സംവിധായകനായ കെ. ജി. ജോര്‍ജിന് ഇന്ന് ജന്‍മദിനം. വ്യത്യസ്തമായ പ്രമേയത്തിലൂടെ ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടി. ഇരകള്‍,യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. 1946ല്‍ തിരുവല്ലയില്‍ ജനിച്ചു. 1968ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നു ബിരുദവും 1971ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റൂട്ടില്‍ നിന്നു സിനിമാസംവിധാനത്തില്‍ ഡിപ്ലോമയും നേടി. രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ചലച്ചിത്ര ജിവിതം ആരംഭിച്ചു. അദ്ദേഹത്തിന്റെ സഹായിയായി മൂന്നു വര്‍ഷത്തോളം ജോലി ചെയ്തു. സമകാലിക രാഷ്ട്രീയ സാമൂഹ്യ പ്രശ്‌നങ്ങളെ അവലംബമാക്കി സിനിമകള്‍ ചെയ്തു. 1970കള്‍ മുതല്‍ ചലച്ചിത്ര സമീപനങ്ങളെ നവീകരിച്ച സംവിധായകരില്‍ ഒരാളായാണ് ജോര്‍ജ് കണക്കാക്കപ്പെടുന്നത്. സ്വപ്നാടനം, പി.ജെ. ആന്റണി എഴുതിയ ഒരു ഗ്രാമത്തിന്റെ ആത്മാവ് എന്ന നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച കോലങ്ങള്‍, യവനിക, ലേഖയുടെ മരണം: ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. പ്രശസ്ത സംഗീതജ്ഞന്‍ പാപ്പുക്കുട്ടി ഭാഗവതരുടെ മകള്‍ സല്‍മയാണ് ഭാര്യ. കെ.ജി ജോര്‍ജിന് പിറന്നാള്‍ ആശംസക അറിയിച്ച് സംവിധായകന്‍ എം പ്ത്കുമാര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് താഴെ വായിക്കാം.
മലയാള സിനിമയുടെ ചരിത്രം ഏതാനും റീലുകളാക്കി തിരിച്ചാല്‍ അതിലെ ഏറ്റവും നിറപ്പകിട്ടും ആശയ സമ്പുഷ്ടവുമായ ഭാഗം തുടങ്ങുന്നത് ഒരുപക്ഷെ 1976 മാര്‍ച്ച് 12എന്ന ദിവസത്തിലായിരിക്കും. കാരണം. അന്നാണ് സ്വപ്നാടനം എന്ന സിനിമയുടെ റിലീസും കെ.ജി.ജോര്‍ജ് എന്ന സംവിധായകന്റെ അരങ്ങേറ്റവും ഉണ്ടാവുന്നത്.. കലാമൂല്യമുള്ള സിനിമകള്‍, കച്ചവട സിനിമകള്‍ എന്നിങ്ങനെ മലയാള ചലചിത്രങ്ങള്‍ രണ്ടു വ്യത്യസ്ത ശാഖകളിലായി വേര്‍പിരിഞ്ഞു വളര്‍ന്നിരുന്ന ആ കാലഘട്ടത്തില്‍ കലാമൂല്യത്തോടൊപ്പം ജനകീയവുമാവണം സിനിമ എന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചു കൊണ്ടാണ് കെ.ജി.ജോര്‍ജ് എന്ന സംവിധായകന്‍ മലയാള സിനിമയില്‍ അവതരിക്കുന്നത്. ഏതൊരു പ്രേക്ഷകന്റെയും അന്തരാത്മാവില്‍ ഉറങ്ങിക്കിടപ്പുള്ള അഭിരുചികളെ തിരിച്ചറിയാനും അതിനെ പുതിയ മേച്ചില്‍ പുറങ്ങളിലേക്ക് ഒരു സ്വപ്ന ലോകത്തെന്ന പോലെ നയിക്കാനും കെ.ജി.ജോര്‍ജിനോളം കഴിഞ്ഞ മറ്റൊരു മലയാള സംവിധായനെ ചൂണ്ടിക്കാണിക്കുക അസാധ്യം. ഉള്‍ക്കടല്‍ (1978), മേള (1980), കോലങ്ങള്‍ (1981), യവനിക (1982), ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ആദാമിന്റെ വാരിയെല്ല് (1983), പഞ്ചവടിപ്പാലം (1984), ഇരകള്‍ (1985), ഈ കണ്ണി കൂടി (1990). ഇങ്ങനെ ആസ്വാദക ഹൃദയങ്ങളില്‍ നിന്നും ഒരിക്കലും വിഘടിച്ചു പോകാനാവാത്ത , അവരുടെ ആസ്വാദന രീതികളെ തന്നെ മാറ്റി മറിച്ച എത്ര സിനിമകള്‍…! വൈവിധ്യമായ വിഷയങ്ങളിലൂടെ , വ്യതിരിക്തമായ അവതരണങ്ങളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ, അന്താരാഷ്ട ചലച്ചിത്രങ്ങള്‍ക്കൊപ്പം മലയാള സിനിമയെ തലയെടുപ്പോടെ മുന്‍നിര്‍ത്തിയ ആ ചലച്ചിത്ര പ്രതിഭക്ക് ജന്മദിനാശംസകള്‍ നേരുന്നു. മുന്‍പേ നടന്നു കാണിച്ച വഴിത്താരകള്‍ക്ക് ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ സവിനയം നന്ദി പറയുന്നു.