”ജീവാംശമായ് താനെ…” തീവണ്ടിയിലെ സംഗീതയാത്രയെക്കുറിച്ച് കൈലാസ് മേനോന്‍..സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ്‌.

‘തീവണ്ടി’ എന്ന ഫെലിനി ചിത്രം തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുമ്പോള്‍ അതീവ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരെല്ലാം. മലയാളത്തിന് ഒരു പുതിയ സംഗീതസംവിധായകനെ കൂടെ സമ്മാനിച്ചാണ് തീവണ്ടി കടന്ന് പോകുന്നത്. തന്റെ ആദ്യ ചിത്രത്തിലെ സംഗീതം പ്രേക്ഷകര്‍ക്ക് അത്രയേറെ സ്വീകാര്യമാവുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു കൈലാസ് മേനോന്. തന്നെ വിശ്വസിച്ച സംവിധായകനോടുള്ള കടപ്പാട് തുറന്ന് പറയുകയാണ് കൈലാസ് മേനോന്‍. ആദ്യ ചിത്രത്തിലെ ഗാനം, ചിത്രമിറങ്ങും മുന്‍പേ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. ലക്ഷകണക്കിന് ആസ്വാദകരാണ് പാട്ട് ആസ്വദിച്ചതും വൈറലാക്കിയതും. ശ്രേയ ഘോഷല്‍ എന്ന അനുഗ്രഹീത ഗായികയും കെ.എസ് ഹരിശങ്കറും ചേര്‍ന്ന് ഗാനത്തിന് ശബ്ദം നല്‍കിയപ്പോള്‍ ബി.കെ ഹരിനാരായണനാണ് ആത്മാവുള്ള വരികള്‍ രചിച്ചത്. കൈലാസ് മോനോനുമായി ഹരിനാരായണന്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഗാനത്തിന്റെ വരികളും സംഗീതവും ചേരുംപടി ചേര്‍ന്നെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു. തന്റെ തീവണ്ടിയിലെ സംഗീതയാത്രയെക്കുറിച്ച് അദ്ദേഹം സെല്ലുലോയ്ഡിനോഡ് മനസ്സ് തുറക്കുന്നു…

. ജീവാംശമായി എന്ന ഗാനം പുറത്തിറങ്ങിയതോടെ വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചിട്ടുള്ളത്….  എന്താണ് ഇപ്പോള്‍ മനസ്സില്‍ തോന്നുന്നത്..?

