ ചടുലമാക്കി നിലനിര്‍ത്തി. സ്വാഭാവിക സംഘട്ടനരംഘങ്ങള്‍ ഇടകലര്‍ത്തിയുള്ള ആക്ഷന്‍ കൊറിയോഗ്രാഫിയും പശ്ചാതല സംഗീതവും പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. വിട്ടുകളയരുതാത്ത രാഷ്ട്രീയവും കാഴ്ച്ചയും അവശേഷിപ്പിക്കുന്ന കള ഒരുതവണയെങ്കിലും കണ്ടിരിക്കണം. സിനിമ സ്വപ്‌നം കാണുന്ന യുവസലമുറയുടെ പുത്തന്‍ പരീക്ഷണങ്ങള്‍ക്കുള്ള കയ്യടിയാകട്ടെ കളയ്ക്കുള്ള ഒരോ ടിക്കറ്റും.