കെ ടി എസ് പടന്നയില്‍ അന്തരിച്ചു

പ്രശസ്ത നാടക, ചലച്ചിത്രതാരം കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കടവന്ത്ര രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. കെടി സുബ്രഹ്മണ്യന്‍ പടന്നയില്‍ എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടിലെ സാമ്പത്തിക പരാധീനതകളെത്തുടര്‍ന്നാണ് പടന്നയില്‍ നാടകവേദികളിലെത്തുന്നത്. പിന്നീട് അഭിനയരംഗത്ത് പ്രശസ്തനായതിനെത്തുടര്‍ന്ന് സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുകയായിരുന്നു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറ കണ്ണംകുളങ്ങരയില്‍ കെടിഎസ് പടന്ന ചെറിയ കട നടത്തിവന്നിരുന്നു. ആദ്യത്തെ കണ്‍മണി, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കുഞ്ഞിരാമായണം, അനിയന്‍ബാവ ചേട്ടന്‍ബാവ, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധികാരി ബൈജു എന്നിവയാണ് പ്രശസ്ത ചിത്രങ്ങള്‍.

1947ല്‍ ഏഴാം ക്ലാസില്‍ വെച്ച് സാമ്പത്തിക പരാധീനതകള്‍ മൂലംപഠനം അവസാനിച്ചു. കുട്ടിക്കാലത്ത് കോല്‍കളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളില്‍ പങ്കെടുത്തിരുന്നു. ചെറുപ്പം മുതല്‍ സ്ഥിരമായി ഒരു നാടകങ്ങള്‍ വീക്ഷിച്ചിരുന്നു. നാടകത്തില്‍ അഭിനയിക്കാന്‍ നിരവിധി പേരെ താല്‍പര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങള്‍ നിഷേധിച്ചു. ആ വാശിയില്‍ നാടകം പഠിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചു. 1956ല്‍ ‘വിവാഹ ദല്ലാള്‍’ എന്നതായിരുന്നു ആദ്യ നാടകം. 1957ല്‍ സ്വയം എഴുതി തൃപ്പൂണിത്തുറയില്‍ ‘കേരളപ്പിറവി’ എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങല്‍ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. നാടകത്തില്‍ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയില്‍ ഒരു മുറുക്കാന്‍ കട തുടങ്ങി. രാജസേനന്റെ അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്.