സിനിമയും പാട്ടും ഒരു പോലെ ചേരുമ്പോഴാണ് സിനിമാഗാനം പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്നത്. അത്തരത്തില്‍ പ്രേക്ഷകരില്‍ നിന്ന് നല്ല രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പക്ഷേ ഈ ഗാനം ഹിറ്റാകുമോ എന്ന് ആശങ്കപ്പെട്ടിരുന്നവരാണ് സിനിമയുടെ അണിയറയിലുണ്ടായിരുന്ന പലരും. ഷൂട്ടിംഗ് കഴിഞ്ഞ് റഫ് എഡിറ്റിംഗിന് ശേഷമാണ് സംഗീതത്തെ കുറിച്ച് പലര്‍ക്കും സംശയമുണ്ടായത്. പാട്ടും വീഡിയോയും മാച്ചാവുന്നുണ്ടോ എന്നായിരുന്നു സംശയം. എല്ലാവരും ചുറ്റുമിരുന്ന് പാട്ട് മാറ്റണമെന്ന് ഫെലിനിയോട് ആവശ്യപ്പെട്ടു. ഫെലിനി തന്നെ ഇത് വര്‍ക്ക് ഔട്ടാകുമോ എന്ന ആശങ്ക ടീം അറിയിച്ച കാര്യം വിളിച്ച് പറഞ്ഞിരുന്നു. അപ്പോള്‍ ഫൈനല്‍ എഡിറ്റിംഗിന് ശേഷം അത് വര്‍ക്ക് ഔട്ടാവുന്നില്ലെങ്കില്‍ മാറ്റി ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. ഫെലിനി എന്നാല്‍ ശരിയെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. നമ്മളെ വിശ്വാസത്തിലെടുക്കുമെന്നതാണ് ഫെലിനിയുടെ പ്രത്യേകത. നേരത്തെ അഭിപ്രായം പറഞ്ഞ ആളുകള്‍ തന്നെ ഫൈനല്‍ എഡിറ്റിംഗ് കഴിഞ്ഞപ്പോള്‍ നന്നായെന്ന് പറഞ്ഞു. നിങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് പാട്ട് ചെയ്തതെന്നും ഇനിയൊരിക്കലും പാട്ടിനെ കുറിച്ച് അഭിപ്രായം പറയില്ലെന്നുമാണ് അവര്‍ കൂട്ടിചേര്‍ത്തത്. പാട്ട് നന്നാകുമെന്ന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഇത്രമാത്രം വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും പാടുന്ന പാട്ടിനേക്കാള്‍ ഉപരി എല്ലാവരും പാടാന്‍ ആഗ്രഹിക്കുന്ന പാട്ട് ചെയ്യുക എന്നതായിരുന്നു ഈ ഗാനം ചെയ്യുമ്പോള്‍ വിചാരിച്ചത്. സിനിമയുടെ പ്രചരണത്തിനും പാട്ട് ഒരുപാട് ഗുണം ചെയ്തു.

. എങ്ങനെയാണ് ‘തീവണ്ടി’ യിലേക്കെത്തിച്ചേരുന്നത് ….?

സംവിധായകന്‍ ഫെലിനിയെ അഞ്ച് ആറ് വര്‍ഷമായിട്ട് പരിചയമുണ്ട്. സെക്കന്റ് ഷോ എന്ന സിനിമയുടെ അസിസ്റ്റന്റായിരുന്നു ഫെലിനി. ആ സിനിമയുടെ സൗണ്ട് മിക്‌സിംഗ് ചെയ്തത് ഞാനാണ്. പിന്നീട് ഫെലിനി സംവിധാനം ചെയ്ത ഒരു പരസ്യത്തിന്റെ ജിംഗിള്‍ ചെയ്തതും ഞാനാണ്. അഞ്ച് വര്‍ഷത്തോളമുള്ള ഫെലിനിയുടെ പരിശ്രമത്തിനൊടുവില്‍ സിനിമ ചെയ്യാന്‍ അവസരെമൊത്തപ്പോള്‍ എന്നെ തന്നെ സംഗീതം ചെയ്യാനായി വിളിക്കുകയായിരുന്നു.

. ജിംഗിള്‍’ ചെയ്ത് കൊണ്ടാണ് താങ്കള്‍ ഇ മേഖലയിലേക്ക് കടന്ന് വന്നത്… ആ കാലത്തെക്കുറിച്ച് ഒന്ന് പറയാമൊ…?

