മകള്‍ നന്ദനയ്ക്ക് പിറന്നാളാശംസയുമായി ചിത്ര

ഏഴു വര്‍ഷം മുന്‍പ് ജീവിതത്തില്‍ നിന്നും വിട പറഞ്ഞുപോയ മകള്‍ നന്ദനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ് ചിത്ര.

‘ സ്വര്‍ഗത്തില്‍നിന്നും വന്ന ഒരു മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി. നീയാണ് ഞങ്ങളുടെ നിധിയും ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ലകാര്യവും. പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാളാശംസകള്‍’.ചിത്ര തന്റെ ഫേസ്ബുക്കില്‍ കുറിച്ച വരികളാണിത്.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002 ലാണ് കെഎസ് ചിത്ര-വിജയശങ്കര്‍ ദമ്പതികള്‍ക്ക് മകള്‍ പിറക്കുന്നത്. സ്‌നേഹിച്ച് കൊതി തീരും മുമ്പ് 2011 ഏപ്രില്‍ 11 ന് ദുബായിലെ വില്ലയിലെ നീന്തല്‍ക്കുളത്തില്‍ വീണ് മരണപ്പെടുകയായിരുന്നു മകള്‍. മകളുടെ മരണത്തെ തുടര്‍ന്ന് സംഗീതരംഗത്തു നിന്നും ഏകദേശം ഒരു വര്‍ഷക്കാലം അകന്നു നിന്ന ചിത്ര, സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധം മൂലം വീണ്ടും സംഗീതരംഗത്തേക്ക് മടങ്ങി വരികയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രയുടെ മകള്‍ നന്ദനയുടെ സ്മരണയ്ക്കായി പരുമല സെന്റ് ഗ്രിഗോറിയസ് രാജ്യാന്തര ക്യാന്‍സര്‍ സെന്ററിന്റെ കീമോ തെറാപ്പി വാര്‍ഡിന് നന്ദനയുടെ പേരു നല്‍കിയിരുന്നു.