പത്ത് വര്‍ഷത്തോളമായി പ്രമുഖ ബ്രാന്റുകള്‍ക്ക് വേണ്ടി ജിംഗിള്‍ ചെയ്ത് കൊണ്ടിരിക്കുന്നു. പക്ഷേ ജിംഗിള്‍ ന് മുമ്പേ ആദ്യം ഒരു സിനിമയ്ക്കാണ് സംഗീതം നിര്‍വ്വഹിച്ചത്. കേരള പോലീസ് എന്നായിരുന്നു സിനിമയുടെ പേര്. പക്ഷേ അതിലെ മൂന്ന് പാട്ടുകളും പടത്തിലുപയോഗിച്ചില്ല. ആ സമയത്ത് നല്ല വിഷമവും നിരാശയും തോന്നിയിരുന്നു. അങ്ങിനെയാണ് ഒരു പരസ്യത്തിന് ജിംഗിള്‍ ചെയ്യാന്‍ അവസരം വരുന്നത്. ഭീമയുടെ ‘ഏതോ ഏതോ ഈ സൗന്ദര്യം’ എന്ന പരസ്യ ജിംഗിള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന് പിറകെ നിരവധി പരസ്യ ജിംഗിളുകള്‍ ചെയ്യാന്‍ അവസരങ്ങള്‍ വന്നു. പരസ്യ രംഗത്തുള്ള വെല്ലുവിളി എന്താണെന്ന് വെച്ചാല്‍ ഒരുപാട് പേരെ സംതൃപ്തിപ്പെടുത്തണം. ഏജന്‍സി, സംവിധായകന്‍, ഉടമ. അങ്ങിനെ ഒരോ വര്‍ക്ക് ചെയ്യുമ്പോഴും വ്യത്യസ്തമായ അനുഭവങ്ങളാണ്. വ്യത്യസ്ത ഉത്പന്നങ്ങള്‍, വ്യത്യസ്ത സംഗീതം. പത്ത് വര്‍ഷകാലം കൊണ്ട് ആയിരത്തോളം പരസ്യങ്ങള്‍ക്ക് സംഗീതം ചെയ്തു. അതിനിടെ 2013-ല്‍ സ്റ്റാറിംഗ് പൗര്‍ണമി എന്ന സിനമയ്ക്ക് സംഗീതം ചെയ്തിരുന്നു. പക്ഷേ എഴുപത്തിയഞ്ച് ശതമാനം ചിത്രീകരണം നടന്നതിന് ശേഷം സിനിമ നിന്നു പോയി. ഇപ്പോഴാണ് സമയം ശരിയായത്.

. എങ്ങനെയാണ് സംഗീതത്തിലേക്കെത്തിയത്…?

സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ ലളിത ഗാനം, ഗ്രൂപ്പ് സോംഗ് അതെല്ലാമുണ്ടായിരുന്നു. ആ സമയത്ത് കര്‍ണാടിക് സംഗീതം കുറച്ച് പഠിച്ചിട്ടുണ്ട്. കീ ബോര്‍ഡ് പഠിക്കാന്‍ ചേര്‍ന്നിട്ടില്ല. പക്ഷേ നാലാം ക്ലാസ് മുതലേ കയ്യിലുണ്ട്. തനിയേ വായിക്കാനാണിഷ്ടം. പക്ഷേ യാതൊരു ഗാന പാരമ്പര്യവും അവകാശപ്പെടാനുണ്ടായിരുന്നില്ല. അന്നേ പഠിച്ച് ചെയ്യുന്നതിനേക്കാള്‍ സ്വന്തമായെന്തെങ്കിലും ചെയ്യാനാണിഷ്ടം.

ആദ്യമായിട്ട് 2002-2003 സമയത്ത് ക്ലാസിലിരുന്ന് ബോറടിച്ചപ്പോള്‍ ഒരു പാട്ട് സ്വന്തമായെഴുതി കംപോസ് ചെയ്തു. പിന്നെയാണ് റെക്കോര്‍ഡ് ചെയ്യാമെന്ന് വിചാരിച്ചത്. ആല്‍ബങ്ങളുടെ കാലമാണ്. നേരെ സ്റ്റുഡിയോയിലേക്ക് ഇടിച്ച് കയറി ആല്‍ബം റെക്കോര്‍ഡ് ചെയ്യണമെന്ന് പറയുകയായിരുന്നു. പതിനാറാമത്തെ വയസ്സില്‍ ആല്‍ബം റെക്കോര്‍ഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ തന്നെ എന്റെ വഴി സംഗീതമാണെന്ന് ബോധ്യപ്പെട്ടു. പിന്നെ എഞ്ചിനീയറും ഡോക്ടറുമാവാന്‍ താല്‍പര്യമില്ലെന്ന് വീട്ടുകാരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു.

രണ്ട് തരത്തില്‍ സംഗീതം ചെയ്യാം. ഒന്നുകില്‍ സംഗീതം അരച്ച് കലക്കി കുടിച്ചിട്ട് സംഗീതം ചെയ്യാം. അല്ലാതെ ചെയ്യുന്നവരുമുണ്ട്. രണ്ടിനും രണ്ടിന്റേതായ ഗുണങ്ങളുണ്ട്. സൗണ്ട് എഞ്ചിനീയറിംഗ് പഠിച്ചിട്ടുണ്ട്. ഗോപിസുന്ദറിന്റെ സ്റ്റുഡിയോയില്‍ പത്ത് വര്‍ഷം മുന്‍പ് ജോലി ചെയ്തിട്ടുണ്ട്. ആ സമയത്ത് ഔസേപ്പച്ചന്‍ സാറിന്റെ കൂടെ വര്‍ക്ക് ചെയ്തതെല്ലാം നല്ല അനുഭവമായിരുന്നു. പിന്നെയാണ് സ്വന്തമായി സ്റ്റുഡിയോ തുടങ്ങുന്നത്.

. എങ്ങനെയാണ് ശ്രേയ ഘോഷാലിന്റെ ശബ്ദം ഗാനത്തിലേക്കെത്തിക്കാന്‍ സാധിച്ചത്…?

ജീവാംശമായ് എന്ന ഗാനം ഒരു പുരുഷ ശബ്ദത്തില്‍ പാടുന്നതിനായുണ്ടാക്കിയതാണ്. സിനിമയില്‍ നായകനും നായികയും വര്‍ഷങ്ങളായി പ്രണയിക്കുന്ന രംഗങ്ങളാണ്. അങ്ങിനെയാണ് ഫീമെയില്‍ വോയ്‌സ് ഉള്‍പ്പെടുത്തിയാല്‍ നന്നാവുമെന്ന് തോന്നിയത്. ചെറിയ ബജറ്റ് മൂവിയായത് കൊണ്ട് നടക്കുമോ എന്നുറപ്പില്ലായിരുന്നു. പിന്നെ രണ്ടും കല്‍പ്പിച്ച് സോംഗ് അയച്ച് കൊടുത്തു. ശ്രേയയ്ക്ക് അതിഷ്ടപ്പെട്ടു. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ബോംബെയില്‍ പോയി റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. അത്രയും വിനയമുള്ള കഠിനാധ്വാനിയായ ആര്‍ടിസ്റ്റിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയതും നല്ല അനുഭവമായിരുന്നു. കുറേ കാര്യങ്ങള്‍ അവരില്‍ നിന്നും പഠിക്കാന്‍ പറ്റി.

.ഗാനത്തിന് ഇത്ര അനുയോജ്യമായ വരികള്‍ ലഭിച്ചതെങ്ങനെയാണ്..? ഹരിനാരായണനൊപ്പമുള്ള എക്‌സ്പ്പീരിയന്‍സിനെക്കുറിച്ച് ഒന്ന് പറയാമൊ….?

ഹരിനാരായണനെ നേരിട്ട് കണ്ടിട്ടില്ല. വാട്ട്‌സാപ്പിലൂടെയാണ് വരികള്‍ അയച്ച് തന്നത്. പാട്ട് അയച്ച് കൊടുത്തപ്പോള്‍ ഇഷ്ടപ്പെട്ട് പത്ത് മിനിറ്റിനുള്ളില്‍ തന്നെ പല്ലവി എത്തി. അങ്ങിനെയാണ് ജീവാംശമായ് ഉണ്ടാകുന്നത്. പിന്നെ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ ചേട്ടന്റെ നാടന്‍ പാട്ടിന്റെ ചന്തമുള്ള വരികളാണ് രണ്ട് പാട്ടിലുള്ളത്. ഒരു ഫണ്ണി സോംഗ് മനു മഞ്ജിത്ത് ആണെഴുതിയത്. അഞ്ചാമതൊരു ഗാനം വിനി വിശ്വലാല്‍ ആണ് കംപോസ് ചെയ്തിട്ടുള്ളത്.

സിനിമയില്‍ പശ്ചാതല സംഗീതം നിര്‍വ്വഹിച്ചതും നല്ല അനുഭവമായിരുന്നു. കോമഡിയുള്ള ഒരുപാട് രംഗങ്ങളുണ്ട്. സംഗീതത്തിന് സ്‌പേസ് കണ്ടെത്തുമ്പോള്‍ സംഭാഷണത്തെ ബാധിക്കരുത്. അത് പോലെ കല്ല് കടിയായി സംഗീതം മാറുകയുമരുത്. കോമഡിക്ക് സംഗീതം ചെയ്യുന്നതും ആദ്യമായിട്ടായിരുന്നു. പക്ഷേ കോമഡി സബ്ജക്റ്റാണെന്ന് കരുതി നീ അങ്ങിനെയൊന്നും ചെയ്യേണ്ട ആവശ്യമുള്ളിടത്ത് സംഗീതം ഉപയോഗിച്ചാല്‍ മതിയെന്ന ഫെലിനിയുടെ നിര്‍ദേശവും ഏറെ സഹായിച്ചു. എനിക്കും അങ്ങിനെ ചെയ്യാനാണ് ഇഷ്ടം. പടത്തിന്റെ ഇടവേളയക്ക് ശേഷം സിനിമ കൂടുതല്‍ സംഗീതാത്മകമാവുകയാണ്.

. ഏതൊക്കെയാണ് പുതിയ പ്രൊജക്ടുകള്‍..?

പുതിയ പ്രൊജക്റ്റുകള്‍ കേള്‍ക്കുന്നുണ്ട്. ഉടനെ എന്തെങ്കിലുമൊക്കെ വരും. ഏതായാലും ജിംഗിളിനോട് വിട പറയില്ല. കാരണം പത്ത് വര്‍ഷം കൊണ്ടുണ്ടാക്കിയതാണ് അത്. പരസ്യ വര്‍ക്കുകളുണ്ടെങ്കില്‍ നല്ല സിനിമ തിരഞ്ഞെടുത്ത് ചെയ്യാന്‍ കഴിയും. നിലനില്‍പ്പിന് വേണ്ടി സിനിമ ചെയ്യേണ്ടി വരില്ല എന്നുണ്ടെങ്കില്‍ നന്നായി ചെയ്യാന്‍ കഴിയും. അതേ സമയം പരസ്യത്തിന് നല്ല വേഗത വേണം. സിനിമയും പരസ്യവും ഒന്നിച്ച് കൊണ്ട് പോകണമെന്നാണ് കരുതുന്നത്. കുറേ പടങ്ങള്‍ ചെയ്തു എന്ന് പറയുന്നതിനേക്കാള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന പാട്ട് ചെയ്യുക എന്നതാണ് ഇഷ്ടം.

. കുടുംബത്തെക്കുറിച്ച് സംസാരിക്കാമൊ…?

തൃശ്ശൂര്‍ ഒല്ലൂക്കര എന്ന സ്ഥലത്താണ് വീട്. നാലഞ്ച് വര്‍ഷമായി എറണാംകുളത്താണ് താമസം. ഭാര്യ അന്നപൂര്‍ണ ഹൈക്കോടതിയില്‍ അഭിഭാഷകയാണ്. അമ്മ ഇലക്ട്രിസിറ്റിയില്‍ എഞ്ചിനീയറായിരുന്നു. അച്ഛന്‍ സൈന്റിസ്റ്റായിരുന്നു. ചേട്ടന്‍ ന്യൂസിലാന്റിലാണ്. സിനിമയും സംഗീതവുമായിട്ട് യാതൊരു ബന്ധവുമുള്ള കുടുംബമല്ല.

 

സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ്‌.